സംസ്ഥാനത്തെ പ്രധാനറോഡുകളിലെ അപകടകേന്ദ്രങ്ങള്‍ തിരിച്ചറിയാന്‍ ഓണ്‍ലൈന്‍ മാപ്പുമായി മോട്ടോര്‍ വാഹനവകുപ്പ്

സംസ്ഥാനത്തെ പ്രധാനറോഡുകളിലെ സ്ഥിരം അപകടകേന്ദ്രങ്ങള്‍ എവിടെയെല്ലാമെന്ന് തിരിച്ചറിയാന്‍ സഹായിക്കുന്ന ഓണ്‍ലൈന്‍ മാപ്പുമായി മോട്ടോര്‍ വാഹനവകുപ്പ്. ഗൂഗിള്‍ മാപ്പ് വഴിയാണ് സംസ്ഥാനത്തെ 3,117 അപകടകേന്ദ്രങ്ങളെ തിരിച്ചറിയാനാവുക. അപകടകേന്ദ്രങ്ങളെക്കുറിച്ച് വകുപ്പ് നടത്തിയ പഠനത്തിന്റെ ഭാഗമായാണ് മാപ്പും ഒരുക്കുന്നത്.

അപകടങ്ങളുടെ തോതനുസരിച്ച് ചുവപ്പ്, മഞ്ഞ, ഓറഞ്ച് എറത്തിലുള്ള മൂന്ന് ക്ലസ്റ്ററുകളാക്കിയാണ് സ്ഥലങ്ങളെ അടയാളപ്പെടുത്തി അപകടകേന്ദ്രങ്ങളെ തരംതിരിച്ചിട്ടുള്ളത്.ഏറ്റവും അപകടങ്ങള്‍ കൂടിയയിടം (ഹൈ റിസ്‌ക്ക്), മാസത്തില്‍ പത്തില്‍ കുറയാതെ അപകടങ്ങള്‍ നടക്കുന്നയിടം (മോഡറേറ്റ് റിസ്‌ക്ക്), അഞ്ച് അപകടങ്ങള്‍വരെ നടക്കുന്ന (ലോ റിസ്‌ക്ക്) എന്നീ കേന്ദ്രങ്ങളാണ് മാപ്പില്‍ അടയാളപ്പെടുത്തിയിട്ടുള്ളത്. ദേശീയ-സംസ്ഥാന പാതകള്‍, പ്രധാന ജില്ലാറോഡുകള്‍, മറ്റ് റോഡുകള്‍ എന്നിവയിലെ അപകടങ്ങളും മാപ്പിലുണ്ട്.

10,734 പേര്‍ മരിച്ച, 1.01 ലക്ഷം അപകടങ്ങള്‍ പഠിച്ചശേഷമാണ് അപകടകേന്ദ്രങ്ങള്‍ അടയാളപ്പെടുത്തിയിട്ടുള്ളത്. ആദ്യം പാലക്കാട് ജില്ലയിലെ അപകടകേന്ദ്രങ്ങളെ ഇത്തരത്തില്‍ ഗൂഗിള്‍ മാപ്പില്‍ ഉള്‍പ്പെടുത്തി അവതരിപ്പിച്ചിരുന്നു. ഇത് പൊതുജനങ്ങള്‍ക്ക് ഉപയോഗിക്കുന്നതിനായി പുറത്തുവിടുകയുംചെയ്തിരുന്നു. ഇതിന് തുടര്‍ച്ചയായാണ് സംസ്ഥാനത്തെ എല്ലാ അപകടകേന്ദ്രങ്ങളെയും മാപ്പില്‍ ഉള്‍പ്പെടുത്തിയത്.

Comments

COMMENTS

error: Content is protected !!