കേരള സര്‍വ്വകലാശാലയിലെ വിസി നിയമനത്തിനുള്ള സെര്‍ച്ച് കമ്മറ്റിയിലേക്ക് അംഗത്തെ നോമിനേറ്റ് ചെയ്യാത്ത നടപടിയെ വിമര്‍ശിച്ച് ഹൈക്കോടതി

കേരള സര്‍വ്വകലാശാലയിലെ വിസി നിയമനത്തിനുള്ള സെര്‍ച്ച് കമ്മറ്റിയിലേക്ക് അംഗത്തെ നോമിനേറ്റ് ചെയ്യാത്ത സെനറ്റിന്‍റെ നടപടിയെ കടുത്ത ഭാഷയില്‍ വിമര്‍ശിച്ച് ഹൈക്കോടതി. സെനറ്റ് ഒരു നോമിനിയെ നിർദ്ദേശിക്കുകയാണ് വേണ്ടത്. എന്തിനാണ് വെറുതെ വിവാദങ്ങൾ ഉണ്ടാക്കുന്നത്. ഈ നാടകത്തിന് പിന്നിലുള്ള വ്യക്തികളെക്കുറിച്ച് അല്ല വിദ്യാർത്ഥികളെ കുറിച്ചാണ് കോടതിയുടെ ആശങ്ക.

സെർച്ച് കമ്മിറ്റി അംഗത്തെ നോമിനേറ്റ് ചെയ്യാൻ കൂടുതൽ സമയമെടുക്കുമെന്ന് യൂണിവേഴ്സിറ്റി വ്യക്തമാക്കി. എന്നാല്‍ കോടതിയോട് ഒളിച്ചു കളിക്കരുതെന്ന് യൂണിവേഴ്സിറ്റിയോട് ജഡ്ജി പരമാര്‍ശിച്ചു. വിസി ഇല്ലാതെ എങ്ങനെ ഒരു സ്ഥാപനം പ്രവർത്തിക്കും  എന്ന് കോടതി ചോദിച്ചു നവംബർ 4 ന് ചേരുന്ന സെനറ്റ് യോഗത്തിൽ സെർച് കമ്മിറ്റി അംഗത്തെ നിർദ്ദേശിക്കാൻ അജണ്ട ഉണ്ടോ എന്ന് അറിയിക്കണം. നാളെ ഇക്കാര്യത്തിൽ വിശദീകരണം നൽകണം.ഹർജി നാളെ ഉച്ചയ്ക്ക് 1.45 ന് പരിഗണിക്കും.

ഭരണഘടന അനുശാസിക്കുന്ന ഗവര്‍ണറുടെ പ്രീതി വ്യക്തിപരമല്ലെന്ന് ഹൈക്കോടതി. നിയമപരമായ പ്രീതിയെക്കുറിച്ചാണ് ഭരണഘടന പറയുന്നത്. ആരെങ്കിലും നിയമവിരുദ്ധമായി പ്രവര്‍ത്തിച്ചോ എന്നാണ് ഗവര്‍ണര്‍ നോക്കേണ്ടതെന്നും, കേരള സര്‍വകലാശാലാ സെനറ്റ് കേസിന്റെ വാദത്തിനിടെ ഹൈക്കോടതി പറഞ്ഞു. നിയമവിരുദ്ധമായി പ്രവര്‍ത്തിക്കുമ്പോള്‍ മാത്രമാണ് ഗവര്‍ണറുടെ അപ്രീതിയുണ്ടാവുന്നത്. ചീത്ത വിളിച്ചാല്‍ പ്രീതി നഷ്ടപ്പെടില്ല. ബോധപൂര്‍വമായ നിയമ ലംഘനം നടക്കുന്നുണ്ടോയെന്നാണ് ഗവര്‍ണര്‍ നോക്കേണ്ടതെന്നും കോടതി പറഞ്ഞു.

വിസിയെ നിര്‍ദേശിക്കുന്നതിനുള്ള സെര്‍ച്ച് കമ്മിറ്റിയിലേക്കു പ്രതിനിധിയെ നിശ്ചയിക്കാത്ത സെനറ്റിന്റെ നടപടിയെ കോടതി വിമര്‍ശിച്ചു. വിസി ഇല്ലാതെ സര്‍വകലാശാല എങ്ങനെ പ്രവര്‍ത്തിക്കുമെന്ന് കോടതി ചോദിച്ചു. പ്രതിനിധിയെ നിശ്ചയിക്കുന്നതിന് താമസം എന്താണ്? അടുത്ത സെനറ്റ് യോഗത്തില്‍ പ്രതിനിധിയെ തീരുമാനിക്കുമോയെന്ന് അറിയിക്കാന്‍ കോടതി നിര്‍ദേശിച്ചു.

Comments

COMMENTS

error: Content is protected !!