കേരള സാഹിത്യ അക്കാദമി പുരസ്കാരങ്ങൾ പ്രഖ്യാപിച്ചു
കേരള സാഹിത്യ അക്കാദമി പുരസ്‌കാരങ്ങള്‍ പ്രഖ്യാപിച്ചു. മികച്ച നോവലായി പി എഫ് മാത്യൂസിന്റെ അടിയാള പ്രേതം തെരഞ്ഞെടുത്തു. കഥാ വിഭാഗത്തില്‍ ഉണ്ണി ആറിനാണ് പുരസ്‌കാരം. കഥ – വാങ്ക്. മികച്ച കവിതയ്ക്കുള്ള പുരസ്‌കാരം താജ്‌മഹലിന്(ഒ പി . സുരേഷ്) ലഭിച്ചു. ബാല സാഹിത്യം – പ്രിയ എ.എസ് – പെരുമഴത്തെ കുഞ്ഞിതളുകൾ
മറ്റ് പുരസ്‌കാരങ്ങള്‍
ശ്രീജിത്ത് പൊയില്‍ക്കാവ് (നാടകം-ദ്വയം), ഡോ പി സോമന്‍ (സാഹിത്യ വിമര്‍ശനം- വൈലോപ്പിള്ളിക്കവിത ഒരു ഇടതുപക്ഷ വായന), ഡോ ടി കെ ആനന്ദി (വൈജ്ഞാനിക സാഹിത്യം- മാര്‍ക്‌സിസവും ഫെമിനസവും ചരിത്രപരമായ വിശകലനം), കെ രഘുനാഥന്‍ (ജീവചരിത്രം/ആത്മകഥ-മുക്തകണ്ഠം വി കെ എന്‍), വിധു വിന്‍സെന്റ് (യാത്രാവിവരണം- ദൈവം ഒളിവില്‍ പോയ നാളുകള്‍), അനിത തമ്പി (വിവര്‍ത്തനം-റാമല്ല ഞാന്‍ കണ്ടു), സംഗീത ശ്രീനിവാസന്‍ (വിവര്‍ത്തനം- ഉപേക്ഷിക്കപ്പെട്ട ദിവസങ്ങള്‍), ഇന്നസെന്റ് (ഹാസസാഹിത്യം-ഇരിങ്ങാലക്കുടയ്ക്കു ചുറ്റും) എന്നിവര്‍ക്കാണു മറ്റു പുരസ്‌കാരങ്ങള്‍. ഇരുപത്തി അയ്യായിരം രൂപയും സാക്ഷ്യപത്രവും ഫലകവുമാണു പുരസ്‌കാരം.
സേതു , പെരുമ്പടവം ശ്രീധരന്‍ എന്നിവര്‍ക്ക് വിശിഷ്ടാംഗത്വം ലഭിച്ചു. അമ്പതിനായിരം രൂപയും രണ്ടുപവന്റെ സ്വര്‍ണപ്പതക്കവും പ്രശസ്തി പത്രവും ഫലകവുമാണ് പുരസ്‌കാരം.
കെകെ കൊച്ച്, മാമ്പുഴ കുമാരന്‍, കെആര്‍ മല്ലിക, സിദ്ധാര്‍ഥന്‍ പരുത്തിക്കാട്, ചവറ കെഎസ് പിള്ള, എംഎ റഹ്മാന്‍ എന്നിവര്‍ക്കാണ് സമഗ്രസംഭാവനയ്ക്കുള്ള പുരസ്‌കാരം.
അക്കാദമിയുടെ എന്‍ഡോവ്‌മെന്റ് പുരസ്‌കാര ജേതാക്കളെയും പ്രഖ്യാപിച്ചു. ഐ സി ചാക്കോ അവാര്‍ഡിനു പ്രൊഫ. പി നാരായണ മേനോന്‍ (വ്യാകരണ പാഠങ്ങള്‍), സി ബി കുമാര്‍ അവാര്‍ഡിനു പ്രൊഫ ജെ പ്രഭാഷ് (വരകളെയും വാക്കുകളെയും ഭയക്കുമ്പോള്‍), ടി ടി ശ്രീകുമാര്‍ (വായനയും പ്രതിരോധവും) എന്നിവര്‍ അര്‍ഹരായി.
കെ ആര്‍ നമ്പൂതിരി അവാര്‍ഡിനു ഡോ വി ശിശുപാലപ്പണിക്കര്‍ (വേദാന്തദര്‍ശനത്തിനു കേരളത്തിന്റെ സംഭാവന), കനകശ്രീ അവാര്‍ഡിനു ചിത്തിര കുസുമന്‍ (പ്രഭോ പരാജിത നിലയില്‍…), ഗീതാ ഹിരണ്യന്‍ അവാര്‍ഡിനു കെ എന്‍ പ്രശാന്ത് (ആരാന്‍) എന്നിവര്‍ അര്‍ഹരായി.
ജി എന്‍ പിള്ള അവാര്‍ഡിനു കേശവന്‍ വെളുത്താട്ട് (മാര്‍ഗിയും ദേശിയും ചില സാംസ്‌കാരിക ചിന്തകള്‍), വി വിജയകുമാര്‍ (ശാസത്രവും തത്വചിന്തയും) എന്നിവരും കുറ്റിപ്പുഴ അവാര്‍ഡിനു എം വി നാരായണനും (ഓര്‍മയുടെ ഉത്ഭവം സംസ്‌കാര/അവതരണ പഠനങ്ങള്‍) അര്‍ഹരായി. ഗീതു എസ് എസാണ് തുഞ്ചന്‍സ്മാരക പ്രബന്ധ മത്സര ജേതാവ്.