കേരള സാഹിത്യ അക്കാദമി പ്രസിദ്ധീകരിച്ച പുസ്തകങ്ങളിലെ സർക്കാർ പരസ്യം പിൻവലിക്കുക. കൾച്ചറൽഫോറം
കോഴിക്കോട്: കേരള സാഹിത്യ അക്കാദമി പ്രസിദ്ധീകരിച്ച പുസ്തകങ്ങളിൽ പിണറായി സർക്കാറിന്റെ രണ്ടാം വാർഷികത്തിന്റെ പരസ്യവാചകം അച്ചടിച്ച നടപടി, അക്കാദമികൾ അവയുടെ പരിമിതമായ അക്കാദമിക സ്വാതന്ത്ര്യം പോലും പണയം വെച്ച്, ഭരണക്കാരുടെ പാട്ടെഴുത്തുകാരായി അധ:പ്പതിക്കുന്നതിന്റെ നേർ സാക്ഷ്യമാണെന്ന് കൾച്ചറൽ ഫോറം. അക്കാദമിയുടെ പുസ്തങ്ങളുടെ പുറംചട്ടയിൽ സർക്കാർ പരസ്യം അച്ചടിച്ച നടപടി അങ്ങേയറ്റം അപലപനീയമാണെന്നും കൾച്ചറൽ ഫോറം ഒരു പത്രകുറിപ്പിൽ അറിയിച്ചു.
സച്ചിദാനന്ദനെപ്പോലെ കാവ്യപ്രപഞ്ചത്തിന്റെ നാനാമേഖലകളിലും വ്യുൽപ്പത്തിയുള്ള ഒരാൾക്കുപോലും ഇതിലെ അസാംഗത്യം തിരിച്ചറിയാൻ കഴിയുന്നില്ല എന്നത് അങ്ങേയറ്റം വേദനാ ജനകമാണ്. നമ്മുടെ സാംസ്കാരിക സമൂഹം ഭരണകൂടങ്ങളുടെ ഇച്ഛകൾക്കു മുമ്പിൽ എത്ര നിർലജ്ജമായാണ് കീഴടങ്ങിക്കൊണ്ടിരിക്കുന്നത് എന്നതിന്റെ ദൃഷ്ടാന്തമാണിത്.
പലരും ചൂണ്ടിക്കാണിച്ചപോലെ ഇതിനു സമാനതയുള്ളത് കോവിഡ് സർട്ടിഫിക്കറ്റിൽ പ്രധാനമന്ത്രിയുടെ ഫോട്ടോ അച്ചടിച്ചു വിറ്റ നാണം കെട്ട നടപടിയോട് മാത്രമാണ്.
നമ്മുടെ ഉന്നത വിദ്യാഭ്യാസ രംഗത്ത് നടമാടുന്ന അഴിമതിയും സ്വജനപക്ഷപാതിത്വവും ഒക്കെ സാംസ്കാരിക സ്ഥാപനങ്ങളിലേക്കും വ്യാപിക്കുന്നതിന്റെ പ്രകടമായ സൂചനയാണിത്. കൾച്ചറൽ ഫോറം പത്രക്കുറിപ്പിൽ അറിയിച്ചു.