എച്ച് 1 എൻ 1 ഗര്‍ഭിണികള്‍ ഉള്‍പ്പടെ 67 പേര്‍ കൂടി നിരീക്ഷണത്തില്‍

മുക്കം: എച്ച് 1 എൻ 1 പനി സ്ഥിരീകരിച്ച കാരശ്ശേരി ഗ്രാമപ്പഞ്ചായത്തിൽ നാലു ഗർഭിണികൾ ഉൾപ്പെടെ 67 പേർക്ക് കൂടി പനി പിടിപെട്ടതായി കണ്ടെത്തി. ആരോഗ്യ വകുപ്പിന്റെ നേതൃത്വത്തിൽ പഞ്ചായത്തിന്റെ വിവിധ ഭാഗങ്ങളിൽ വ്യാഴാഴ്ച നടത്തിയ മെഡിക്കൽ ക്യാമ്പിലാണ് ഇത്രയേറെ പേർക്ക് പനി പിടിപെട്ടതായി കണ്ടെത്തിയത്. ഇതോടെ, പനി ബാധിച്ച് നിരീക്ഷണത്തിൽ കഴിയുന്നവരുടെ എണ്ണം 273 ആയി.

 

ഇതിൽ ഗർഭിണികൾ ഉൾപ്പെടെ 50 പേർക്ക് സാധാരണ നിലയിൽ ഉള്ളതിനെക്കാൾ പനി കൂടിയ പശ്ചാത്തലത്തിൽ ആരോഗ്യവകുപ്പ് പ്രതിരോധ മരുന്നുകൾ നൽകി. ആനയാംകുന്ന് സ്കൂളിലെ ക്യാമ്പിൽ പരിശോധനയ്ക്കെത്തിയ വിദ്യാർഥിയെ മുക്കം സി.എച്ച്.സിയിൽ പ്രവേശിപ്പിച്ചു.

 

പനി പടരുന്ന സാഹചര്യത്തിൽ ആരോഗ്യ വകുപ്പ് പ്രതിരോധ നടപടികൾ ഊർജിതമാക്കി. കളക്ടർ സാംബവശിവ റാവുവും ജില്ലാ മെഡിക്കൽ ഓഫീസർ ജയശ്രീയും ആനയാംകുന്ന് സ്കൂളും പഞ്ചായത്തിന്റെ വിവിധ ഭാഗങ്ങളിൽ നടന്ന ക്യാമ്പുകളും സന്ദർശിച്ച് സ്ഥിതിഗതികൾ വിലയിരുത്തി. തുടർന്ന് ജില്ലാ മെഡിക്കൽ ഓഫീസറുടെ നേതൃത്വത്തിൽ ആനയാംകുന്ന് സ്കൂളിൽ അവലോകന യോഗം ചേർന്നു. ആശങ്കപ്പെടേണ്ട സാഹചര്യമില്ലെന്നും ആളുകൾ ഒത്തുകൂടുന്നതും പൊതുപരിപാടികളും പരമാവധി ഒഴിവാക്കണമെന്നും മെഡിക്കൽ ഓഫീസർ അറിയിച്ചു. ആളുകൾ ഒത്തുകൂടുന്ന സാഹചര്യം ഒഴിവാക്കുന്നതിന്റെ ഭാഗമായി മെഡിക്കൽ ക്യാമ്പുകൾ നിർത്തിവെച്ചു. മുക്കം സി.എച്ച്.സിയിലും കാരശ്ശേരി പഞ്ചായത്തിലെ തേക്കുംകുറ്റി പി.എച്ച്.സിയിലും പ്രത്യേക ചികിത്സാകേന്ദ്രങ്ങൾ ആരംഭിച്ചു. മുക്കം സി.എച്ച്.സിയിൽ 24 മണിക്കൂറും പ്രവർത്തിക്കുന്ന ഹെൽപ്പ് ഡെസ്കും ആരംഭിച്ചിട്ടുണ്ട്. (0495-2297260).
Comments

COMMENTS

error: Content is protected !!