കേളപ്പജി ഉപ്പുസത്യാഗ്രഹ സ്‌മൃതിയാത്രയ്ക്ക് കൊയിലാണ്ടിയിൽ ഏപ്രിൽ 14 ന് സ്വീകരണം നൽകും; യു കെ കുമാരൻ ഉദ്ഘാടനം ചെയ്യും
കൊയിലാണ്ടി: സ്വാതന്ത്ര്യത്തിന്റെ എഴുപത്തിയഞ്ചാം വർഷം ആഘോഷിക്കുന്നതിന്റെ ഭാഗമായി അമൃത മഹോത്സവ സംഘാടക സമിതി ഉപ്പുസത്യാഗ്രഹ സ്മൃതി യാത്ര നടത്തുന്നു. സ്വാതന്ത്ര്യസമരത്തിൽ ഏറെ ശ്രദ്ധിക്കപ്പെട്ട സമരരീതിയായിരുന്നു നിയമലംഘന സമരം. ഗാന്ധിജിയുടെ നേതൃത്വത്തിൽ നടന്ന ഉപ്പു കുറുക്കൽ സമരത്തിന് പിന്തുണയേകാൻ കേരളത്തിൽ കെ കേളപ്പന്റെ നേതൃത്വത്തിൽ നടന്ന ഉപ്പുസത്യാഗ്രഹ യാത്രയുടെ ഓർമ്മയ്ക്കായിട്ടാണ് കോഴിക്കോട് മുതൽ പയ്യന്നൂർ വരെ ഉപ്പുസത്യാഗ്രഹ സ്മൃതി യാത്ര നടത്തുന്നത്.
ഏപ്രിൽ മാസം പത്താം തീയതി മുതൽ ഇരുപത്തിമൂന്നാം തീയതി വരെ ദേശീയപ്പതാകയുമേന്തിയുള്ള ഈ യാത്ര കോഴിക്കോട് വെച്ച് പത്താം തീയതി ബഹുമാനപ്പെട്ട ഗവർണർ ശ്രീ ആരിഫ് മുഹമ്മദ് ഖാൻ ഉദ്ഘാടനം ചെയ്തു.
പുതുതലമുറയ്ക്ക് കേരള ഗാന്ധി കേളപ്പജിയെപ്പോലുള്ള ധീരന്മാരെ പരിചയപ്പെടുത്തുന്നതിനോടൊപ്പം സ്വാതന്ത്ര്യസമര ചരിത്രത്തേക്കുറിച്ച് അവബോധം സൃഷ്ടിക്കുന്നതിനും ദേശസ്നേഹം വളർത്തുന്നതിനും ഉപകാരപ്പെടുന്നതിനാണ് ഈ പരിപാടി സംഘടിപ്പിച്ചിട്ടുള്ളത്. ഏപ്രിൽ മാസം പതിനാലാം തീയതി കാട്ടിലെപീടിക, തിരുവങ്ങൂർ, പൂക്കാട്, പൊയിൽക്കാവ്, ചെങ്ങോട്ട്കാവ്, അരങ്ങാടത്ത് എന്നിവിടങ്ങളിലെ സ്വീകരണങ്ങൾക്ക് ശേഷം സ്മൃതിയാത്ര കൊയിലാണ്ടിയിൽ സമാപിക്കും . വൈകുന്നേരം അഞ്ചുമണിക്ക് പുതിയ ബസ്സ്റ്റാൻഡ് പരിസരത്ത് നടക്കുന്ന പൊതുസമ്മേളനം പ്രശസ്ത സാഹിത്യകാരൻ യു കെ കുമാരൻ ഉദ്ഘാടനം ചെയ്യും. നോവലിസ്റ്റ് പ്രശാന്ത് ബാബു കൈതപ്രം മുഖ്യപ്രഭാഷണം നടത്തും.
ഏപ്രിൽ പതിനഞ്ചിന് കാലത്ത് ഒമ്പതു മണിക്ക് കൊയിലാണ്ടിയിൽ നിന്ന് ആരംഭിക്കുന്ന യാത്രയ്ക്ക് കൊല്ലം, പാലക്കുളം എന്നിവിടങ്ങളിലെ സ്വീകരണത്തിന് ശേഷം കേളപ്പജിയുടെ ഒതയോത്ത് വീട്ടിലെത്തും. അവിടെ പന്തിഭോജനത്തെ അനുസ്മരിക്കുന്ന തരത്തിൽ വിഷുസദ്യ ഒരുക്കും. ഒതയോത്ത് വീട്ടിൽ നടക്കുന്ന സാംസ്കാരിക സമ്മേളനം സിനിമാ നടൻ ദേവൻ ഉദ്ഘാടനം ചെയ്യും. സാംസ്കാരിക സമ്മേളനത്തിലും വിഷുസദ്യയിലും രാഷ്ട്രീയ,സാമുദായിക, സാംസാകാരിക രംഗത്തെ പ്രമുഖർ പങ്കെടുക്കും. മുചുകുന്ന് പുത്തൻപുര,കൃഷ്ണഗിരി എന്നിവിടങ്ങളിലെ സ്വീകരണത്തിന് ശേഷം കേളപ്പജിയുടെ തറവാടായ കൊയപ്പിള്ളിയിൽ എത്തിച്ചേരും. ഹരിജനോദ്ധാരണത്തിന്റെ ഭാഗമായി ഗാന്ധിജി സന്ദർശിച്ച പാക്കനാർപുരത്ത് അന്നത്തെ സ്മൃതിയാത്ര സമാപിക്കും. പതിനാറിന് കാലത്ത് പയ്യോളിയിൽ നിന്നും യാത്ര ആരംഭിക്കും.