എച്ച്‌ഐവി ബാധക്ക്‌ സാധ്യത ഓൺലൈൻ മയക്കുമരുന്ന്‌ വിൽപ്പന

കോഴിക്കോട്‌:  മയക്കുമരുന്ന്‌ ഉപയോഗത്തിനായി ഓൺലൈനുകളെ ആശ്രയിക്കുന്നവരുടെ എണ്ണം കൂടുന്നതായി കണ്ടെത്തൽ. മയക്കുമരുന്ന്‌ കുത്തിവെക്കാൻ ഇത്തരത്തിൽ സുരക്ഷിതമല്ലാത്ത സിറിഞ്ചുകൾ ഉപയോഗിക്കുന്നത്‌ എച്ച്‌ഐവി ബാധയ്‌ക്കും കാരണമാകുന്നുണ്ടെന്ന് ആരോഗ്യമേഖലയിൽ പ്രവർത്തിക്കുന്നവർ പറയുന്നു. അർബുദ രോഗത്തിനുള്ള മരുന്നുകളും വേദന സംഹാരികളും മാനസിക രോഗങ്ങൾക്കുള്ള മരുന്നുകളുമെല്ലാമാണ്‌ പ്രധാനമായും ഓൺലൈൻ മുഖേന സംഘടിപ്പിക്കുന്നത്‌. പൊലീസ്‌, എക്‌സൈസ്‌  പരിശോധനയിൽ രക്ഷപ്പെടാനാണ്‌ ഓൺലൈൻ വഴി മയക്കുമരുന്നുകൾ വാങ്ങുന്നത്‌.
മയക്കുമരുന്ന്‌ കുത്തിവെക്കുന്നവർ ഭൂരിഭാഗവും ഒരേ സിറിഞ്ചാണ്‌ ഉപയോഗിക്കുന്നത്‌. ഇത്‌ എയ്‌ഡ്‌സ്‌  പകരാനുള്ള സാധ്യത ഇരട്ടിയാക്കുന്നുണ്ടെന്ന്‌ ആരോഗ്യ പ്രവർത്തകർ പറയുന്നു. മയക്കുമരുന്ന്‌ കുത്തിവെക്കുന്നവരെ കണ്ടെത്തി ചികിത്സിക്കാനായി സംസ്ഥാന എയ്‌ഡ്‌സ്‌ കൺട്രോൾ സൊസൈറ്റിയുടെ കീഴിൽ സർക്കാർ സംവിധാനമൊരുക്കിയിട്ടുണ്ട്‌. എൻജിഒ സംഘടനകളുടെ നേതൃത്വത്തിലാണ്‌ ഈ പ്രവർത്തനം മുന്നോട്ടുപോകുന്നത്‌. ജില്ലയിലെ ഗ്രാമീണ മേഖലയിൽ മാത്രം 425 പേർ ഇത്തരത്തിൽ മയക്കുമരുന്ന്‌ ഉപയോഗിക്കുന്നതായാണ്‌ കണക്ക്‌. 2008ൽ മയക്കുമരുന്ന്‌ കുത്തിവെക്കുന്നവരുടെ എണ്ണം 1,125 ആയിരുന്നു. ഇവരെ കണ്ടെത്തി  പ്രതിരോധ ചികിത്സയൊരുക്കാൻ സാധിച്ചത്‌ ഗുണകരമായെന്നാണ്‌ ഈ മേഖലയിൽ പ്രവർത്തിക്കുന്നവരുടെ അഭിപ്രായം.
ഗ്രാമ പ്രദേശങ്ങളിലെ മയക്കുമരുന്ന്‌ ഉപയോഗിക്കുന്നവരെ കണ്ടെത്തുകയാണ്‌ പ്രവർത്തകരുടെ പ്രധാന ജോലി. ഇവരുമായി അടുപ്പം സ്ഥാപിച്ച ശേഷം കുത്തിവെപ്പിനുള്ള സിറിഞ്ചുകൾ സർക്കാർ വിതരണം ചെയ്യും. മറ്റുള്ളവർക്ക്‌ സിറിഞ്ച്‌ കൈമാറുന്നത്‌ ഒഴിവാക്കാനും അതുവഴി എയ്‌ഡ്‌സ്‌ രോഗികളാകുന്നത്‌ തടയാനുമാണിത്‌. തുടർന്ന്‌ ഇവരെ ഒഎസ്‌പി തെറാപ്പിക്ക്‌ വിധേയരാക്കും. ഇതിലൂടെ മയക്കുമരുന്ന്‌ ഉപയോഗവും കുറച്ചുകൊണ്ടുവരാൻ കഴിയുന്നുണ്ട്‌. ഇവരെ ഓരോ മൂന്ന്‌ മാസത്തിലും ആരോഗ്യ പരിശോധനയ്‌ക്കും വർഷത്തിൽ രണ്ടുതവണ എച്ച്‌ഐവി ടെസ്‌റ്റിനും വിധേയരാക്കുന്നുണ്ട്‌.
സിറിഞ്ച്‌ വിതരണം ഇടക്കാലത്ത്‌ അവസാനിപ്പിച്ചിരുന്നു. ഇത്‌ എച്ച്‌ഐവി പ്രതിരോധത്തിന്‌ തടസമാകുമെന്ന്‌ കണ്ടാണ്‌ പിന്നീട്‌ പുനരാരംഭിച്ചത്‌.
കുത്തിവെപ്പ്‌ നടത്തുന്നവർക്കിടയിൽ 2008ൽ മൂന്നുപേർ എച്ച്‌ഐവി പോസിറ്റീവായിരുന്നു. ഈ മൂന്നുപേരും പിന്നീട്‌ മരണപ്പെട്ടു. നിലവിൽ ആർക്കും എയ്‌ഡ്‌സ്‌ രോഗമില്ല. എന്നാൽ, സിറിഞ്ച്‌ കൈമാറ്റത്തിലൂടെ ഹെപ്പറ്റൈറ്റിസ്‌–-സി രോഗബാധിതരായവരുണ്ട്‌. 25നും 40നും ഇടയിലുള്ളവരാണ്‌ കൂടുതലായും മയക്കുമരുന്ന്‌ കുത്തിവെപ്പ്‌ നടത്തുന്നതെന്നാണ്‌ ആരോഗ്യവകുപ്പിന്റെ കണ്ടെത്തൽ. അതേസമയം, മയക്കുമരുന്ന്‌ കുത്തിവെക്കുന്ന 15നും 17നും ഇടയിൽ പ്രായമുള്ള വിദ്യാർഥികളുടെ എണ്ണം വർധിക്കുന്നതായും ആരോഗ്യ പ്രവർത്തകർ പറയുന്നു.
Comments

COMMENTS

error: Content is protected !!