കേസരി വാരിക ആസ്‌ഥാന മന്ദിരം ഉദ്‌ഘാടനം ഇന്ന്
കോഴിക്കോട്: ആര്‍എസ്‌എസ് സര്‍സംഘചാലക് ഡോ. മോഹന്‍ ഭാഗവത് കോഴിക്കോട്ടെത്തി. കേസരി വാരികയുടെ ആസ്‌ഥാന മന്ദിരത്തിന്റെയും മാധ്യമ പഠനഗവേഷണകേന്ദ്രത്തിന്റേയും ഉദ്‌ഘാടനം നിര്‍വ്വഹിക്കാനാണ് കോഴിക്കോട്ടെത്തിയത്. വെകിട്ട് നടന്ന കേസരി ജീവനക്കാരുടെയും ഹിന്ദുസ്‌ഥാന്‍ പ്രകാശന്‍ ട്രസ്‌റ്റ് അംഗങ്ങളുടെയും യോഗത്തില്‍ ഡോ. മോഹന്‍ ഭാഗവത് പങ്കെടുത്തു. ആര്‍.എസ.്‌എസ് അഖിലഭാരതീയ കാര്യകാരി പ്രത്യേക ക്ഷണിതാവ് എസ്. സേതുമാധവന്‍, ക്ഷേത്രീയ കാര്യവാഹ് എസ്. രാജേന്ദ്രന്‍, ആര്‍എസ്‌എസ് ക്ഷേത്രീയ കുടുംബ പ്രബോധന്‍ പ്രമുഖ് ജി. സ്‌ഥാണുമാലയന്‍, പ്രാന്തകാര്യവാഹ് പി. ഗോപാലന്‍കുട്ടി മാസ്‌റ്റര്‍, തുടങ്ങിയവര്‍ പങ്കെടുത്തു.
ഇന്ന് രാവിലെ 10 ന് ചാലപ്പുറത്തുള്ള കേസരി ആസ്‌ഥാന മന്ദിരത്തിലെ പരമേശ്വരം ഹാളില്‍ നടക്കുന്ന ചടങ്ങില്‍ കേസരി ആസ്‌ഥാന മന്ദിരത്തിന്റെയും മാധ്യമ പഠനഗവേഷണകേന്ദ്രത്തിന്റേയും ഉദ്‌ഘാടനം ഡോ. മോഹന്‍ ഭാഗവത് നിര്‍വ്വഹിക്കും. സ്വാഗതസംഘം അദ്ധ്യക്ഷന്‍ പി.ആര്‍. നാഥന്‍ അദ്ധ്യക്ഷനാകും. കൊളത്തൂര്‍ അദ്വൈതാശ്രമം മഠാധിപതി സ്വാമി ചിദാനന്ദപുരി, ആര്‍എസ്‌എസ് മുന്‍ അഖിലഭാരതീയ ബൗദ്ധിക് ശിക്ഷണ്‍ പ്രമുഖ് ആര്‍. ഹരി, മുതിര്‍ന്ന മാധ്യമപ്രവര്‍ത്തകന്‍ എം. കേശവമേനോന്‍ എന്നിവര്‍ സംസാരിക്കും.
ഗീതത്തിനുശേഷം ഡോ. മോഹന്‍ ഭാഗവത് ഉദ്‌ഘാടനഭാഷണം നടത്തും. കേസരി മുഖ്യപത്രാധിപര്‍ ഡോ. എന്‍.ആര്‍. മധു, ഹിന്ദുസ്‌ഥാന്‍ പ്രകാശന്‍ ട്രസ്‌റ്റ് മാനേജര്‍ അഡ്വ. പി.കെ. ശ്രീകുമാര്‍, കെ. സര്‍ജിത്ത്‌ലാല്‍ എന്നിവര്‍ സംസാരിക്കും. ഉച്ചയ്‌ക്കു ശേഷം സ്വാമി ചിദാനന്ദപുരി, ഇ. ശ്രീധരന്‍ പിള്ള തുടങ്ങിയവരുമായി ഡോ. മോഹന്‍ ഭാഗവത് കൂടിക്കാഴ്‌ച നടത്തും.
30 ന് തിരുവനന്തപുരത്ത് എത്തി വെള്ളയമ്പലത്തെ വിവേകാനന്ദ പ്രതിമയില്‍ പുഷ്‌പാര്‍ച്ചന നടത്തും. കേരള ഗവര്‍ണര്‍ ആരിഫ് മുഹമ്മദ് ഖാന്‍, ഡോ. സി.വി. ആനന്ദബോസ് തുടങ്ങിയവരുമായി കൂടിക്കാഴ്‌ച നടത്തും. 31 ന് ആര്‍എസ്‌എസ് സംസ്‌ഥാനതല യോഗത്തില്‍ അദ്ദേഹം പങ്കെടുക്കും. വൈകിട്ട് മുംബൈയിലേക്ക് യാത്രതിരിക്കും.