കൈവശ ഭൂമിക്ക് പട്ടയം; ഭൂമിത്ര പദ്ധതിയുമായി ജില്ലാഭരണകൂടം 

കൈവശ ഭൂമിക്ക് അര്‍ഹരായവര്‍ക്ക് നിയമാനുസൃത പട്ടയം നല്‍കുകയെന്ന സര്‍ക്കാര്‍ നയം പ്രാവര്‍ത്തികമാക്കി ജില്ലാ വികസന പദ്ധതികളിലുള്‍പ്പെടുത്തി ഒരു വര്‍ഷത്തിനകം ജില്ലയിലെ അര്‍ഹരായ മുഴുവന്‍ ആളുകള്‍ക്കും കൈവശഭൂമിക്ക് പട്ടയം നല്‍കണമെന്ന് ജില്ലാ കലക്ടര്‍ സീറാം സാംബശിവ റാവു ഉദ്യോഗസ്ഥര്‍ക്ക് നിര്‍ദേശം നല്‍കി. ജില്ലയിലെ കൈവശ ഭൂമി സംബന്ധിച്ച പ്രശ്ന പരിഹാരത്തിനായി തയ്യാറാക്കിയ ഭൂമിത്ര പദ്ധതി വഴിയാണ് സേവനം കാര്യക്ഷമമായി നടപ്പാക്കുക. ഭൂമിത്ര പദ്ധതിക്ക് നവംബര്‍ ഒന്നിന് കേരളപ്പിറവി ദിനത്തില്‍ ജില്ലയില്‍ തുടക്കമാകും. സ്ഥലത്തിന്റെ ഉടമസ്ഥാവകാശ രേഖ ഇനിയും ലഭിക്കാത്തത് കാരണം പട്ടികജാതി, പട്ടികവര്‍ഗക്കാരുള്‍പ്പെടെ നിരവധി സാധാരണക്കാര്‍ വിവിധ തരത്തില്‍ ബുദ്ധിമുട്ട് അനുവദിക്കുന്നുണ്ട്. ജില്ലാ കലക്ടര്‍ പഞ്ചായത്ത്, മുന്‍സിപ്പാലിറ്റികള്‍ കേന്ദ്രീകരിച്ച് നടത്തുന്ന ഒപ്പം പരിപാടിയില്‍ ഇക്കാര്യം നേരിട്ട് ബോധ്യപ്പെട്ടതിനെ തുടര്‍ന്നാണ് ഭൂമിത്രയ്ക്ക് പ്രഥമപരിഗണന നല്‍കി പദ്ധതി എത്രയും വേഗം ഫലപ്രാപ്തിയിലെത്തിക്കുന്നതിന് നിര്‍ദേശം നല്‍കിയിരിക്കുന്നത്. സര്‍ക്കാര്‍ പുറമ്പോക്ക് ഭൂമി, തദ്ദേശസ്വയംഭരണ സ്ഥാപനങ്ങള്‍ വിതരണം ചെയ്ത ഭൂമി, കുടിയായ്മ അവകാശമുള്ള ജന്മി, ദേവസ്വംഭൂമി, മിച്ചഭൂമി തുടങ്ങി ഉടമസ്ഥാവകാശ രേഖ ലഭിച്ചിട്ടില്ലാത്ത ഭൂമിയുടെ ഉടമസ്ഥര്‍ക്ക് അപേക്ഷ വില്ലേജ് ഓഫീസില്‍ അപേക്ഷ സമര്‍പ്പിക്കാവുന്നതാണ്.
വില്ലേജ് തല വിവരങ്ങള്‍ ക്രോഡീകരിക്കുന്നതിനുള്ള ചുമതല അതത് വില്ലേജ് ഓഫീസര്‍മാര്‍ക്കായിരിക്കും. കൈവശ ഭൂമിക്ക് പട്ടയം ലഭിച്ചിട്ടില്ലാത്ത അര്‍ഹരായ മുഴുവന്‍ ആളുകളുടെയും വിവരങ്ങള്‍ വില്ലേജ് ഓഫീസര്‍ കണ്ടെത്തി ചാര്‍ജ് ഓഫീസര്‍മാര്‍ക്ക് കൈമാറും. റിപ്പോര്‍ട്ട് ചെയ്യപ്പെട്ട മുഴുവന്‍ വിവരങ്ങളും ചാര്‍ജ് ഓഫീസര്‍മാര്‍ പരിശോധന നടത്തി പ്രശ്നത്തിന്റെ സ്വഭാവം, സമ്പൂര്‍ണ വിവരങ്ങള്‍, പരിഹാര മാര്‍ഗങ്ങള്‍, സമയബന്ധിതമായ പ്രശ്ന പരിഹാരം, ഭൂരേഖകള്‍ അനുവദിക്കല്‍ എന്നീ കാര്യങ്ങളില്‍ പ്രവര്‍ത്തന രേഖ തയ്യാറാക്കും. വില്ലേജുകളില്‍ നിന്ന് ശേഖരിച്ച വിവരങ്ങള്‍ താലൂക്ക് തലത്തില്‍ ക്രോഡീകരിക്കുന്നതിനുള്ള ചുമതല തഹസില്‍ദാര്‍, തഹസില്‍ദാര്‍(ഭൂരേഖ) എന്നിവര്‍ക്കായിരിക്കും. താലൂക്ക് തലത്തില്‍ എല്ലാ ആഴ്ചയും അദാലത്ത് നടത്തി പ്രവര്‍ത്തന പുരോഗതി വിലയിരുത്തുന്നതിനും നിര്‍ദ്ദേശമുണ്ട്. ഡപ്യൂട്ടി കലക്ടര്‍( എല്‍.ആര്‍), താലൂക്കിന്റെ ചുമതലയുള്ള ഡപ്യൂട്ടി കലക്ടര്‍ എന്നിവര്‍ താലൂക്ക്തല അദാലത്തില്‍ പങ്കെടുത്ത് മാര്‍ഗനിര്‍ദേശങ്ങളും പരിഹാര നടപടികളും നിര്‍ദേശിക്കും. തുടര്‍ന്ന് ജില്ലാ കലക്ടറുടെ നേതൃത്വത്തില്‍ നടക്കുന്ന റവന്യൂ ഓഫീസേഴ്സ് കോണ്‍ഫറന്‍സില്‍ പ്രതിമാസം ജില്ലാകലക്ടര്‍ ഭൂപ്രശ്നങ്ങള്‍ അവലോകനം ചെയ്യും.
Comments

COMMENTS

error: Content is protected !!