കൊച്ചിയില്‍ ഒന്നരവയസുകാരിയെ മുക്കിക്കൊന്നു; അമ്മൂമ്മയുടെ കാമുകൻ പിടിയിൽ
കൊച്ചി: പള്ളുരുത്തിയിൽ ഒന്നര വയസ്സുള്ള കുഞ്ഞിനെ ബക്കറ്റിലെ വെള്ളത്തില്‍ മുക്കി കൊന്നു. സംഭവത്തിൽ അമ്മൂമ്മയുടെ കാമുകൻ പിടിയില്‍. ജോൺ ബിനോയ് ഡിക്രൂസാണ് പൊലീസ് പിടിയിലായിരിക്കുന്നത്. പ്രതിയെ ചോദ്യം ചെയ്ത് വരികയാണ്.അങ്കമാലി കോട്ടശ്ശേരി സ്വദേശി സജീവിൻ്റേയും ഡിക്സിയുടേയും മകൾ നോറ മരിയയാണ് കൊല്ലപ്പെട്ടത്.
ഇന്നലെ പള്ളുരിത്തിയിലെ ഹോട്ടലിൽ വച്ചായിരുന്നു കുഞ്ഞിനെ കൊലപ്പെടുത്തിയത്. അമ്മൂമ്മയോടൊപ്പമാണ് കുഞ്ഞ് താമസിച്ചിരുന്നത്. ശർദ്ദിച്ചെന്നു പറഞ്ഞ് കുട്ടിയെ ആശുപത്രിയിലെത്തിക്കുകയായിരുന്നു. ആശുപത്രി അധികൃതർക്ക് സംശയം തോന്നിയതിനാൽ പൊലീസിനെ അറിയിച്ചു. തുടർന്ന് നടത്തിയ അന്വേഷണത്തിലാണ് കുഞ്ഞിനെ വെള്ളത്തിൽ മുക്കിക്കൊന്നതാണെന്ന് വ്യക്തമായത്. കുഞ്ഞിൻ്റെ അമ്മൂമ്മയും പ്രതിയും ചേർന്നാണ് ഹോട്ടലിൽ മുറിയെടുത്തതെന്നും വ്യക്തമായിട്ടുണ്ട്.
അതേസമയം കൊലപാതകത്തിലേക്ക് നയിച്ചത് എന്താണെന്ന് വ്യക്തമല്ല. ഹോട്ടല്‍ മുറിയില്‍ വച്ചുണ്ടായ തർക്കമാണ് കുഞ്ഞിനെ വെള്ളത്തില്‍ മുക്കി കൊല്ലാനുണ്ടായ സാഹചര്യം എന്നാണ് നിഗമനം. അമ്മൂമ്മയും കാമുകനായ പ്രതിയും പൊലീസ് കസ്റ്റഡിയിലാണ്. ഇവരെ ചോദ്യം ചെയ്ത് വരികയാണെന്നും ഉടൻ പ്രതിയുടെ അറസ്റ്റ് രേഖപ്പെടുത്തുമെന്നും പൊലീസ് അറിയിച്ചു. ചോദ്യം ചെയ്യലില്‍ ഇരുവരും കുറ്റം സമ്മതിച്ചിട്ടുണ്ട്.