കൊച്ചിയില്‍ പ്രകൃതിവാതക പ്ലാന്റ് സ്ഥാപിക്കാന്‍ സര്‍ക്കാര്‍-ബിപിസിഎല്‍ ധാരണ
കൊച്ചിയില്‍ പ്രകൃതിവാതക പ്ലാന്റ് സ്ഥാപിക്കാന്‍ സര്‍ക്കാര്‍-ബിപിസിഎല്‍ ധാരണ. മാലിന്യം സംസ്‌കരിച്ച് പ്രകൃതിവാതകം (കംപ്രസ്ഡ് ബയോഗ്യാസ്) നിര്‍മ്മിക്കുന്ന പ്ലാന്റ് സ്ഥാപിക്കാന്‍ ബിപിസിഎല്ലുമായി തത്വത്തില്‍ ധാരണയായതായി തദ്ദേശ സ്വയം ഭരണ മന്ത്രി എം.ബി രാജേഷ് അറിയിച്ചു. കൊച്ചിയിലെ മാലിന്യ പ്രശ്നത്തിന് പരിഹാരം കാണാനുള്ള സര്‍ക്കാര്‍ ശ്രമങ്ങളിലെ നിര്‍ണായക ചുവടുവെപ്പാകും തീരുമാനമെന്നും ഒരു വര്‍ഷത്തിനുള്ളില്‍ പ്ലാന്റ് പ്രവര്‍ത്തന സജ്ജമാകുമെന്നാണ് പ്രതീക്ഷിക്കുന്നതെന്നും മന്ത്രി പറഞ്ഞു.
ബിപിസിഎല്ലിന്റെ ചെലവിൽ സര്‍ക്കാര്‍ കൈമാറുന്ന സ്ഥലത്താണ് പ്ലാന്റ് നിര്‍മ്മിക്കുക. പ്ലാന്റിന്റെ പരിപാലന ഉത്തരവാദിത്തം ബിപിസിഎല്ലിനാണ്. ഒരു വര്‍ഷം കൊണ്ട് പ്ലാന്റ് പ്രവര്‍ത്തന സജ്ജമാക്കാനാകുമെന്നാണ് ബിപിസിഎല്‍ അറിയിച്ചിരിക്കുന്നത്.
മാലിന്യ സംസ്‌കരണത്തിലൂടെ നിര്‍മ്മിക്കുന്ന പ്രകൃതിവാതകം, ബിപിസിഎല്ലിന്റെ പ്രവര്‍ത്തനങ്ങള്‍ക്കാണ് ഉപയോഗിക്കുക. കൂടാതെ, ഉത്പാദിപ്പിക്കപ്പെടുന്ന ജൈവവളം വിപണനം ചെയ്യാനുമാണ് നിലവിലെ ധാരണ. ബിപിസിഎല്‍ പ്രതിനിധികളുമായി തദ്ദേശ സ്വയം ഭരണ വകുപ്പ് മന്ത്രിയും വ്യവസായ മന്ത്രി പി .രാജീവും ചീഫ് സെക്രട്ടറി ഡോ. വി പി ജോയിയും നടത്തിയ ചര്‍ച്ചയിലാണ് തീരുമാനം. ബ്രഹ്മപുരത്ത് തന്നെ പ്ലാന്റ് സ്ഥാപിക്കാനാണ് നിലവിലെ ധാരണ. കൊച്ചിയിലെയും സമീപ നഗരസഭകളുടെയും മാലിന്യം (മുനിസിപ്പല്‍ സോളിഡ് വേസ്റ്റ്) പ്ലാന്റില്‍ സംസ്‌കരിക്കാനാകുമെന്നാണ് പ്രതീക്ഷ.