KOYILANDILOCAL NEWS

കൊയിലാണ്ടിയിലെ പ്രശസ്ത ഓട്ടന്‍തുള്ളല്‍ കലാകാരന്‍ മുചുകുന്ന് പത്മനാഭന് 2021 ലെ കേരള കലാമണ്ഡലം പുരസ്‌കാരം

2021 ലെ കേരള കലാമണ്ഡലം പുരസ്‌കാരത്തിന് കൊയിലാണ്ടിയിലെ പ്രശസ്ത ഓട്ടന്‍തുള്ളല്‍ കലാകാരന്‍ മുചുകുന്ന് പത്മനാഭൻ അർഹനായി . കൊല്ലം പിഷാരികാവ് ക്ഷേത്രത്തില്‍ ഉള്‍പ്പെടെ നിരവധി ക്ഷേത്രങ്ങളില്‍ എല്ലാ വര്‍ഷവും ഉത്സവകാലത്തോടനുബന്ധിച്ച് ഓട്ടന്‍ തുള്ളല്‍ അവതരിപ്പിക്കുന്ന കലാകാരനാണ് അദ്ദേഹം. നവംബര്‍ ഏഴ്, എട്ട്, ഒമ്പത് തിയ്യതികളില്‍ നടക്കുന്ന കലാമണ്ഡലം വാര്‍ഷികാഘോഷത്തില്‍ വച്ച് അദ്ദേഹത്തിന് പുരസ്‌കാരം സമ്മാനിക്കും.

കഴിഞ്ഞ ദിവസമാണ് 2021 ലെ കേരള കലാമണ്ഡലം ഫെലോഷിപ്പുകളും പുരസ്‌കാരങ്ങളും എന്‍ഡോവ്‌മെന്റുകളും പ്രഖ്യാപിച്ചത്. 50,000 രൂപയുടെ ഫെലോഷിപ്പിന് കഥകളി കലാകാരനായ കലാമണ്ഡലം ഇ വാസുദേവനും ചെണ്ട കലാകാരന്‍ എം ഉണ്ണികൃഷ്ണനും അര്‍ഹരായി.

മുചുകുന്ന് പത്മനാഭന് പുറമെ കലാനിലയം ഗോപിനാഥന്‍ (കഥകളി വേഷം), വൈക്കം പുരുഷോത്തമന്‍ പിള്ള (കഥകളി സംഗീതം), കലാമണ്ഡലം ശിവദാസ് (കഥകളി ചെണ്ട), കലാമണ്ഡലം പ്രകാശന്‍ (കഥകളി മദ്ദളം, മാര്‍ഗി സോമദാസ് (ചുട്ടി), മാര്‍ഗി ഉഷ (കൂടിയാട്ടം, വിനീത നെടുങ്ങാടി (മോഹിനിയാട്ടം), വി.ആര്‍. ദിലീപ്കുമാര്‍ (കര്‍ണാടക സംഗീതം), കുട്ടനെല്ലൂര്‍ രാജന്‍ മാരാര്‍ (തിമില/എ.എസ്.എന്‍ നമ്പീശന്‍ പഞ്ചവാദ്യ പുരസ്‌കാരം), ഡോ. സി.ആര്‍. സന്തോഷ് (കലാഗ്രന്ഥം -നാട്യശാസ്ത്രത്തിലെ രസഭാവങ്ങള്‍), വിനു വാസുദേവന്‍ (ഡോക്യുമെന്ററി -നിത്യഗന്ധര്‍വ) എന്നിവരാണ്  പുരസ്‌കാരത്തിന് അര്‍ഹരായ മറ്റുള്ളവര്‍. 30,000 രൂപയാണ് പുരസ്‌കാര ജേതാക്കള്‍ക്ക് ലഭിക്കുക.

വൈസ് ചാന്‍സലര്‍ ഡോ. എം വി നാരായണന്‍ ചെയര്‍പേഴ്‌സണും ഭരണസമിതി അംഗങ്ങളായ കലാമണ്ഡലം ഗോപി, പെരുവനം കുട്ടന്‍ മാരാര്‍, ഡോ. എന്‍ ആര്‍ ഗ്രാമപ്രകാശ്, ടി കെ വാസു, കലാമണ്ഡലം പ്രഭാകരന്‍, കെ രവീന്ദ്രനാഥ് എന്നിവരടങ്ങിയ സമിതിയാണ് പുരസ്‌കാരങ്ങള്‍ നിര്‍ണ്ണയിച്ചത്. പുരസ്‌കാരങ്ങള്‍ പ്രഖ്യാപിച്ച വാര്‍ത്താ സമ്മേളനത്തില്‍ ഡോ. എം വി നാരായണന്‍, ഡോ. എന്‍ ആര്‍ ഗ്രാമപ്രകാശ്, ടി കെ.വാസു എന്നിവര്‍ പങ്കെടുത്തു.

Comments

Related Articles

Leave a Reply

Your email address will not be published. Required fields are marked *

Back to top button