കൊയിലാണ്ടിയിൽ ഗൃഹനാഥന് നേരെ ആക്രമണം
കൊയിലാണ്ടി: വീടുകളിൽ സാധനങ്ങളുടെ വില്പനക്കെത്തിയ യുവാവ് ഗൃഹനാഥനെ വീട്ടിൽ കയറി ആക്രമിച്ചു. ചെങ്ങോട്ട് കാവ് മേലൂർ കൊണ്ടം വള്ളി ആര്യമഠത്തിൽ മീത്തൽ ഉണ്ണികൃഷ്ണനെയാണ് ആക്രമിച്ചത്. പരിക്കേറ്റ ഇയാളെ മെഡിക്കൽ കോളെജ് ആശുപത്രിയിൽ പ്രവേശിപ്പിച്ചു.
കഴിഞ്ഞ ദിവസം വൈകീട്ടാണ് സംഭവം. സാധനങ്ങൾ വില്ക്കാനെത്തിയ യുവാവ് വീടിൻ്റെ ഗേറ്റ് കടന്ന് അകത്തു കയറി പ്രായമായ സ്ത്രീയുടെ അടുത്തെത്തിയതിനെ തുടർന്ന് ബഹളം വെച്ചപ്പോൾ മകൻ എഴുന്നേറ്റു വന്നു. ഇതോടെ വില്പനക്കാരൻ ഇറങ്ങി ഓടി. ഇയാളുടെ ബാഗ് പരിശോധിക്കുന്നതിനിടെ പിറകിലൂടെ വന്ന് ഉണ്ണികൃഷ്ണനെ മരകഷണമെടുത്ത് ആക്രമിക്കുകയായിരുന്നു. അക്രമത്തിൽ തലയ്ക്ക് അഞ്ചോളം തുന്നലും ഒരു ഭാഗത്തെ ചെവിയും മുറിഞ്ഞുപോയി. മൂന്നു മണിക്കൂറോളം കഠിനശ്രമം നടത്തിയാണ് ഡോക്ടർമാർ തുന്നൽ ഇട്ടത്. സംഭവത്തെ കുറിച്ച് കൊയിലാണ്ടി പോലീസിൽ പരാതി നൽകിയിട്ടുണ്ട്. ആവശ്യമായ നടപടികൾ സ്വീകരിക്കുമെന്ന് പോലീസ് അറിയിച്ചു.