കൊയിലാണ്ടി കോടതി സമുച്ചയത്തിന്റെ പൈതൃക കെട്ടിടങ്ങൾ അറ്റകുറ്റപ്പണികളുടെ മറവിൽ നശിപ്പിക്കുന്നു
കൊയിലാണ്ടി: ഒരു നൂറ്റാണ്ടിലധികം പഴക്കമുള്ള കൊയിലാണ്ടി കോടതികളുടെ പൈതൃക കെട്ടിടം അറ്റകുറ്റപ്പണിയുടെ മറവിൽ പൊതുമരാമത്ത് വകുപ്പ് നശിപ്പിക്കുന്നതായി ആക്ഷേപം. പഴമയുടെ പ്രൗഢി വിളിച്ചോതുന്ന ഈ കെട്ടിടം സംരക്ഷിക്കണമെന്ന് നേരത്തെ തീരുമാനിച്ചിരുന്നതാണ്. നഗരഹൃദയത്തിൽ 1909 മുതൽ നിലനിൽകുന്നതാണ് ഈ കെട്ടിടം.
വിവിധ കോടതികൾ പ്രവർത്തിച്ചു വരുന്ന ഈ കെട്ടിടത്തിന് കാര്യമായ തകരാറുകളൊന്നും ഇപ്പോഴുമില്ല. അങ്ങിങ്ങായി ചെറിയ ചോർച്ചയും മറ്റുമുണ്ടെങ്കിലും ഒരു പൈതൃക കെട്ടിടം എന്ന സൂഷ്മതയോടെയല്ല പൊതുമരാമത്ത് വകുപ്പ് അറ്റകുറ്റപ്പണികൾ നടത്തിവരുന്നത്. വർഷാവർഷം കെട്ടിടത്തിന്റെ പല ഭാഗങ്ങളും പൊളിച്ചെടുത്ത് തറയോടുകൾ, പൂവോടുകൾ, ചില്ലോടുകൾ എന്നിവയെല്ലാം നീക്കം ചെയ്ത സ്ഥിതിയിലാണിപ്പോൾ. പണ്ട് ഉപയോഗിച്ചിരുന്ന ഒറ്റപ്പാത്തി ഓടുകളും ഇരട്ടപ്പാത്തി ഓടുകളും ചേരുന്നിടത്താണ് സാധാരണയായി ചോർച്ചയുണ്ടാവുന്നത്. അത് മാറ്റി എല്ലാ ഓടുകളും ഇരട്ടപ്പാത്തിയാക്കി മാറ്റി സ്ഥാപിക്കുന്നതോടെ പരിഹരിക്കാവുന്ന പ്രശ്നങ്ങളേ ഈ കെട്ടിടത്തിനുള്ളൂ.
പട്ടികകൾക്കും മര ഉരുപ്പടികൾക്കും തകരാറ് സംഭവിച്ചിട്ടുണ്ടെങ്കിൽ അവയും പുനഃസ്ഥാപിക്കേണ്ടിവരും. ഇങ്ങനെ കെട്ടിടത്തിന്റെ പൈതൃക സ്വഭാവം സംരക്ഷിക്കാമെന്നിരിക്കെ, വർഷാവർഷം അറ്റകുറ്റപ്പണികെളെന്ന പേരിൽ കെട്ടിട്ട ഭാഗങ്ങൾ പൊളിച്ചു നീക്കുകയാണ് പൊതുമരാമത്ത് വകുപ്പ് ചെയ്യുന്നത്. ഇതിൽ ചില ജുഡീഷ്യൽ ഉദ്യോഗസ്ഥകർ വിയോജിപ്പ് രേഖപ്പെടുത്തുകയുണ്ടായി. ഏതാനും വർഷം മുമ്പാണ് വിശേഷിച്ച് തകരാറൊന്നും സംഭവിച്ചിട്ടില്ലാതിരുന്ന കോമെൺവെത്ത് ടൈൽ കമ്പനി ഒരു നൂറ്റാണ്ട് നിർമ്മിച്ച മണ്ണിന്റെ തറയോടുകൾ പൊളിച്ചു മാറ്റി സിമന്റ് തറയോടുകൾ സ്ഥാപിച്ചത്. ആരോഗ്യദായകവും വഴുതൽ സാദ്ധ്യതകളില്ലാത്തതുമായ മണ്ണിന്റെ തറയോടുകൾ മാറ്റിയാണ്, വഴുതൽ സാദ്ധ്യതയുള്ള, രോഗകാരിയായ സിമന്റ് ഓടുകൾ പാകിയത്.
1909 ൽ നിർമ്മിച്ച പൂവോടുകളാണ് ഇപ്പോൾ ഒന്നിച്ച് നീക്കം ചെയ്യുന്നത്. കെട്ടിട്ടത്തിനകത്ത് എപ്പോഴും നന്നായി സൂര്യവെളിച്ചം ലഭ്യമാക്കിയിരുന്ന ചില്ലോടുകളും എടുത്തു മാറ്റി. അടിയിൽ ടിൻ ഷീറ്റ് വിരിച്ച് അതിനു മുകളിൽ തെർമോക്കോൾ ഷിറ്റ് വിരിച്ച് അതിന് മുകളിൽ ഓട് മേയുകയാണ് ചെയ്യുന്നത്. തെർമോക്കോൾ വിരിക്കുന്നത് കെട്ടിടത്തിനുള്ളിൽ എലി ശല്ല്യം കൂടാനിടയാക്കുമെന്ന് ചൂണ്ടികാണിക്കപ്പെടുന്നു. ഇങ്ങനെ നീക്കം ചെയ്യുന്ന ഓടുകളും മറ്റും കോടതി വളപ്പിൽ കൂട്ടിയിട്ടിട്ടുണ്ട്. അതവിടെ മഴയും വെയിലും കൊണ്ട് കൂടി കടക്കും. പിന്നീട് ലേലത്തിന്റെ മറവിൽ ഇതൊക്കെ കൈവശപ്പെടുത്തി വിൽക്കുന്ന സംഘങ്ങൾ സജീവം.
ചെറിയ ചോർച്ചയുടെ പേരിൽ പ്രതിവർഷം നടക്കുന്ന ഈ അറ്റകുറ്റപ്പണികളും പൈതൃക വസ്തുക്കൾ നീക്കം ചെയ്യലും തുടർന്നുള്ള ലേലവുമൊക്കെ ചില ഒത്തുകളിയുടെ ഭാഗമാണ് എന്ന് അഭിഭാഷകരുൾപ്പെടെ പലരും ചൂണ്ടിക്കാണിക്കുന്നു.
കാലാകാലങ്ങളിൽ അറ്റകുറ്റപ്പണികൾ ചെയ്ത് സംരക്ഷിച്ചുവന്ന ഈ കെട്ടിടത്തിന് സവിശേഷതകൾ ഏറെയാണ്. പുറത്ത് ഓട് മേഞ്ഞ്, അതിനടിയിൽ പൂവോട് പാകി നീണ്ട വരാന്തയും, വ്യത്യസ്ത ദിശകളിലൂടെ കോടതി ഹാളിനകത്തും, കോടതി ഓഫീസിനകത്തും ഏത് സമയത്തും വേണ്ടത്ര സൂര്യപ്രകാശം കിട്ടത്തക്കവിധം ചില്ല് പാകി ക്രമീകരിച്ച മേൽക്കൂരയും, വലിയ വെൻ്റിലേഷനുകളുമൊക്കെയാണ് ഇപ്പോൾ ഇല്ലാതായി കൊണ്ടിരിക്കുന്നത്.