KOYILANDILOCAL NEWSMAIN HEADLINES
കൊയിലാണ്ടി താലൂക്ക് ആശുപത്രി ചുറ്റുമതിലും കവാടവും ഉദ്ഘാടനം ചെയ്തു
കൊയിലാണ്ടി താലൂക്ക് ആശുപത്രി ചുറ്റുമതിലും കവാടവും ആരോഗ്യമന്ത്രി കെ കെ ശൈലജ ഉദ്ഘാടനം ചെയ്തു. കനിവ് 108 ആംബുലന്‍സുകളുടെ പ്രവര്‍ത്തനം റോഡപകടത്തില്‍ പെട്ടവര്‍ക്ക് അനുഗ്രഹമാണെന്ന് ഉദ്ഘാടനചടങ്ങില്‍ മന്ത്രി പറഞ്ഞു. വര്‍ഷത്തില്‍ അയ്യായിരത്തിനടുത്ത് റോഡപകട മരണങ്ങളാണ് കേരളത്തിലുണ്ടാവുന്നത്. അപകടസ്ഥലത്ത് നിന്ന് തക്ക സമയത്ത് രോഗിയെ ആശുപത്രിയിലെത്തിക്കാന്‍ സാധിക്കാത്തതും ശാസ്ത്രീയമായ രീതിയിലൂടെ അല്ലാതെ രോഗിയെ വണ്ടിയിലേക്ക് കയറ്റി ആശുപത്രിയിലെത്തിക്കുന്നതുമാണ് പലപ്പോഴും മരണത്തിലേക്കെത്തുന്നത്. അപകടം ഉണ്ടായ സ്ഥലത്ത് നിന്നും രോഗിയെ വിദഗ്ധമായി ആശുപത്രികളില്‍ എത്തിക്കാന്‍ കനിവ് 108 ആംബുലന്‍സ് സര്‍വ്വീസിനാകും. 315 ആംബുലന്‍സുകളാണ് നിലവിലുള്ളത്. ഇതില്‍ കോഴിക്കോട് ജില്ലക്ക് 16 ആംബുലന്‍സ് ഉണ്ട്. പ്രാഥമിക ലൈഫ് സപ്പോര്‍ട്ടാടുകൂടിയ ഈ ആംബുലന്‍സില്‍ പരിശീലനം ലഭിച്ച എമര്‍ജന്‍സി മെഡിക്കല്‍ ടെക്‌നിഷ്യനും ആംബുലന്‍സ് പൈലറ്റും ഉണ്ടാകും. ഇവര്‍ 15 മിനിറ്റിനുള്ളില്‍ അപകടസ്ഥലത്ത് എത്തി രോഗിക്ക് വേണ്ട പ്രാഥമിക ചികിത്സ നല്‍കി ഉടനടി ആശുപത്രിയില്‍ എത്തിക്കുമെന്നും മന്ത്രി പറഞ്ഞു.
ജീവിതശൈലി രോഗങ്ങള്‍ക്കെതിരെ ജാഗ്രത പാലിക്കണമെന്നും മന്ത്രി പറഞ്ഞു. ക്യാന്‍സറിനോട് യുദ്ധം പ്രഖ്യാപിച്ചിരിക്കുകയാണ് നാം. ക്യാന്‍സര്‍ തുടക്കത്തിലേ കണ്ടു പിടിച്ച് ഉടനെ ചികിത്സ തുടങ്ങുന്നതിനായുള്ള പദ്ധതികള്‍ അടുത്ത വര്‍ഷം ആരംഭിക്കുമെന്നും മന്ത്രി പറഞ്ഞു. ചടങ്ങില്‍ കെ ദാസന്‍ എം.എല്‍.എ അധ്യക്ഷത വഹിച്ചു.
കെ. ദാസന്‍ എം.എല്‍.എ യുടെ ആസ്തി വികസന ഫണ്ടില്‍ നിന്നും 50 ലക്ഷം രൂപ ചെലവഴിച്ചാണ് ചുറ്റുമതിലും കവാടവും നിര്‍മിച്ചത്. പുതുതായി ഉദ്ഘാടനം കഴിഞ്ഞ ആറ് നില കെട്ടിടത്തിന് മുന്നിലായാണ് കവാടം നിര്‍മ്മിച്ചിരിക്കുന്നത്. ആശുപത്രിയുടെ മുഴുവന്‍ ചുറ്റുമതിലും പുതുക്കിപ്പണിതിട്ടുണ്ട്. പൊതുമരാമത്ത് വകുപ്പ് കെട്ടിടവിഭാഗത്തിന്റെ മേല്‍നോട്ടത്തില്‍ ഊരാളുങ്കല്‍ ലേബര്‍ കോണ്‍ട്രാക്ട് സൊസൈറ്റിയാണ് നിര്‍മ്മാണം ഏറ്റെടുത്ത് പൂര്‍ത്തിയാക്കിയത്. കാരുണ്യ കമ്യൂണിറ്റി ഫാര്‍മസി, ആധുനിക ലബോററ്ററി, ശീതീകരിച്ച മെഡിക്കല്‍ റെക്കോര്‍ഡ് ലൈബ്രറി, സഹായികള്‍ക്കുള്ള കൂട്ടിരിപ്പ് കേന്ദ്രം, പുതിയ കാന്റീന്‍, ലക്ഷ്യ പദ്ധതി നിര്‍ദേശിക്കുന്ന നിലവാരത്തിലുള്ള, പ്രവൃത്തി പുരോഗമിക്കുന്ന സമ്പൂര്‍ണ്ണ പ്രസവചികിത്സാ കേന്ദ്രം, ഇന്‍സ്റ്റലേഷന്‍ പ്രവൃത്തികള്‍ അന്തിമഘട്ടത്തിലെത്തിയ 3 കോടി രൂപ ചെലവഴിച്ച് സ്ഥാപിക്കുന്ന സി ടി സ്‌കാന്‍ സെന്റര്‍, കാരണ്യ ഡയാലിസിസ് കേന്ദ്രം, ട്രോമാ കെയര്‍ യൂണിറ്റ്, എം എല്‍ എ ഫണ്ടില്‍ നിന്നും അനുവദിച്ച അത്യാധുനിക ജീവന്‍ രക്ഷാ ആംബുലന്‍സ് തുടങ്ങി വിവിധ പദ്ധതികളാണ് കൊയിലാണ്ടി താലൂക്ക് ആശുപത്രിയില്‍ ഒരുക്കിയിരിക്കുന്നത്.
നഗരസഭ ചെയര്‍മാന്‍ അഡ്വ കെ സത്യന്‍, നഗരസഭ വൈസ് ചെയര്‍പേഴ്‌സണ്‍ വി കെ പത്മിനി, ആരോഗ്യ സ്റ്റാന്റിംഗ് കമ്മിറ്റി ചെയര്‍മാന്‍ വി സുന്ദരന്‍ മാസ്റ്റര്‍, വാര്‍ഡ് കൗണ്‍സിലര്‍ സി കെ സലീന, ജില്ലാ മെഡിക്കല്‍ ഓഫീസര്‍ ഡോ ജയശീ, ആരോഗ്യ കേരളം ജില്ലാ പ്രോഗ്രാം മാനേജര്‍ ഡോ എ നവീന്‍, ആശുപത്രി സൂപ്രണ്ട് ഡോ പി പ്രതിഭ തുടങ്ങിയവര്‍ പങ്കെടുത്തു. എക്‌സിക്യൂട്ടീവ് എഞ്ചിനീയര്‍ കെ ലേഖ റിപ്പോര്‍ട്ട് അവതരിപ്പിച്ചു.
Comments