കൊയിലാണ്ടി താലൂക്ക് ആശുപത്രി പുതിയ ബ്ലോക്ക് നിര്‍മ്മാണം ടെണ്ടര്‍ ചെയ്തു
കൊയിലാണ്ടി: കൊയിലാണ്ടി താലൂക്ക് ആശുപത്രിയില്‍ മാസ്റ്റര്‍ പ്ലാന്‍ അനുസരിച്ച് നിര്‍മ്മിക്കുന്ന പുതിയ ബ്ലോക്കിന്റെ (9 നില കെട്ടിടം ) ആദ്യഘട്ടം നിര്‍മ്മാണം ടെണ്ടര്‍ ചെയ്തതായി കെ.ദാസന്‍ എം.എല്‍.എ അറിയിച്ചു. കിഫ്ബിയില്‍ നിന്നും അനുവദിച്ച 24 കോടി രൂപയാണ് ആദ്യഘട്ടത്തിന് വിനിയോഗിക്കുന്നത്. ഇപ്പോഴത്തെ 5 നില കെട്ടിടത്തിന് തെക്ക് ഭാഗത്തായി സ്ഥിതി ചെയ്യുന്ന ചെറുതും വലുതുമായ എല്ലാ പഴയ കെട്ടിടങ്ങളും പൊളിച്ചുമാറ്റിയാണ് പുതിയ കെട്ടിടം നിര്‍മ്മിക്കുന്നത്. പദ്ധതിയുടെ കണ്‍സള്‍ട്ടന്‍സിയായ കേന്ദ്ര പൊതുമേഖലാ സ്ഥാപനം വാപ്‌കോസ് ആണ് പ്രവൃത്തി ടെണ്ടര്‍ ചെയ്തത് ഫെബ്രുവരി 8 വരെയാണ് ടെണ്ടര്‍ കാലാവധി. 8 ന് ശേഷം ടെണ്ടര്‍ തുറക്കുമെന്ന് അറിയിച്ചിട്ടുണ്ട്.
ഗ്രൗണ്ട് ഫ്‌ളോര്‍ നിര്‍മ്മാണം കൂടാതെ ഒന്നും രണ്ടും നിലകള്‍ കൂടി ആദ്യഘട്ടത്തില്‍ നിര്‍മ്മിക്കും. ആകെ 5685 സ്‌ക്വയര്‍ മീറ്റര്‍ വിസ്തൃതിയാണ് കെട്ടിടത്തിനുണ്ടാവുക. ഗ്രൗണ്ട് ഫ്‌ളോറില്‍ റിസപ്ഷന്‍, ഓഫീസ്, ഫാര്‍മസി, എല്ലാ വിഭാഗം സ്‌പെഷ്യാലിറ്റി ഒ.പി.കള്‍, എക്‌സറേ ,പോലീസ് ഇന്‍ക്വസ്റ്റ് മുറി, മോര്‍ച്ചറി, ഇലക്ട്രിക്കല്‍ റൂം , സെക്യൂരിറ്റി റൂം, ഫയര്‍ കണ്‍ട്രോള്‍ റൂം എന്നിവ സജ്ജീകരിക്കും.
ഒന്നാമത്തെ നിലയില്‍ ഗൈനക്കോളജി വിഭാഗം, ദന്തല്‍ വിഭാഗം, ഡോക്ടേഴ്‌സ് റൂം, കൗണ്‍സിലിംഗ് റൂം, മെഡിക്കല്‍ റിക്കോര്‍ഡ് റൂം എന്നിവയുണ്ടാവും , രണ്ടാമത്തെ നിലയില്‍ കഫ്റ്റീരിയ, ബ്ലഡ് സ്റ്റോറേജ് റൂം, വിവിധ ലാബുകള്‍, വിവിധ ഐ.സി.യുകള്‍ എന്നിവയാണ് ക്രമീകരിച്ചിരിക്കുന്നത്.
ഇത് കൂടാതെ ബയോഗ്യാസ് പ്ലാന്റ്, വാട്ടര്‍ ട്രീറ്റ്‌മെന്റ് പ്ലാന്റ്, സീവേജ് ട്രീറ്റ്‌മെന്റ് പ്ലാന്റ്, സെന്‍ട്രലൈസ്ഡ് മെഡിക്കല്‍ ഗ്യാസ് സിസ്റ്റം എന്നിവയും ഒരുക്കും. ടെണ്ടര്‍ നടപടികള്‍ പൂര്‍ത്തീകരിക്കുന്നതോടെ പഴയ കെട്ടിടങ്ങള്‍ പൊളിച്ചുമാറ്റുന്നതിനുള്ള നടപടികളിലേക്ക് കടക്കും.