കല്ലുവാതുക്കൽ മദ്യദുരന്തക്കേസില്‍ ശിക്ഷിക്കപ്പെട്ട മണിച്ചന്‍ ജയില്‍ മോചിതനായി

കല്ലുവാതുക്കൽ മദ്യദുരന്തക്കേസില്‍ ശിക്ഷിക്കപ്പെട്ട മണിച്ചന്‍ ജയില്‍ മോചിതനായി. ജയിൽ നടപടികൾ പൂർത്തിയാക്കിയ മണിച്ചൻ തിരുവനന്തപുരം നെട്ടുകാൽത്തേരി തുറന്ന ജയിലില്‍ നിന്ന് പുറത്തിറങ്ങി. ശിക്ഷ റദ്ദാക്കി സുപ്രീംകോടതി ബുധനാഴ്ച ഉത്തരവ് ഇറക്കിയെങ്കിലും മണിച്ചന് ഇന്നലെയും ജയിൽ മോചിതനാകാൻ കഴിഞ്ഞിരുന്നില്ല. സുപ്രീംകോടതി ഉത്തരവ് ആഭ്യന്തര വകുപ്പിൽ എത്താത്തതാണ് മോചനം വൈകാൻ കാരണം. സന്തോഷമുണ്ടെന്നും പ്രത്യേകിച്ചൊന്നും പറയാനില്ലെന്നുമായിരുന്നു മണിച്ചന്‍റെ ആദ്യ പ്രതികരണം.

മദ്യദുരന്തം ഉണ്ടായ അതേ ദിവസമാണ് മണിച്ചന്റെ മോചനവും. 2000 ഒക്ടോബർ 21നായിരുന്നു മദ്യദുരന്തം. നെട്ടുകാല്‍ത്തേരി തുറന്ന ജയിലില്‍ നിന്നാണ് മണിച്ചന്റെ മോചനം. മകന്‍ അടക്കമുള്ള ബന്ധുക്കളും മറ്റും സ്വീകരിക്കാനെത്തിയിരുന്നു. മഞ്ഞ ഷാൾ അണിയിച്ചാണ് സുഹൃത്തുക്കള്‍ മണിച്ചനെ സ്വീകരിച്ചത്. മണിച്ചനെ മോചിപ്പിക്കാൻ സുപ്രീം കോടതി ഉത്തരവിട്ടിരുന്നു. പിഴയായി വിധിച്ച 30.45 ലക്ഷം രൂപ ഈടാക്കാതെ തന്നെ ഉടൻ മോചിപ്പിക്കായിരുന്നു കോടതിയുടെ ഉത്തരവ്.

31 പേരുടെ മരണത്തിന് ഇടയാക്കിയ 2000 ലെ മദ്യദുരന്തക്കേസിലെ പ്രധാന പ്രതിയായ  ചിറയിൻകീഴ് സ്വദേശി മണിച്ചൻ 22 വർഷമായി ജയിലിൽ കഴിയുകയായിരുന്നു. മണിച്ചൻ (ചന്ദ്രൻ) 22 വർഷമായി ജയിലിലായിരുന്നു. ജീവപര്യന്തത്തിനു പുറമേ 43 വർഷം തടവു കൂടി കോടതി വിധിച്ചിരുന്നു. ഇതിൽ ഇളവു നൽകി മോചനത്തിനു ഗവർണർ ഉത്തരവിട്ടെങ്കിലും പിഴത്തുക ഇളവു ചെയ്തിരുന്നില്ല. പിഴ കൂടി ഒഴിവാക്കണമെന്ന് ആവശ്യപ്പെട്ടാണ് മണിച്ചന്റെ ഭാര്യ ഉഷ സുപ്രീം കോടതിയെ സമീപിച്ചത്.

ശിക്ഷയായി വിധിച്ച 30.45 ലക്ഷം രൂപ പിഴ ഒഴിവാക്കി മണിച്ചനെ മോചിപ്പിക്കാന്‍ സുപ്രീം കോടതി സംസ്ഥാന സര്‍ക്കാരിനോട് ഉത്തരവിട്ടതോടെയാണ് ജയില്‍മോചനത്തിനു വഴി ഒരുങ്ങിയത്. പിഴത്തുക കെട്ടിവയ്ക്കാതെ മോചിപ്പിക്കില്ലെന്നായിരുന്നു സംസ്ഥാന സര്‍ക്കാരിന്റെ നിലപാട്. മണിച്ചന്റെ മോചന ഉത്തരവിറങ്ങിയെങ്കിലും 30.45 ലക്ഷം രൂപ കെട്ടിവയ്ക്കണമെന്ന നിബന്ധന തടസ്സമായി നില്‍ക്കുന്നതു ചൂണ്ടിക്കാട്ടി ഭാര്യയാണ് സുപ്രീം കോടതിയെ സമീപിച്ചത്. പിഴ അടച്ചില്ലെങ്കില്‍ 22 വര്‍ഷവും 9 മാസവും കൂടി ജയില്‍ശിക്ഷ അനുഭവിക്കണമെന്നായിരുന്നു സര്‍ക്കാരിന്റെ നിലപാട്. ഇതു തള്ളിയാണ് മണിച്ചനെ പിഴത്തുക കെട്ടിവയ്ക്കാതെ തന്നെ മോചിപ്പിക്കാന്‍ സുപ്രീംകോടതി ഉത്തരവിട്ടത്.

Comments

COMMENTS

error: Content is protected !!