കൊയിലാണ്ടി നഗരത്തിലൂടെ അമിത വേഗതയിലെത്തിയ ടാലൻ്റ് ബസ് മൂന്നാം തവണയും അപകടം വരുത്തി
കൊയിലാണ്ടി: കൊയിലാണ്ടി നഗരത്തിലൂടെ അമിത വേഗതയിലെത്തിയ ടാലൻ്റ് ബസ് മൂന്നാം തവണയും അപകടം വരുത്തി. സംഭവത്തെ തുടർന്ന് ‘KL 13 എ .എഫ് .6375 നമ്പർ ടാലൻ്റ് ബസ് ,പോലീസ് കസ്റ്റഡിയിലെടുത്തു. ഇന്നലെ വൈകീട്ട് കൊയിലാണ്ടി ദേശീയപാതയിൽ കൃഷ്ണ തിയ്യറ്ററിനു സമീപം വെച്ച് ഒരേ ദിശയിൽ സഞ്ചരിക്കുകയായിരുന്ന KL 56-555 നമ്പർ ബൈക്കിൽ ആണ് ബസ് ഇടിച്ചത്. തുടർന്ന് ബൈക്ക് യാത്രക്കാരായ നന്തി സ്വദേശികളായ ഹാരിസ്, റഹീസ് എന്നിവർ താലൂക്ക് ആശുപത്രിയിൽ ചികിത്സ തേടി.
അമിത വേഗത്തിൽ വന്ന് ഇടതു ഭാഗത്തു കൂടെ കയറ്റുമ്പോഴാണ് ബൈക്ക് യാത്രക്കാരെ ഇടിച്ചത്. ഇവരെ ബസ് ജീവനക്കാർ അസഭ്യം പറയുകയും ചെയ്തു. സംഭവത്തെ തുടർന്ന് നാട്ടുകാർ ബസ് തടഞ്ഞു. തുടർന്നു പോലീസെത്തി ബസ് കസ്റ്റഡിയിലെടുത്തു. ഇത് മൂന്നാം തവണയാണ് രണ്ടാഴ്ചക്കുള്ളിൽ ഇതേ ബസ് അപകടം വരുത്തുന്നത്.
ഇതിന് മുമ്പും മുരളി സർവ്വീസ് സ്റ്റേഷനു മുൻവശം വെച്ചും, സ്റ്റേറ്റ് ബാങ്കിനു സമീപം വെച്ചും ഇതേ ബസ് അപകടം വരുത്തിയിരുന്നു. ബസിലെ ജീവനക്കാർ എസ്.ഐയുടെ സംഭാഷണം മൊബൈലിൽ പകർത്തി സമൂഹമാധ്യമങ്ങളിൽ പ്രചരിപ്പിക്കുകയും ചെയ്തിരുന്നു. അപകടം വരുത്തിയ ബസിനെതിരെ കർശന നടപടി സ്വീകരിക്കുമെന്ന് സി.ഐ. എം.വി.ബിജു പറഞ്ഞു.