കൊയിലാണ്ടി നഗരസഭ ഓണാഘോഷം നാഗരികം 23 ന് ആഗസ്റ്റ് 19 ന് തുടക്കമാവും
കൊയിലാണ്ടി നഗരസഭ ഓണാഘോഷം നാഗരികം 23 ന് ആഗസ്റ്റ് 19 ന് തുടക്കമാവും. ഓണം വിപണമേളയുടെയും കലാ-സാംസ്കാരിക പരിപാടികളുടെയും ഉദ്ഘാടനം ആഗസ്റ്റ് 20 ന് കാനത്തിൽ ജമീല എം.എൽ.എ നിർവഹിക്കും. കലാഭവൻ സരിഗ മുഖ്യാതിഥിയാവും. നഗരസഭ ചെയർപേഴ്സൺ സുധ കിഴക്കേപ്പാട്ട്, നഗരസഭ വൈസ് ചെയർമാൻ അഡ്വ. കെ.സത്യൻ, നഗരസഭാ സെക്രട്ടറി ഇന്ദു എസ്. ശങ്കരി എന്നിവർ പങ്കെടുക്കും.
ആഗസ്റ്റ് 19 മുതൽ 27 വരെ നടക്കുന്ന ഓണാഘോഷത്തിന് മാറ്റുകൂട്ടാൻ കുടുംബശ്രീ സംരംഭക ഉത്പന്നങ്ങളുടെ വിപണന മേള, സാംസ്കാരിക സദസ്സുകൾ, പ്രഗത്ഭർ പങ്കെടുക്കുന്ന വിവിധ കലാ-സാംസ്കാരിക പരിപാടികൾ എന്നിവയുണ്ടാകും.
20 ന് അഥീന മയ്യിൽ അവതരിപ്പിക്കുന്ന നാട്ടുമൊഴി, 21ന് കുടുംബശ്രീ അംഗങ്ങൾ ഒരുക്കുന്ന കലാപരിപാടി രജതനൂപുരം, 22 ന് മാപ്പിള കലകളുടെ രംഗാവിഷ്കാരം അസർമുല്ല, 23 ന് പഴയകാല നാടക-ഗസൽ ഗാനങ്ങൾ കോർത്തിണക്കിയ സംഗീത സന്ധ്യ മധുരിക്കും ഓർമകളെ, 24 ന് എം ടി ഫിലിം ഫെസ്റ്റിവൽ വെള്ളിത്തിര, 25 ന് നാടകം മൂക്കുത്തി, 26 ന് കാലവിരുന്ന് അരങ്ങും അണിയറയും, 27 ന് വനിതകൾ അരങ്ങിൽ എത്തിക്കുന്ന ‘പെണ്ണകം’ ബഹുഭാഷാഗീതവും അരങ്ങേറും.
സമാപനദിവസം സാംസ്കാരിക പരിപാടി ജില്ലാപഞ്ചായത്ത് പ്രസിഡന്റ് ഷീജ ശശി ഉദ്ഘാടനം ചെയ്യും. പ്രശസ്ത സിനിമാ പിന്നണിഗായിക മൃദുല വാര്യർ മുഖ്യാതിഥിയാവും.