കൊയിലാണ്ടി വാട്ടർഅതോറിറ്റിയുടെ മൂന്ന് ഓഫീസുകൾ പുതിയ കെട്ടിടത്തിലേക്ക് മാറുന്നു
കൊയിലാണ്ടി : കൊയിലാണ്ടി ടൗണിലെ വാടകക്കെട്ടിടത്തിൽ പ്രവർത്തിക്കുന്ന വാട്ടർഅതോറിറ്റിയുടെ മൂന്ന് ഓഫീസുകൾ പുതിയ കെട്ടിടത്തിലേക്ക് മാറുന്നു.
നഗരത്തിൽ കുടിവെളളമെത്തിക്കാനുളള പദ്ധതിക്ക് മിനി സിവിൽ സ്റ്റേഷന് സമീപം നിർമിച്ച കൂറ്റൻ ജലസംഭരണിയുടെ താഴെയാണ് ഈ മൂന്ന് ഓഫീസിനും ഇടംലഭിച്ചത്. വാട്ടർ അതോറിറ്റി പി.എച്ച്. സബ് ഡിവിഷൻ ഓഫീസ്,വാട്ടർ അതോറിറ്റിയുടെ രണ്ടു സെക്‌ഷൻ ഓഫീസുകൾ എന്നിവയാണ് പുതിയ കെട്ടിടത്തിലേക്ക് മാറുക.
ഫെബ്രുവരി 14-ന് 10.30-ന് കാനത്തിൽ ജമീല എം.എൽ.എ. ഉദ്ഘാടനംചെയ്യും. വാട്ടർ അതോറിറ്റി സബ് ഡിവിഷൻ ഓഫീസും സെക്‌ഷൻ ഓഫീസുകളും വർഷങ്ങളായി സ്വകാര്യവ്യക്തിയുടെ കെട്ടിടത്തിലാണ് പ്രവർത്തിക്കുന്നത്.മുപ്പതോളംജീവനക്കാർ ഇവിടെയുണ്ട്. കൊയിലാണ്ടി നഗരത്തിലും തുറയൂർ പഞ്ചായത്തിലും കുടിവെള്ളമെത്തിക്കാനാണ് 174 കോടി രൂപയുടെ കുടിവെള്ളപദ്ധതി ആവിഷ്‌കരിച്ചത്. ഇതിന്റെ ഭാഗമായിട്ടാണ് മിനി സിവിൽ സ്റ്റേഷന് സമീപം വലിയ ജലസംഭരണി സ്ഥാപിച്ചത്.