കോഴിക്കോട്‌ സൗത്ത് ബീച്ചിലെ പഴയ കടൽപ്പാലം തകർന്നുവീണ് 13 പേർക്ക് പരിക്ക്; രണ്ടുപേരുടെ നില ഗുരുതരം

കോഴിക്കോട്: നവീകരിച്ച സൗത്ത് ബീച്ചിന് സമീപത്തെ പഴയ കടൽപ്പാലം തകർന്നുവീണ് 13 പേർക്ക് പരിക്കേറ്റു. രണ്ടുപേരുടെ നില ഗുരുതരം. ചൊവ്വാഴ്ച രാത്രി 7.45-ഓടെയാണ്‌ അപകടം. സായാഹ്നം ആസ്വദിക്കാനും െസൽഫിയെടുക്കാനും കടൽപ്പാലത്തിൽ കയറിയപ്പോൾ പാലം പൊളിഞ്ഞ് കടലിൽ വീഴുകയായിരുന്നു. പാലത്തിന്റെ ഒരു ഭാഗത്തെ സ്ലാബ് മുഴുവനായും പൊട്ടിവീണു.

 

മലപ്പുറം, താമരശ്ശേരി സ്വദേശികളായ യുവാക്കൾക്കാണ് പരിക്കേറ്റത്. സുമേഷ് (29), എൽദോ (23), റിയാസ് (25), അനസ് (25), ശില്പ (24), ജിബീഷ് (29), അഷർ (24), സ്വരാജ് (22), ഫാസിൽ (21), റംഷാദ് (27), ഫാസിൽ (24), അബ്ദുൾ അലി (35), ഇജാസ് (21) എന്നിവർക്കാണ് പരിക്കേറ്റത്. ശില്പ, എൽദോ എന്നിവരുടെ നിലയാണ് ഗുരുതരം. ശില്പയുടെ തലയ്ക്കാണ് പരിക്ക്. എൽദോയെ മെഡിക്കൽകോളേജ് ആശുപത്രിയിലേക്ക് മാറ്റി. മറ്റുള്ളവരെ ബീച്ച് ജനറൽ ആശുപത്രിയിലും പ്രവേശിപ്പിച്ചു.

 

പാലത്തിൽ കയറരുതെന്ന ലൈഫ് ഗാർഡിന്റെ നിർദേശം ലംഘിച്ചാണ് യുവാക്കൾ പാലത്തിൽ കയറിയതെന്ന് ദൃക്‌സാക്ഷികൾ പറഞ്ഞു. അപകടം നടന്ന ഭാഗത്ത് കടൽവെള്ളത്തിൽ രക്തം കണ്ടുവെന്ന് ദൃക്‌സാക്ഷികൾ പറഞ്ഞതിന്റെ അടിസ്ഥാനത്തിൽ മറ്റാരെങ്കിലും കുടുങ്ങിയിട്ടുണ്ടോ എന്നറിയാനായി ബീച്ച് ഫയർഫോഴ്‌സും ടൗൺ‍‍‍‍‍ പോലീസും സ്ലാബുകൾ നീക്കാൻ രാത്രി വൈകിയും തിരച്ചിൽ നടത്തുകയാണ്. ജെ.സി.ബി. കൊണ്ട്‌ സ്ലാബുകൾ നീക്കി രക്ഷാപ്രവർത്തനം നടത്താനായിരുന്നു ആദ്യം ശ്രമിച്ചത്. എന്നാൽ ബീച്ചിലേക്ക് ജെ.സി.ബി. എത്തിക്കാൻ സാധിക്കാത്തതിനാൽ കട്ടർ ഉപയോഗിച്ച് സ്ലാബുകൾ മുറിച്ചു നീക്കിയാണ് രക്ഷാപ്രവർത്തനം. കളക്ടർ എസ്. സാംബശിവറാവു, മേയർ തോട്ടത്തിൽ രവീന്ദ്രൻ, ഹെൽത്ത് ഓഫീസർ ഡോ. ആർ.എസ്. ഗോപകുമാർ എന്നിവർ സ്ഥലത്തെത്തി.
Comments

COMMENTS

error: Content is protected !!