KOYILANDILOCAL NEWS

കൊറോണ ഗജ റാണിയും ലോക്ക് ആയി


കൊയിലാണ്ടി: കോവിഡ് വ്യാപന ഭീതിയില്‍ രാജ്യത്ത് പ്രഖ്യാപിച്ച സമ്പൂര്‍ണ്ണ ലോക്ക് ഡൗണിന്റെ ഭാഗമായുള്ള സമൂഹ സമ്പര്‍ക്ക നിയന്ത്രണം കേരളത്തിലെ ഉത്സവാഘോഷങ്ങള്‍ക്ക് ചില്ലറയൊന്നുമല്ല ആഘാതമേല്‍പ്പിച്ചത്. സാധാരണയായി മലബാറിലെ ക്ഷേത്രോത്സവങ്ങള്‍ പരിസമാപ്തിയിലേക്ക് നീങ്ങുന്ന ഘട്ടമാണിപ്പോള്‍. സീസണിലെ ഏറ്റവും തിരക്കേറിയ സമയത്തുണ്ടായ ഇത്തരമൊരവസ്ഥ ഉത്സവാഘോഷങ്ങളുമായി ബന്ധപ്പെട്ടു നില്‍ക്കുന്ന സര്‍വ്വ തൊഴില്‍ രംഗങ്ങളേയും പ്രതികൂലമായി ബാധിക്കാനിടയാക്കി. പരമ്പരാഗത കലകളിലൂടെ ഉപജീവനം കണ്ടെത്തിയ നിരവധി കലാകാരന്മാരുടെ കുടുംബങ്ങളാണ് നിസ്സഹായരായത്. ക്ഷേത്ര വരുമാനങ്ങളില്‍ തന്നെ ഇത് വന്‍തോതില്‍ ഇടിച്ചിലുണ്ടാക്കി. എല്ലാറ്റിനുമുപരി ഉത്സവച്ചടങ്ങുകളില്‍ എഴുന്നെള്ളിക്കാറുള്ള ഗജവീരന്മാരുടെ പരിപാലനവും ഇപ്പോള്‍ അസാധ്യമാവുകയാണ്. പ്രതിവര്‍ഷം ഉത്സവവേളകളില്‍ ലഭിക്കുന്ന വരുമാനമാണ് ഉടമകള്‍ ആനകളുടെ പരിപാലനത്തിനായി നീക്കിവെക്കാറുള്ളത്. മലബാറിലെ പല പ്രമുഖ ക്ഷേത്രോത്സവങ്ങള്‍ക്കും കടിഞ്ഞാണ്‍ വീണതോടെ ഗജ പരിപാലനം ഗതിമുട്ടുന്ന സ്ഥിതിയിലാണ്. ജനപ്രിയരായ മിക്ക ഗജവീരന്മാരും ഗജറാണിമാരും വിശ്രമത്തിലാണിപ്പോള്‍. മലബാറിന്റെ ഗജറാണിയെന്ന് വിശേഷിപ്പിക്കുന്ന കൊയിലാണ്ടി കൊരയങ്ങാട് തെരുവിലെ കളിപ്പുരയില്‍ ശ്രീദേവി ശ്രീലകത്ത് ഇപ്പോള്‍ ആളാരവങ്ങളൊഴിഞ്ഞ് തേപ്പും കുളിയുമായി സമ്പൂര്‍ണ്ണ വിശ്രമത്തിലാണ്. മേഖലയിലെ ഏറിയ പങ്കും ഉത്സവച്ചടങ്ങുകളില്‍ നിറസാന്നിധ്യമാണ് ശ്രീദേവി.മലബാറിലെ പിഷാരികാവ് ഉള്‍പ്പെടെയുള്ള ക്ഷേത്രങ്ങളില നാന്ദകം എഴുന്നെള്ളിക്കാറുള്ളത് ഈ സഹ്യപുത്രിയാണ്. ആനപ്രേമികളുടെ ആരാധ്യയായ ശ്രീദേവിയുടെ ഇഷ്ട ഭക്ഷണമായ പനമ്പട്ട എത്തിക്കാനും പ്രയാസം നേരിടുന്നതായി സംരക്ഷകരായ കളിപ്പുരയില്‍ രവീന്ദ്രനും മകന്‍ രസ്ജിത്തും പറയുന്നു. ശ്രീദേവിയുടെ പാപ്പാന്മാരും കൊറോണയെന്ന മഹാമാരിയെ ശപിക്കുകയാണിപ്പോള്‍. കാരണം ഉത്സവകാലത്തെ ബത്തയായിരുന്നു ഇവരുടെയും കുടുംബങ്ങളുടേയും എക വരുമാനം.

Comments

Related Articles

Leave a Reply

Your email address will not be published. Required fields are marked *

Back to top button