കൊറോണ: നിയന്ത്രണ പ്രവർത്തനങ്ങൾ പുരോഗമിക്കുന്നു
കൊറോണ നിയന്ത്രണവുമായി ബന്ധപ്പെട്ട് ജില്ലയില്‍ വിവിധതലങ്ങളില്‍ ഇതുവരെ നടത്തിയ പ്രവര്‍ത്തനങ്ങള്‍ ജില്ലാ കലക്ടര്‍ സാംബശിവറാവു അവലോകനം നടത്തി. നിലവില്‍ വീടുകളില്‍ നിരീക്ഷണത്തില്‍ കഴിയുന്നവര്‍ക്ക് ആരോഗ്യപ്രവര്‍ത്തകര്‍ നല്‍കുന്ന മാര്‍ഗനിര്‍ദേശങ്ങളിലും ജില്ലാ മാനസികാരോഗ്യ പദ്ധതിയുടെ ഭാഗമായി നടത്തുന്ന മെന്റല്‍ ഹെല്‍ത്ത് ഹെല്‍പ്പ്‌ലൈന്‍ പ്രവര്‍ത്തനങ്ങളും കലക്ടര്‍ വിലയിരുത്തി.
പുതുതായി എട്ടുപേരുള്‍പ്പെടെ 378 പേര്‍ ജില്ലയില്‍ നിരീക്ഷണത്തിലാണ്. അതില്‍ ഒരാള്‍ ബീച്ച് ആശുപത്രിയിലാണ് നിരീക്ഷണത്തിലുള്ളത്. ചൈനയില്‍ നിന്നും വന്ന വീടുകളില്‍ നിരീക്ഷണത്തില്‍ കഴിയുന്ന നാലുപേരുമായി കലക്ടര്‍ ഫോണില്‍ ബന്ധപ്പെടുകയും സുഖവിവരങ്ങള്‍ അന്വേഷിക്കുകയും ചെയ്തു. കോഴിക്കോട് എയര്‍പോര്‍ട്ടിലേക്ക് അന്താരാഷ്ട്ര വിമാനങ്ങളില്‍ എത്തുന്ന യാത്രക്കാരുടെ നിരീക്ഷണ സംവിധാനത്തെ കുറിച്ച് എയര്‍പോര്‍ട്ട് ഹെല്‍ത്ത് ഓഫീസര്‍ ഡോ. ജലാലുദ്ദീനുമായി ഫോണില്‍ ചര്‍ച്ച നടത്തി.
സ്വകാര്യ ആശുപത്രികളുമായി ജില്ലാ മെഡിക്കല്‍ ഓഫീസറുടെ നേതൃത്വത്തില്‍ ജില്ലാ ആരോഗ്യവകുപ്പ് നടത്തിയ വീഡിയോ കോണ്‍ഫറന്‍സും പരിശീലനപരിപാടികളും ഇനിയും തുടരണമെന്നും കലക്ടര്‍ നിര്‍ദേശിച്ചു. കൊറോണ നിയന്ത്രണവുമായി ബന്ധപ്പെട്ട് ജില്ലാ കലക്ടറുടെ ചേമ്പറില്‍ നടത്തിയ അവലോകനയോഗത്തില്‍ സംസാരിക്കുകയായിരുന്നു അദേഹം. ആരോഗ്യവകുപ്പിലെ മുതിര്‍ന്ന ഉദ്യോഗസ്ഥര്‍ യോഗത്തില്‍ പങ്കെടുത്തു.