CALICUTDISTRICT NEWS

കൊറോണ വൈറസ്; കോഴിക്കോട് ചികിത്സ തേടിയ സ്ത്രീയുടെ സാമ്പിളുകൾ ഇന്ന് വൈറോളജി ഇൻസ്റ്റിറ്റ്യൂട്ടിലേക്ക് അയക്കും

കൊറോണ വൈറസ് ബാധ സംശയയത്തെ തുടർന്ന് കോഴിക്കോട് ബീച്ച് ആശുപത്രിയിൽ ചികിത്സ തേടിയ സ്ത്രീയുടെ സാമ്പിളുകൾ ഇന്ന് പൂനെ വൈറോളജി ഇൻസ്റ്റിറ്റ്യൂട്ടിലേക്ക് അയക്കും. ജില്ലയിൽ 115 പേരാണ് വീടുകളിൽ നിരീക്ഷണത്തിൽ ഉള്ളത്. മെഡിക്കൽ കോളജ് ആശുപത്രിയിലും ബീച്ച് ആശുപത്രിയിലും നിരീക്ഷണ വാർഡുകൾ ഒരുക്കിയിട്ടുണ്ട്

 

സിംഗപ്പൂരിൽ നിന്നും വിനോദയാത്ര കഴിഞ്ഞു വന്ന കോഴിക്കോട് സ്വദേശിനിയെ കഴിഞ്ഞ ദിവസമാണ് ബീച്ച് ആശുപത്രിയിൽ പ്രവേശിപ്പിച്ചത്. പനിയും ചുമയും മാറാത്തതിനെ തുടർന്നാണ് ഇവരെ സ്വകാര്യ ആശുപത്രിയിൽ നിന്നും ബീച്ച് ആശുപത്രിയിലേക്ക് മാറ്റിയത്. ഇവരെ പ്രത്യേക നിരീക്ഷണ വാർഡിലേക്ക് മാറ്റി. ഇവരുടെ സാമ്പിളുകൾ പൂനെ വൈറോളജി ഇൻസ്റ്റിറ്റ്യൂട്ടിലെക്ക് അയക്കുമെന്ന് കോഴിക്കോട് ബീച്ച് ആശുപത്രി സൂപ്രണ്ട് പറഞ്ഞു.

 

ജില്ലയിൽ 115 പേരാണ് വീടുകളിൽ നിരീക്ഷണത്തിലുള്ളത്. ഇവർ 28 ദിവസം വരെ നിരീക്ഷണത്തിൽ തുടരും. മെഡിക്കൽ കോളജ് ആശുപത്രയിലും ബീച്ച് ആശുപത്രിയിലും എല്ലാ സജ്ജീകരണങ്ങളും ഒരുക്കിയിട്ടുണ്ടെന്നും അധികൃതർ അറിയിച്ചു. വിദേശത്തു നിന്നും നാട്ടിലെത്തുന്നവർ ആശുപത്രിയിൽ റിപ്പോർട്ട് ചെയ്യണമെന്നും ആരോഗ്യവകുപ്പ് കർശന നിർദേശം നൽകിയിട്ടുണ്ട്.

 

അതേ സമയം, കൊറോണ വൈറസ് ബാധയുമായി ബന്ധപ്പെട്ട് സംസ്ഥാനത്ത് 633 പേര്‍ നിരീക്ഷണത്തിലെന്ന് ആരോഗ്യമന്ത്രി കെ കെ ഷൈലജ പറഞ്ഞിരുന്നു. ഏഴ് പേര്‍ രോഗലക്ഷണങ്ങള്‍ കാണിക്കുന്നുവെന്നും 10 പേരുടെ സാമ്പിളുകള്‍ പരിശോധനയ്ക്കയച്ചുവെന്നും മന്ത്രി പറഞ്ഞു. അതേ സമയം കേരളത്തില്‍ ആശങ്കപ്പെടേണ്ട സാഹചര്യം ഇല്ലെന്ന് കേന്ദ്ര ആരോഗ്യസംഘം വിലയിരുത്തി.

 

കൊറോണ വൈറസ് ബാധയെത്തുടർന്ന് ചൈനയിൽ മരിച്ചവരുടെ എണ്ണം 132 ആയി. ഏകദേശം 6052 പേര്‍ക്ക് രോഗം സ്ഥിരീകരിച്ചതായാണ് റിപ്പോര്‍ട്ട്. ഹുബായ് പ്രവിശ്യയില്‍ മാത്രം 840 പേര്‍ക്കാണ് പുതുതായി കൊറോണ വൈറസ് ബാധ സ്ഥിരീകരിച്ചത്.
Comments

Related Articles

Leave a Reply

Your email address will not be published. Required fields are marked *

Back to top button