ഹോട്ടൽ ഉടമ സിദ്ദിഖിന്റെ കൊലപാതകത്തിന് പിന്നിൽ ഹണി ട്രാപ്പാണെന്ന് സ്ഥിരീകരിച്ച് പോലീസ്

കോഴിക്കോട് ഹോട്ടൽ ഉടമയായ സിദ്ദിഖിന്റെ കൊലപാതകത്തിന് പിന്നിൽ ഹണി ട്രാപ്പാണെന്ന് പോലീസ് സ്ഥിരീകരിച്ചു. ഹണി ട്രാപ്പാണെന്ന് പ്രതികൾ മൂന്നുപേർക്കും അറിയമായിരുന്നുവെന്ന് മലപ്പുറം എസ്.പി. സുജിത് ദാസ് പറഞ്ഞു. 

ഫർഹാന പതിനെട്ടാം തീയതി ഷൊർണൂരിൽ നിന്നും  ചിക്കുവെന്ന ആഷിക്കും മറ്റൊരു ട്രെയിനിൽ എത്തി റൂം എടുത്ത ശേഷം സിദ്ദിഖുമായി സംസാരിച്ചു. മുറിയിൽവെച്ച് നഗ്നഫോട്ടോയെടുക്കാൻ ശ്രമം നടത്തി. പണം ആവശ്യപ്പെട്ട് ഭീഷണിപ്പെടുത്തി. തുടർന്ന് ബലപ്രയോഗമുണ്ടാവുകയും സിദ്ദിഖ് താഴെ വീഴുകയും ചെയ്തു. ഫർഹാനയുടെ കൈയിൽ ചുറ്റികയുണ്ടായിരുന്നു. വീണപ്പോൾ ഷിബിലി ചുറ്റികകൊണ്ട് സിദ്ദിഖിന്റെ തലയ്ക്കടിച്ചു. ആഷിഖ് നെഞ്ചിൽ ചവിട്ടിയതിനെത്തുടർന്ന് സിദ്ദിഖിന്റെ വാരിയെല്ലുകൾ തകർന്നു. തുടർന്ന് തുടർച്ചയായി മൂന്നുപേരും ആക്രമിച്ചു. ഇത് ശ്വാസകോശത്തെ ബാധിച്ചു. തുടർച്ചയായ ആക്രമണം കാരണമാണ് മരണപ്പെടുന്നതെന്നാണ് പോസ്റ്റ്മോർട്ടത്തിൽ മനസിലാകുന്നുവെന്നും എസ്.പി. സുജിത്ത് ദാസ് പറഞ്ഞു.ഷിബിലിയുടെ കൈയിൽ കത്തി കരുതിയിരുന്നു. ഈ കത്തി ചൂണ്ടിയാണ് സിദ്ദിഖിനെ ഭീഷണിപ്പെടുത്തുന്നത്.

കൊലയാളികൾ മുന്നൊരുക്കങ്ങളോടെയാണ് എത്തിയത്. ഹണി ട്രാപ്പ് ശ്രമത്തിനിടെ ആക്രമണം ഉണ്ടായാൽ തിരിച്ചടിക്കാനുള്ള തയ്യാറെടുപ്പുകൾ ഇവരുടെ ഭാഗത്തുനിന്നും ഉണ്ടായിരുന്നുവെന്നും എസ്.പി. വ്യക്തമാക്കി.
കൊലപാതകം നടന്ന ദിവസം മാനാഞ്ചിറയിൽ നിന്ന് ട്രോളി ബാഗ് വാങ്ങി. ഒരു ബാഗിൽ മൃതദേഹം കയറില്ലെന്ന് മനസിലാക്കി മെക്കനൈസ്ഡ് കട്ടർ വാങ്ങി. അതും കോഴിക്കോട് ടൗണിൽ നിന്നാണ് വാങ്ങിയത്. നേരത്തെ ബാഗ് വാങ്ങിയ അതേ കടയിൽനിന്നാണ് വീണ്ടും ട്രോളി ബാഗ് വാങ്ങിയത്. ജി 4 റൂമിന്റെ ബാത്ത് റൂമിൽവെച്ച് കട്ട് ചെയ്തു. രണ്ടുഭാഗമായി മുറിച്ച് അട്ടപ്പാടിയിൽ കൊണ്ടുപോയി തള്ളി. ആയുധങ്ങളും രക്തം തുടയ്ക്കാൻ ഉപയോഗിച്ച വസ്ത്രങ്ങളും ഒരു സ്ഥലത്ത് കൊണ്ടുപോയി തള്ളിയിട്ടുണ്ട്. കാർ ഉപേക്ഷിച്ചു. തെളിവ് നശിപ്പിക്കാനുള്ള കാര്യങ്ങളും ചെയ്തിട്ടുണ്ട്.

ഇക്കാര്യങ്ങളെല്ലാം അവർ പോലീസിനോട് പറഞ്ഞിട്ടുണ്ട്. അടിയന്തരമായി തെളിവുകൾ ശേഖരിക്കണം. തെളിവെടുപ്പും വീണ്ടെടുക്കലും ഇന്നുണ്ടാകും. ആഷിഖാണ് അട്ടപ്പാടിയിൽ മൃതദേഹം ഉപേക്ഷിക്കാനുള്ള ഐഡിയ നൽകിയത്. ചുരത്തിന്റെ ഏറ്റവും മുകളിൽ കൊണ്ടുപോയി ഉപേക്ഷിക്കാനായിരുന്നു പദ്ധതി. ചെറുതുരുത്തിയിൽ നിന്നാണ് കാർ കണ്ടെത്തിയത്. ഫർഹാനയെ സംഭവത്തിന് ശേഷം വീട്ടിൽ കൊണ്ടുവിട്ടിരുന്നുവെന്നും എസ്.പി. സുജിത് ദാസ് മാധ്യമങ്ങളോട് പറഞ്ഞു.

Comments

COMMENTS

error: Content is protected !!