കൊല്ലം പിഷാരികാവ് ക്ഷേത്രത്തിൽ സരസ്വതിമണ്ഡപ നിർമാണം തുടങ്ങി
കൊല്ലം പിഷാരികാവ് ക്ഷേത്രത്തിൽ സരസ്വതിമണ്ഡപ നിർമാണം തുടങ്ങി. ക്ഷേത്രത്തിന്റെ കിഴക്കുഭാഗത്താണ് പുതിയതായി മണ്ഡപം നിർമിക്കുന്നത്. നവരാത്രി മഹോത്സവത്തിനും കാർത്തികവിളക്ക് ആഘോഷത്തിനും നൃത്ത-സംഗീത അർച്ചനകൾ നടത്തുന്നതിനും കലോപാസകർക്ക് അരങ്ങേറ്റം കുറിക്കുന്നതിനും പുതുതായി നിർമിക്കുന്ന സരസ്വതിമണ്ഡപം വേദിയാകും. ഭക്തന്മാർക്ക് വിശ്രമിക്കാനും മണ്ഡപം പ്രയോജനപ്പെടുമെന്ന് ട്രസ്റ്റി ബോർഡ് ചെയർമാൻ വാഴയിൽ ബാലൻ നായർ, എക്സിക്യുട്ടീവ് ഓഫീസർ കെ. ജഗദീഷ് പ്രസാദ് എന്നിവർ പറഞ്ഞു.
മണ്ഡപത്തിനുവേണ്ടി തച്ചുശാസ്ത്രവിദഗ്ധൻ കാണിപ്പയ്യൂർ കൃഷ്ണൻ നമ്പൂതിരിപ്പാടിന്റെ നിർദേശപ്രകാരം തയ്യാറാക്കിയ 25 ലക്ഷം രൂപയുടെ പ്ലാനും എസ്റ്റിമേറ്റും ട്രസ്റ്റി ബോർഡ് യോഗം അംഗീകരിച്ച് മലബാർ ദേവസ്വം ബോർഡിന്റെ അംഗീകാരത്തിനായി നൽകുകയായിരുന്നു. ആർ.കെ. ഇൻഡസ്ട്രീസാണ് ടെൻഡർ ഏറ്റെടുത്തിരിക്കുന്നത്. 2023-ലെ കാളിയാട്ട മഹോത്സവത്തിനുമുമ്പായി പണി പൂർത്തിയാക്കാൻ ഉദ്ദേശിച്ചിരുന്നെങ്കിലും ഹൈക്കോടതിയിൽ കേസുള്ളതിനാൽ തുടങ്ങാനായില്ല. ഇക്കഴിഞ്ഞ ഓഗസ്റ്റിൽ ഹൈക്കോടതി സ്റ്റേ നീക്കിയ സാഹചര്യത്തിലാണ് മണ്ഡപനിർമാണം തുടങ്ങിയത്.
നവരാത്രി ആഘോഷത്തിനുമുൻപ് കെട്ടിടനിർമാണം പൂർത്തിയാക്കാനാണ് ദേവസ്വം ശ്രമിക്കുന്നത്. ഇതിനുപുറമേ നാലമ്പലം പുതുക്കിപ്പണിയുന്നതിനുള്ള പ്ലാനിനും എസ്റ്റിമേറ്റിനും അംഗീകാരം ലഭിച്ചിട്ടുണ്ട്.