കൊല്ലത്ത് നീറ്റ് പരീക്ഷയ്‌ക്കിടെ അപമാനിക്കപ്പെട്ട വിദ്യാർത്ഥിനികൾക്ക് വീണ്ടും പരീക്ഷ നടത്തും
കൊല്ലം: നീറ്റ് പരീക്ഷയ്‌ക്കിടെ അപമാനിക്കപ്പെട്ട വിദ്യാർത്ഥിനികൾക്ക് വീണ്ടും പരീക്ഷ നടത്തും. സെപ്തംബർ നാലിന് പരീക്ഷ നടത്തുമെന്നാണ് ദേശീയ ടെസ്റ്റിംഗ് ഏജൻസി അറിയിച്ചത്. കൊല്ലം ആയൂർ മാർത്തോമ ഇൻസ്റ്റിറ്റ്യൂട്ട് ഒഫ് ഇൻഫർമേഷൻ ആന്റ് ടെക്‌നോളജിയിൽ പരീക്ഷയെഴുതാനെത്തിയ വിദ്യാർത്ഥിനികളെയാണ് പരിശോധനയുടെ പേരിൽ അപമാനിച്ചത്. ഈ കേന്ദ്രത്തിൽ പരീക്ഷയെഴുതിയ പെൺകുട്ടികൾക്ക് മാത്രമാണ് വീണ്ടും പരീക്ഷയെഴുതാൻ അനുമതി നൽകിയിരിക്കുന്നത്.
വിദ്യാർത്ഥികളുടെ അടിവസ്ത്രം അഴിപ്പിച്ച് പരിശോധിച്ച സംഭവത്തിലാണ് നടപടി. വീണ്ടും പരീക്ഷ നടത്തുമെന്ന് കാണിച്ചുള്ള ദേശീയ ടെസ്റ്റിംഗ് ഏജൻസിയുടെ അറിയിപ്പ് കിട്ടിയതായി രക്ഷിതാക്കൾ പറഞ്ഞു.
പരീക്ഷാ ഹാളിലേക്ക് പ്രവേശിപ്പിക്കുന്നതിന് മുമ്പ് നടത്തുന്ന സ്‌കാനിംഗിനിടെ പെൺകുട്ടികളുടെ ഉൾവസ്ത്രത്തിൽ ലോഹഹൂക്ക് ഉണ്ടെന്ന വിചിത്രമായ കാരണം പറഞ്ഞ് അത് ഊരി മാറ്റിച്ച ശേഷമാണ് പരീക്ഷയെഴുതിച്ചത്. സംഭവം വൻ വിവാദമായതോടെ പാർലമെന്റിലടക്കം പ്രതിഷേധം ഉയർന്നിരുന്നു.
സംഭവം വിവാദമായതോടെ ദേശീയ ടെസ്റ്റിംഗ് ഏജൻസി അന്വേഷണ കമ്മീഷനെ വച്ചിരുന്നു. വിദ്യാർത്ഥിനികളുടെ മൊഴിയടക്കം കമ്മീഷൻ രേഖപ്പെടുത്തിയിരുന്നു. ഇത്തരത്തിലുള്ള പ്രശ്നങ്ങൾ ഉണ്ടായതിനാൽ പരീക്ഷ നന്നായി എഴുതാൻ കഴിഞ്ഞില്ലെന്നും വീണ്ടും അവസരം നൽകണമെന്നും വിദ്യാർത്ഥിനികൾ ആവശ്യപ്പെട്ടിരുന്നു.