KERALA
കൊല്ലത്ത് വീണ്ടും സദാചാര ഗുണ്ടായിസം; ദമ്പതികളെ ആക്രമിച്ച അഞ്ചംഗ സംഘം പിടിയിൽ

കൊല്ലത്ത് വീണ്ടും സദാചാര ഗുണ്ടായിസം. കാറിലെത്തിയ ദമ്പതികളെ അഞ്ചംഗ സംഘം ആക്രമിച്ചു.
കുണ്ടറ മുളവന സ്വദേശികളായ ദമ്പതികളും അവരുടെ സുഹൃത്തുക്കളുമാണ് ആക്രമണത്തിനിരയായത്. യുവാവിന് കൊച്ചി ഇൻഫോപാർക്കിൽ ജോലി ലഭിച്ചിരുന്നു. ഇതിനായി കൊല്ലത്ത് നിന്ന് കൊച്ചിയിലേക്ക് പോവുകയായിരുന്നു. ഇതിനിടെ ഇവർ സഞ്ചരിച്ച കാർ കേടായി. കേടായ കാർ ശരിയാക്കാൻ ഇറങ്ങുമ്പോഴാണ് സദാചാര ഗുണ്ടായിസം ഉണ്ടാകുന്നത്.
അക്രമിസംഘം യുവാവിനോട് തട്ടിക്കയറുന്നത് കണ്ട് ഭയന്ന യുവതി വീഡിയോ ചിത്രീകരിക്കാൻ ശ്രമിച്ചു. ഇത് കണ്ട സംഘം യുവതിയിൽ നിന്ന് ഫോൺ തട്ടിയെടുത്തു. പിന്നീട് യുവാവിനെയും കൂടെയുള്ള സുഹൃത്തുക്കളെയും ആക്രമിച്ചു. പിന്നാലെ വന്ന ഓട്ടോറിക്ഷാ ഡ്രൈവറുടെ സഹായത്തോടെയാണ് ഇവർ അക്രമി സംഘത്തിൽ നിന്ന് രക്ഷപ്പെട്ടത്. പിന്നീട് ശക്തികുളങ്ങര പൊലീസ് സ്റ്റേഷനിലെത്തി ഇവർ പരാതിപ്പെടുകയായിരുന്നു.
ശക്തികുളങ്ങര സ്വദേശികളായ സുനി,കണ്ണൻ,കാവനാട് സ്വദേശി വിജയലാൽ എന്നിവർ സംഭവവുമായി ബന്ധപ്പെട്ട് അറസ്റ്റിലായിട്ടുണ്ട്.
Comments