കൊളത്തറ ആത്മ വിദ്യാസംഘം യു പി സ്കൂളിൽ സ്കൂൾ പാർലമെൻ്റ് തെരഞ്ഞെടുപ്പ് നടത്തി
കൊളത്തറ: കൊളത്തറ ആത്മ വിദ്യാ സംഘം യു.പി സ്കൂളിൽ 2022-23 വർഷത്തെ സ്കൂൾ പാർലമെൻറ് തെരഞ്ഞെടുപ്പ് നടത്തി. സ്ഥാനാർത്ഥികൾക്കു വേണ്ടിയുള്ള പ്രചരണവും, വോട്ടു പിടിക്കലും, വോട്ടർ പട്ടികയും, ബാലറ്റ് പേപ്പറും, ബാലറ്റ് പെട്ടിയും, വിരലിൽ മഷി പുരട്ടലും, പ്രിസൈഡിംഗ് ഓഫീസറും, കനത്ത മഴയത്തും വോട്ടു ചെയ്യാനെത്തിയവരുടെ നീണ്ട ക്യൂവും, സഹായിക്കാൻ പൊലീസും ഭിന്നശേഷിക്കാർക്ക് പ്രത്യേക പരിഗണനയും എല്ലാം ചേർന്ന് നാട്ടിലെ തെരഞ്ഞെടുപ്പിൻ്റെ അതേ മട്ടിലും മാതിരിയിലും ആയിരുന്നു ഇത്തവണയും സ്കൂൾ ലീഡർ തെരഞ്ഞെടുപ്പ്.
രണ്ടാം ക്ലാസ് മുതലുള്ള കുട്ടികൾക്കായിരുന്നു വോട്ടു ചെയ്യാനുള്ള അവകാശം.തൊണ്ണൂറ് ശതമാനത്തിനു മുകളിൽ നടന്ന പോളിങ്ങിനു ശേഷം ഉച്ചയോടെ ഫല പ്രഖ്യാപനവും നടത്തി.സ്ഥാനാർത്ഥികളുടേയും, അവരുടെ കൗണ്ടിംഗ് ഏജൻ്റുമാരുടെയും സാന്നിധ്യത്തിലായിരുന്നു വോട്ടെണ്ണൽ.
ഏഴാംതരം ബി ക്ലാസിലെ ഫാത്തിമ റാഷിദയാണ് ഇത്തവണ സ്കൂൾ ലീഡറായി തെരഞ്ഞെടുക്കപ്പെട്ടത്. കൊളത്തറ കുറുവുണ്ണി വയൽ ബൈത്തു സലാമയിൽ സഹീറയുടേയും അബ്ദുൾ ലത്തീഫിൻ്റെയും മകളാണ്.
ഡെപ്യൂട്ടി ലീഡറായി ഏഴ് എ ക്ലാസിലെ ദിൽന ഷെറിനെ തെരഞ്ഞെടുത്തു. വല്ലിച്ചിലോട്ട് കള്ളിക്കുന്നിലെ സി.വി. ഫർഹാനയുടേയും, വി.ജംഷീറിൻ്റെയും മകളാണ്. തിങ്കളാഴ്ച കാലത്ത് സ്കൂൾ അസംബ്ലിയിൽ രണ്ടു പേരുടേയും സത്യപ്രതിജ്ഞയും, നയപ്രഖ്യാപനവും നടക്കും.