കോടിയേരി ബാലകൃഷ്ണന് പയ്യാമ്പലത്ത് സ്മാരകമൊരുങ്ങുന്നു
സിപിഐഎം മുന്‍ സംസ്ഥാന സെക്രട്ടറി കോടിയേരി ബാലകൃഷ്ണന് പയ്യാമ്പലത്ത് സ്മാരകമൊരുങ്ങുന്നു. സംസ്‌കാരം നടന്ന കടല്‍ത്തീരത്ത് തന്നെയാണ് സ്മൃതിമണ്ഡപം ഒരുങ്ങുന്നത്. ഒന്നാം ചരമ വാര്‍ഷിക ദിനമായ ഒക്ടോബര്‍ ഒന്നിന് സ്മാരകം അനാച്ഛാദനം ചെയ്യും. ഇകെ നായനാരുടെയും ചടയന്‍ ഗോവിന്ദന്റെയും സ്മൃതിമണ്ഡപങ്ങള്‍ക്കിടയിലാണ് കോടിയേരിയുടെ സ്മാരകവും നിര്‍മിച്ചിരിക്കുന്നത്.
പ്രശസ്ത ശില്‍പി ഉണ്ണി കനായിയാണ് 11 അടി ഉയരമുള്ള സ്മാരകത്തിന്റെ രൂപകല്‍പ്പനയും നിര്‍മാണവും നടത്തുന്നത്. വിടപറഞ്ഞ് ഒരു വര്‍ഷമാകുമ്പോഴും പ്രിയ നേതാവിന്റെ ഓര്‍മകള്‍ തിരയടിക്കുന്ന പയ്യാമ്പലത്ത് എത്തുന്നവരേറെയാണ്. ചിരിയോടെ മാത്രം കാണുന്ന കോടിയേരിയെന്ന മനുഷ്യസ്നേഹിയായ നേതാവിനെ അടയാളപ്പെടുത്തുന്ന സ്തൂപമാണ് ഒരുക്കുന്നത്.പോരാട്ടവും ചരിത്രവും ഇഴചേരുന്ന സ്തൂപത്തിന്റെ അവസാനവട്ട മിനുക്കുപണികള്‍ മാത്രമേ ഇനി ബാക്കിയുള്ളൂ.
പാറിപ്പറക്കുന്ന ചെങ്കൊടിയും വാനിലുയര്‍ന്നുനില്‍ക്കുന്ന നക്ഷത്രവും കോടിയേരിയുടെ ചിരിക്കുന്ന മുഖവും തന്നെയാണ് സ്മാരകത്തിലെ മുഖ്യ ആകര്‍ഷണം. എട്ടടി വീതിയും നീളവുമുള്ള തറയിലാണ് 11 അടി ഉയരമുള്ള സ്തൂപം ഒരുക്കിയത്. മൂന്നടി വലുപ്പത്തിലുള്ള ഗ്രാനൈറ്റിലാണ് കോടിയേരിയുടെ മുഖം കൊത്തിയെടുത്തത്. എല്ലാവരുടെയും മനസ്സില്‍ പതിഞ്ഞ കോടിയേരിയുടെ ചിരിക്കുന്ന മുഖം തന്നെയാണ് ഗ്രാനൈറ്റില്‍ ഉളി കൊണ്ട് ശില്‍പി കാര്‍വ് ചെയ്‌തെടുത്തിരിക്കുന്നത്.