കോട്ടക്കുന്ന് ഉരുൾപൊട്ടലിൽ കാണാതായ സരോജിനിയുടെ മൃതദേഹം കണ്ടെത്തി
മലപ്പുറം കോട്ടക്കുന്നിൽ ഉരുൾപൊട്ടലിൽ കാണാതായ ഒരാളെ കൂടി കണ്ടെത്തി. സരോജിനിയുടെ മൃതദേഹമാണ് ഇന്ന് ഉച്ചയോടെ കണ്ടെത്തിയത്. സരോജിനിയുടെ മകന്റെ ഭാര്യ ഗീതു, ഗീതുവിന്റെ മകൻ ഒന്നരവയസുള്ള ധ്രുവൻ എന്നിവരുടെ മൃതദേഹങ്ങൾ ഇന്നലെ കണ്ടെത്തിയിരുന്നു. വെള്ളിയാഴ്ച ഉച്ചയ്ക്ക് രണ്ട് മണിയോടെയാണ് കോട്ടക്കുന്ന് പടിഞ്ഞാറെ ചെരുവിൽ ഉരുൾപൊട്ടലുണ്ടായത്.
സരോജിനിയും മകൻ ശരത്തും ചേർന്ന് വീട്ടിലേക്ക് ഒഴുകിയെത്തുന്ന വെള്ളം തൂമ്പയുപയോഗിച്ച് തിരിച്ച് വിടുന്നതിനിടെയാണ് മുകളിൽ നിന്നും മലയുടെ ഒരു ഭാഗം ഇടിഞ്ഞിറങ്ങിയത്. നിമിഷനേരം കൊണ്ട് വീട് മണ്ണിനടിയിൽപെടുകയായിരുന്നു. സരോജിനിയെയും കൊണ്ട് ഓടി മാറാൻ ശരത്ത് ശ്രമിച്ചെങ്കിലും ഇവർ മണ്ണിനടിയിൽ പെടുകയായിരുന്നു. ശരത്ത് അത്ഭുതകരമായാണ് അപകടത്തിൽ നിന്നും രക്ഷപ്പെട്ടത്. തിരച്ചിലിനിടെ മണ്ണിനടിയിൽ നിന്നും ഒന്നരവയസുകാരൻ ധ്രുവന്റെ കൈയ്യിൽ മുറുകെ പിടിച്ചിരുന്ന നിലയിലാണ് ഗീതുവിന്റെ മൃതദേഹം കണ്ടെത്തിയത്.