കോട്ടയ്ക്കലിൽനിന്ന് മൂന്നംഗസംഘം ടാക്സിഡ്രൈവറെ തട്ടിക്കൊണ്ടുവന്ന് മർദിച്ച് കോഴിക്കോട് നഗരത്തിൽ ഉപേക്ഷിച്ചതായി പരാതി
മൂന്നംഗസംഘം കോട്ടയ്ക്കലിൽനിന്ന് ടാക്സിഡ്രൈവറെ തട്ടിക്കൊണ്ടുവന്ന് മർദിച്ച് കോഴിക്കോട് നഗരത്തിൽ ഉപേക്ഷിച്ചതായി പരാതി. ടാക്ടിഡ്രൈവറുടെ ഉടമസ്ഥതയിലുള്ള ടെമ്പോ ട്രാവലർ സംഘം തട്ടിക്കൊണ്ടുപോയതായും പരാതിയുണ്ട്.
സംഭവത്തിന് പിന്നിൽ മലപ്പുറം സ്വദേശികളാണെന്നാണ് പോലീസിന്റെ പ്രാഥമികനിഗമനം. ഞായറാഴ്ച രാത്രിയാണ് സംഭവം. പെൺസുഹൃത്തുമായി സഞ്ചരിക്കുമ്പോൾ കോട്ടയ്ക്കലിൽവെച്ച് ചുവന്ന കാറിൽവന്ന സംഘം ട്രാവലർ തടഞ്ഞിടുകയും സംഘാംഗങ്ങളിൽ ഒരാൾ ട്രാവലറിന്റെ നിയന്ത്രണം ഏറ്റെടുക്കുകയും ചെയ്യുകയായിരുന്നു.
അതിനിടയിൽ പെൺസുഹൃത്ത് വണ്ടിയിൽ നിന്ന് ഇറങ്ങിപ്പോയി. പിന്നീട് കോട്ടയ്ക്കലിൽ നിന്ന് തുടങ്ങി കോഴിക്കോട്, കൊയിലാണ്ടി എന്നീ സ്ഥലങ്ങളിലൂടെ കറങ്ങി. അതിനിടയിൽ നാല്പത്തിയഞ്ചുകാരനായ ഡ്രൈവറെ സംഘം മർദിക്കുകയും അവശനിലയിലായപ്പോൾ അർധരാത്രിയോടെ നഗരത്തിൽ സരോവരത്തിന് സമീപം ഇറക്കിവിടുകയുമായിരുന്നു. തുടർന്ന് സംഘം ടെമ്പോ ട്രാവലറുമായി കടന്നുകളഞ്ഞതായും കോഴിക്കോട് സിറ്റിപോലീസിന് നൽകിയ പരാതിയിൽ പറയുന്നു.
ഡ്രൈവർ നടക്കാവ് പോലീസ് സ്റ്റേഷനിൽ നൽകിയ പരാതിയുടെ അടിസ്ഥാനത്തിലാണ് കേസ് രജിസ്റ്റർചെയ്തത്. മലപ്പുറം പോലീസും കോഴിക്കോട് സിറ്റിപോലീസും സംയുക്തമായാണ് കേസന്വേഷിക്കുന്നത്. നഗരത്തിലുള്ള വിവിധ സി സി ടി വികൾ പരിശോധിച്ചുവരികയാണ്. ഡ്രൈവർ നൽകിയ മൊഴിയുടെ അടിസ്ഥാനത്തിൽ കേസെടുത്തെങ്കിലും സംഭവങ്ങൾ വസ്തുതാപരമായി ശരിയാണോയെന്ന് കൂടുതൽ അന്വേഷണം നടത്തിയാലേ വ്യക്തമാകൂവെന്ന് പോലീസ് പറഞ്ഞു.