കോണ്‍ഗ്രസ് അധ്യക്ഷ തിരഞ്ഞെടുപ്പിലേക്ക് ശശി തരൂര്‍ നാമനിർദേശ പത്രിക സമര്‍പ്പിച്ചു
കോണ്‍ഗ്രസ് അധ്യക്ഷ തിരഞ്ഞെടുപ്പിലേക്ക് ശശി തരൂര്‍ തരൂര്‍ നാമനിർദേശ പത്രിക സമര്‍പ്പിച്ചു. ശശി തരൂരിനൊപ്പം ജാര്‍ഖണ്ഡിലെ നേതാവ് കെ.എന്‍ ത്രിപാഠിയും എഐസിസി ആസ്ഥാനത്ത് എത്തി പത്രിക നല്‍കി. കോണ്‍ഗ്രസ് അധ്യക്ഷ തിരഞ്ഞെടുപ്പില്‍ നാമനിര്‍ദേശ പത്രിക നല്‍കുന്നതിനുള്ള അവസാന തിയതി ഇന്ന് ഉച്ചകഴിഞ്ഞ് മൂന്ന് മണി വരെയാണ്.
പ്രവര്‍ത്തകര്‍ക്കൊപ്പം വാദ്യമേളങ്ങളുടെ അകമ്പടിയോടെയാണ് പത്രിക സമര്‍പ്പിക്കാന്‍ തരൂരെത്തിയത്. പാര്‍ട്ടി കീഴ്ഘടകങ്ങളെ ശക്തിപ്പെടുത്തുമെന്നും യുവജനങ്ങള്‍ക്കും സ്ത്രീകള്‍ക്കും പാര്‍ട്ടിയില്‍ പങ്കാളിത്തം ഉറപ്പാക്കുമെന്നും ശശി തരൂര്‍ പ്രകടനപത്രികയില്‍ വ്യക്തമാക്കിയിട്ടുണ്ട്. മത്സരം പാര്‍ട്ടിയെ ശക്തിപ്പെടുത്താനാണ്. കോണ്‍ഗ്രസിനെക്കുറിച്ച് തനിക്കൊരു കാഴ്ച്ചപ്പാടുണ്ട്. തോല്‍വിയോ ജയമോ പ്രശ്നമല്ലെന്നും ശശി തരൂര്‍ പറഞ്ഞു.
മത്സരത്തിൽ നിന്ന് പിന്മാറില്ലെന്ന് അദ്ദേഹം പറഞ്ഞു. തന്റെ സ്ഥാനാർഥിത്വം ലക്ഷക്കണക്കിന് പ്രവർത്തകരുടെ വികാരമാണ്. ഖർഗെ മത്സരിക്കുന്നതിനെ സ്വാഗതം ചെയ്യുന്നു. ഇതൊരു സൗഹൃദ മത്സരമായിരിക്കും. പ്രസിഡന്റ് സ്ഥാനത്തേക്ക് ആരാണ് വേണ്ടതെന്ന് പ്രവർത്തകർ തീരുമാനിക്കട്ടെയെന്ന് തരൂർ പറഞ്ഞു. തരൂരിന് അൻപതുപേരുടെ പിന്തുണയാണുള്ളത്.