ലഹരി വില്‍പ്പനയും ഉപയോഗവും തടയാൻ കേരള പൊലീസിന്‍റെ  ഡ്രോൺ പരിശോധന തുടങ്ങി

ലഹരി വില്‍പ്പനയും ഉപയോഗവും തടയുക എന്ന ലക്ഷ്യവുമായി കേരള പൊലീസ്  ഡ്രോൺ പരിശോധന തുടങ്ങി. 250 ഗ്രാം തൂക്കമുള്ള നാനോ മോഡൽ ഡ്രോൺ ഉപയോഗിച്ചാണ് പരിശോധന നടത്തുന്നത്.  ഓരോ സ്റ്റേഷനിലും ലഹരിയുമായി ബന്ധപ്പെട്ട എൻ ഡി പി എസ് കേസുകളിലാണ്  ആദ്യമായി  ശ്രദ്ധ കേന്ദ്രീകരിക്കുന്നത്. കണ്ണൂർ സിറ്റി പൊലീസ് പരിധിയിലെ 23 സ്റ്റേഷനുകളിൽ ഏഴെണ്ണത്തിൽ ഡ്രോൺ പരിശോധന നടത്തി. റൂറൽ പൊലീസ്  പരിധിയിലെ 19 സ്റ്റേഷനുകളിൽ മൂന്ന് സ്റ്റേഷനുകളിൽ പരിശോധന പൂർത്തിയായി.

സ്ഥിരമായി ലഹരി ഉപയോഗിക്കുന്ന കേന്ദ്രങ്ങളിലാണ് പട്രോളിംഗ്  നടത്തുന്നത്. ബസ് സ്റ്റാൻഡ്  പരിസരങ്ങൾ, പാർക്കിംഗ് കേന്ദ്രങ്ങൾ എന്നിവ നിരീക്ഷിക്കും. ഇതിന്‍റെ  ലൊക്കേഷൻ വീഡിയോയും ഫോട്ടോയും അതാത് പൊലീസ് സ്റ്റേഷനുകളിലേക്ക് കൈമാറും. ഡയറക്ടർ ജനറൽ ഓഫ് സിവിൽ ഏവിയേഷന്‍റെ ( ഡി ജി സി എ ) കീഴിൽ പരിശീലനം ലഭിച്ച  45 പൊലീസ് അംഗങ്ങളാണ് സംസ്ഥാനത്ത് പൊലീസിന്‍റെ ഡ്രോൺ  കൈകാര്യം ചെയ്യുന്നത്.

ആദ്യഘട്ടത്തിൽ ട്രാഫിക് നിയമലംഘനങ്ങൾ നടത്തുന്നവരെയാണ് ഡ്രോൺ നിരീക്ഷണം നടത്തുക. ബൈക്ക് റേസിംഗ്, ബൈക്ക് സ്റ്റണ്ടിങ് നടത്തുന്നവരെ പിന്തുടര്‍ന്ന് വാഹനത്തിന്റെ രജിസ്ട്രേഷന്‍ നമ്പർ ഡ്രോണില്‍ ഘടിപ്പിച്ചിട്ടുള്ള കാമറ വഴി കൺട്രോൾ റൂമിൽ എത്തിക്കും. നമ്പർ പ്ലേറ്റിൽ രൂപമാറ്റം വരുത്തുന്നവരെയും വാഹനത്തിന്റെ രൂപഭേദം വരുത്തുന്നവർക്കെതിരെയും നടപടി ഉണ്ടാകും. സീബ്രാ ലൈനുകളിൽ വാഹനം നിർത്തുന്നവരെയും ചുവന്ന ലൈറ്റ് ചാടി പോകുന്നവരെയും ഗതാഗത തടസം സൃഷ്ടിച്ച് വാഹന പാർക്കിങ് നടത്തുന്നവരെയും ഡ്രോൺ തിരിച്ചറിയും. ഡ്രോണിലെ അള്‍ട്രാ സൂം കാമറ രാത്രിയിലും പകലും വ്യക്തമായ ദൃശ്യങ്ങളും വിഡിയോകളും ഒപ്പിയെടുക്കും. ഹെൽമെറ്റ് ഇല്ലാതെയും സീറ്റ് ബെല്‍റ്റ് ധരിക്കാതെയും യാത്ര ചെയ്യുന്നവരെയും ആകാശകാമറയിലൂടെ തിരിച്ചറിഞ്ഞ് നിയമനടപടികൾ സ്വീകരിക്കും.

Comments

COMMENTS

error: Content is protected !!