കോണ്‍ഗ്രസ് നേതാവും കണ്ണൂര്‍ ഡിസിസി മുന്‍ പ്രസിഡന്റുമായ സതീശന്‍ പാച്ചേനി അന്തരിച്ചു

കോണ്‍ഗ്രസ് നേതാവും കണ്ണൂര്‍ ഡിസിസി മുന്‍ പ്രസിഡന്റുമായ സതീശന്‍ പാച്ചേനി(54) അന്തരിച്ചു. മസ്തിഷ്‌കാഘാതത്തെ തുടര്‍ന്ന് കണ്ണൂര്‍ മിംസ് ആശുപത്രിയില്‍ ചികിത്സയിലിരിക്കെയാണ്‌ അന്ത്യം. കഴിഞ്ഞ വ്യാഴാഴ്ച വീട്ടില്‍ കുഴഞ്ഞുവീണതിനെ തുടര്‍ന്നാണ് അദ്ദേഹത്തെ ആശുപത്രിയില്‍ പ്രവേശിപ്പിച്ചത്.  സംസ്‍ക്കാരം നാളെ പയ്യാമ്പലത്ത് നടക്കും.

കെപിസിസി ജനറല്‍ സെക്രട്ടറിയായി പ്രവര്‍ത്തിച്ചിരുന്നു. കെ എസ് യുവിലൂടെയാണ് പൊതുപ്രവര്‍ത്തന രംഗത്ത് സജീവമായത്. സംഘടനയുടെ കണ്ണൂര്‍ ജില്ലാ സെക്രട്ടറിയായ പാച്ചേനി 1999 ല്‍ കെ.എസ്.യു സംസ്ഥാന അധ്യക്ഷനായി.

പാച്ചേനിയെന്ന കമ്യൂണിസ്റ്റ് മണ്ണിൽ 1968 ജനുവരി അഞ്ചിനായിരുന്നു സതീശന്‍റെ ജനനം. മാതാപിതാക്കളും കുടുംബക്കാരുമെല്ലാ സിപിഎമ്മുകാരായിരുന്നു. അടിന്തരാവസ്ഥയ്ക്ക് എതിരെ, സാക്ഷാൽ ഇന്ദിരയ്ക്ക് എതിരെ പ്രസംഗിച്ച ആന്‍റണിയുടെ ആദർശം കണ്ടിട്ടാണ് സതീശൻ ത്രിവർണകൊടി പിടിച്ചുതുടങ്ങിയത്. ട്യൂട്ടോറിയൽ കോളേജ് അധ്യാപകനായെങ്കിലും സംഘടന പ്രവ‍‍ർത്തനം നിർത്തിയില്ല. 96 ൽ തളിപ്പറമ്പിൽ നിന്നും നിയമസഭയിലേക്ക് കന്നിയംഗത്തിൽ ഗോവിന്ദൻ മാസ്റ്ററോട് തോറ്റു. 1999 ൽ കെഎസ്യു സംസ്ഥാന പ്രസിഡന്‍റായി. കോൺഗ്രസിൽ എ ഗ്രൂപ്പിലായിരുന്നു.  2016 ൽ കണ്ണൂർ ജില്ലയിലെ കോൺഗ്രസിന്‍റെ അമരക്കാരനായതോടെ സുധാകര പക്ഷത്തേക്ക് ചാഞ്ഞു. സിപിഎമ്മിന്‍റെ അധീശത്വമുള്ള കണ്ണൂരിൽ രാഷ്ട്രീയ സംഘർഷങ്ങൾ തുടർക്കഥയായിരുന്ന സമയത്ത് പാർട്ടി പ്രവർത്തകർക്ക് ആത്മവിശ്വാസം കൊടുക്കാൻ ഓരോ ഇടങ്ങളിലും പാച്ചേനി ഓടിയെത്തി.  

Comments

COMMENTS

error: Content is protected !!