കോതമംഗലം അയ്യപ്പന്‍ വിളക്ക് മഹോല്‍സവം,കൂറ്റന്‍ പൂരം കവാടമൊരുങ്ങുന്നു
കൊയിലാണ്ടി: കോതമംഗലം അയ്യപ്പക്ഷേത്ര മഹോത്സവത്തിന് നാടൊരുങ്ങി. ഡിസംബര്‍ 15, 16, 17 തിയ്യതികളിലാണ് അയ്യപ്പന്‍ വിളക്ക് മഹോല്‍സവം. അയ്യപ്പന്‍ വിളക്കിനോടനുബന്ധിച്ചുളള ഗ്രാമ ചന്തയും ഇതോടൊപ്പം നടക്കും.അയ്യപ്പന്‍ വിളക്ക് ആഘോഷമാക്കാന്‍ പടുകൂറ്റന്‍ പൂര കവാടത്തിന് നിര്‍മ്മാണം പൂര്‍ത്തിയായി.തൃശൂരില്‍ നിന്ന് എത്തിയ കലാകാരന്‍മാരാണ് ദീപാലംകൃതമായ കവാടം നിര്‍മ്മിക്കുന്നത്. കോഴിക്കോട് ജില്ലയില്‍ ആദ്യമായിട്ടാണ് ഇത്രയും വലിയ കവാടം നിര്‍മ്മിക്കുന്നത്. ഡിസംബര്‍ 15 ന് പുലര്‍ച്ചെ ക്ഷേത്രം തന്ത്രി പറവൂര്‍ രാകേഷ് തന്ത്രിയുടെ കാര്‍മ്മികത്വത്തില്‍ വിശേഷാല്‍ അഷ്ട്രദ്രവ്യ മഹാഗണപതിഹോമം നടക്കും.
തുടര്‍ന്ന് ഭഗവാന് വെള്ളി അങ്കി സമര്‍പ്പണം, 9.30 മണിക്ക് തൃശൂര്‍ നാരായണ ചാക്യാരുടെ ചാക്യാര്‍കൂത്ത്, വൈകിട്ട് ഏഴ് മണിക്ക് മധുസൂദനന്‍ ഭരതാഞ്ജലിയുടെ നൃത്താര്‍ച്ചന. 16 ന് രാവിലെ ഒന്‍പതിന് ഭക്തിഗാനസുധ, സമൂഹസദ്യ, രാത്രി ഏഴിന് ഗാനമേള.17 ന് കാലത്ത് 9.30 മണിക്ക് ഷൊര്‍ണ്ണുര്‍ കലാമണ്ഡലം ജിനേഷിന്റെ ഓട്ടന്‍തുള്ളല്‍, വൈകിട്ട് നാലിന് പാലക്കൊമ്പ് എഴുന്നള്ളിപ്പ്, 6.30ക്ക് ദീപാരാധന, തുടര്‍ന്ന് കലാമണ്ഡലം ശിവദാസന്‍മാരാരും റിജില്‍ കാഞ്ഞിലശ്ശേരിയും അവതരിപ്പിക്കുന്ന ഇരട്ട തായമ്പക, രാത്രി എട്ടിന് വിളക്ക് പൂജ ,11 മണിക്ക് അയ്യപ്പന്‍ പാട്ട്, എഴുന്നളിപ്പ്, കനലാട്ടം,വെട്ടു തടവും എന്നിവയോടെ ഉത്സവം സമാപിക്കും.അയ്യപ്പന്‍ വിളക്കിന് പ്രൗഡിയേകാന്‍ തിരുവമ്പാടി ചന്ദ്രശേഖരനെന്ന ആനയാണ് എത്തുന്നത്.