CALICUTDISTRICT NEWS
കോളേജ് യൂണിയനുകളിൽ 50 ശതമാനം വനിതാസംവരണം നടപ്പാക്കാൻ ശ്രമിക്കും -മുഖ്യമന്ത്രി
രാമനാട്ടുകര: കോളേജ് വിദ്യാർഥി യൂണിയനുകളിൽ 50 ശതമാനം വനിതാസംവരണം പ്രാവർത്തികമാക്കാൻ കഴിയുമോ എന്ന കാര്യം പരിശോധിക്കുമെന്ന് മുഖ്യമന്ത്രി പിണറായി വിജയൻ പറഞ്ഞു.
കലാലയങ്ങളിൽ വിദ്യാർഥിനികളുടെ അംഗസംഖ്യ വർധിച്ചുവരുന്ന പശ്ചാത്തലത്തിൽ സംവരണം ഏർപ്പെടുത്തണമെന്ന കലാലയ വിദ്യാർഥിയൂണിയൻ നേതാക്കളുടെ നിർദേശത്തോട് പ്രതികരിക്കുകയായിരുന്നു മുഖ്യമന്ത്രി. ഭാവിവികസനത്തെക്കുറിച്ചുള്ള പുതുതലമുറയുടെ കാഴ്ചപ്പാടുകളും അഭിപ്രായങ്ങളും നേരിട്ടറിയാൻ യൂണിവേഴ്‌സിറ്റി കോളേജ് വിദ്യാർഥിയൂണിയൻ നേതാക്കളോട് സംവദിക്കുന്ന ചീഫ് മിനിസ്റ്റേഴ്‌സ് സ്റ്റുഡന്റ് ലീഡേഴ്‌സ് കോൺക്ലേവിലായിരുന്നു മുഖ്യമന്ത്രിയുടെ പ്രതികരണം.
സ്കൂൾ, കോളേജ് അസംബ്ലികളിൽ ഭരണഘടനയുടെ ആമുഖം വായിക്കാൻ നടപടി സ്വീകരിക്കും. ലൈംഗികവിദ്യാഭ്യാസം പാഠ്യപദ്ധതിയിൽ ഉൾപ്പെടുത്തുന്നതിനും യൂണിവേഴ്‌സിറ്റി ലൈബ്രറികൾ 24 മണിക്കൂറും പ്രവർത്തിക്കുന്നതിനും നടപടിയുണ്ടാകും. കാമ്പസ്‌രാഷ്ട്രീയവുമായി ബന്ധപ്പെട്ട് നിയമനിർമാണത്തിനുള്ള നടപടികൾ പുരോഗമിക്കുന്നുണ്ട്.
കലാലയങ്ങളിൽ ഇന്റേണൽമാർക്കിന്റെ പേരിൽ ആരെയും തോൽപ്പിക്കാതിരിക്കാൻ നിർദേശിച്ചിട്ടുണ്ട്. വിദ്യാർഥികൾക്ക് പഠനത്തോടൊപ്പം പാർട്ട്‌ടൈം ജോലിചെയ്യാൻ സൗകര്യമൊരുക്കണമെന്ന വിദ്യാർഥികളുടെ ആവശ്യവും നടപ്പാക്കാൻ ആഗ്രഹിക്കുന്നതായി മുഖ്യമന്ത്രി വെളിപ്പെടുത്തി.
സംസ്ഥാനസർക്കാർ ആവിഷ്കരിച്ച് നടപ്പാക്കുന്ന ജനകീയ ദുരന്തനിവാരണ സേനയിൽ വിദ്യാർഥികൾക്ക് അവസരംനൽകും.
വിദ്യാർഥികളുടെ ആശയങ്ങൾ leadersconclaveclt@gmail.com എന്ന മെയിലിലും അയക്കാം.
മന്ത്രി കെ.ടി. ജലീലിന്റെ അധ്യക്ഷതയിൽ നടന്ന കോൺക്ലേവിൽ കണ്ണൂർ, കോഴിക്കോട്, കാർഷിക, വെറ്ററിനറി, മലയാളം, സംസ്കൃതം, കേരള കലാമണ്ഡലം സർവകലാശാലകളിലെ യൂണിയൻപ്രതിനിധികളും അവയുടെ കീഴിൽ വരുന്ന കോളേജുകളിലെ യൂണിയൻ ചെയർമാന്മാർ, ജനറൽസെക്രട്ടറിമാർ ഉൾപ്പെടെ പങ്കെടുത്തു.
കോളേജ് വിദ്യാഭ്യാസവകുപ്പ് ഡയറക്ടർ വി. വിഘ്‌നേശ്വരി, അഡീഷണൽ ഡയറക്ടർ ഡോ. കെ.ടി. സുമ എന്നിവർ സംസാരിച്ചു. കണ്ണൂർ യൂണിവേഴ്‌സിറ്റി വൈസ്ചാൻസലർ പ്രൊഫ. ഗോപിനാഥ് രവീന്ദ്രൻ, കാലിക്കറ്റ് യൂണിവേഴ്‌സിറ്റി വൈസ് ചാൻസലർ ഡോ. അനിൽ വള്ളത്തോൾ, ഫാറൂഖ് കോളേജ് പ്രിൻസിപ്പൽ ഡോ. കെ.എം. നസീർ, ഫാറൂഖ് കോളേജ് ഭാരവാഹികളായ പി.കെ. മുഹമ്മദ്, സി.പി. കുഞ്ഞിമുഹമ്മദ്, കെ.വി. കുഞ്ഞഹമ്മദ് കോയ തുടങ്ങിയവർ പങ്കെടുത്തു.
മാധ്യമങ്ങളോട് ‘കടക്ക് പുറത്ത്’
രാമനാട്ടുകര: ഉദ്ഘാടനച്ചടങ്ങുകഴിഞ്ഞതോടെ മാധ്യമങ്ങളോട് സദസ്സിൽനിന്ന് പുറത്തുപോവാനാവശ്യപ്പെട്ടു. മുഖ്യമന്ത്രിയും വിദ്യാർഥികളുംമാത്രം അറിയേണ്ട സ്വകാര്യമായ ചില ആശയങ്ങൾ സംവാദത്തിൽ കടന്നുവന്നേക്കാം എന്ന വാദമുയർത്തിയാണ് മാധ്യമങ്ങളോട് പുറത്തുകടക്കാൻ ആവശ്യപ്പെട്ടത്. എന്നാൽ, സംസ്ഥാനത്തിന്റെ വികസനനയം രൂപവത്‌കരിക്കുന്നതിനായി സംഘടിപ്പിച്ച സംവാദപരിപാടിയിൽ മാധ്യമങ്ങളെ വിലക്കിയതിൽ യുക്തിയെന്തെന്ന് മനസ്സിലാവുന്നില്ലെന്ന് മാധ്യമപ്രവർത്തകർ പറഞ്ഞു. വിവിധസംഘടനയിൽപ്പെട്ട കോളേജ് യൂണിയൻ ഭാരവാഹികൾ പങ്കെടുക്കുന്ന പരിപാടിയിൽ വിദ്യാർഥികളുടെ ചോദ്യങ്ങൾ വിവാദമായേക്കുമോയെന്ന സംശയമാണ് മാധ്യമങ്ങളെ അകറ്റിനിർത്താൻ കാരണമെന്നാണ് സൂചന.
Comments