കോഴിക്കോട്ടെ ഒന്നരക്കോടിയുടെ ആനക്കൊമ്പ് വേട്ട: മുഖ്യപ്രതി പൊലീസുകാരന്‍

കോഴിക്കോട്ടെ ഒന്നരക്കോടി രൂപയുടെ ആനക്കൊമ്പ് വേട്ടയില്‍ മുഖ്യപ്രതി ഊട്ടിയിലെ പൊലീസുകാരന്‍. സിവില്‍ പൊലീസ് ഓഫീസറായ കണ്ണനും മലയാളികളായ മൂന്ന് പ്രതികളുമാണ് ഇനി പിടിയിലാകാനുള്ളത്. കര്‍ണാടകയിലേക്ക് കടന്ന പൊലീസുകാരനുവേണ്ടി അന്വേഷണം വ്യാപിപ്പിച്ചു. ഇക്കഴിഞ്ഞ ജൂലൈ 30ന് രാത്രിയാണ് കോഴിക്കോട് മാവൂര്‍ റോഡിലെ കെഎസ്ആര്‍ടിസി ബസ് സ്റ്റാന്‍ഡിന് സമീപത്തുനിന്ന് വനംവകുപ്പ് ആനക്കൊമ്പ് പിടികൂടിയത്.

ഇടനിലക്കാരായ ഈ പ്രതികള്‍ക്ക് ആനക്കൊമ്പ് കൈമാറിയത് തമിഴ്നാട് സ്വദേശി ഉള്‍പ്പെട്ട സംഘമാണെന്ന് സൂചന ലഭിച്ചിരുന്നു. പിടിയിലായവരില്‍ നിന്ന് ലഭിച്ച വിവരങ്ങള്‍ കേന്ദ്രീകരിച്ച് അന്വേഷണം നടത്തി. തുടര്‍ന്നാണ് ഊട്ടിയിലെ പൊലീസുകാരനായ കണ്ണനാണ് മുഖ്യപ്രതിയെന്ന് തിരിച്ചറിഞ്ഞത്. കണ്ണനും,  അരീക്കോട് സ്വദേശി ജിഷാദും, അടിമാലി സ്വദേശിയും ചേര്‍ന്നാണ് മലപ്പുറം വേങ്ങരയിലേക്ക് ആനക്കൊമ്പ് എത്തിച്ചത്. അവിടെവച്ച് ആനക്കൊമ്പ് ഇടനിലക്കാര്‍ക്ക് നല്‍കി. ഇവര്‍ കോഴിക്കോട് എത്തിച്ച് വില്‍പന നടത്താന്‍ ശ്രമിക്കുന്നതിനിടെയാണ് വനംവകുപ്പ് പിടികൂടുന്നത്. ഇടനിലക്കാരില്‍ അഞ്ചാമനായ വണ്ടൂര്‍ സ്വദേശി അബൂബക്കറും ഒളിവിലാണ്. പൊലീസുകാരന്‍ ഉള്‍പ്പടെയുള്ള പ്രതികളെ പിടികൂടിയാല്‍ മാത്രമേ ആനക്കൊമ്പ് എവിടെ നിന്ന് ലഭിച്ചുവെന്ന കാര്യത്തില്‍ വ്യക്തത വരൂ. ആനവേട്ടയടക്കം വനംവകുപ്പ് സംശയിക്കുന്നു. താമരശ്ശേരി റെയിഞ്ച് ഓഫീസറുടെ നേതൃത്വത്തിലുള്ള പ്രത്യേക സംഘത്തിനാണ് കേസിന്‍റെ അന്വേഷണ ചുമതല.

Comments

COMMENTS

error: Content is protected !!