കോഴിക്കോട്ട് ഗതാഗതപരിഷ്കാരം വരുന്നു ; എല്ലാ പോലീസ് വാഹനങ്ങളുടെയും മുന്നിലും പിന്നിലും കാമറകൾ

നഗരത്തിലെ ട്രാഫിക് സംവിധാനം സംബന്ധിച്ച് പരാതി നല്‍കിയ വിദ്യാര്‍ഥിയുമായി കളക്ടറേറ്റില്‍ നടന്ന പരാതി പരിഹാര അദാലത്തില്‍ ഡിജിപി ലോക്‌നാഥ് ബെഹ്‌റ സംസാരിക്കുന്നു
കോഴിക്കോട് : നഗരത്തിൽ വൻ ഗതാഗതപരിഷ്കാരങ്ങൾക്ക് കളമൊരുങ്ങുന്നു. ഡി.ജി.പി. ലോക് നാഥ് ബെഹ്റ നടത്തിയ പരാതി പരിഹാരഅദാലത്തിലാണ് ഇതുസംബന്ധിച്ച് പ്രാഥമിക തീരുമാനമുണ്ടായത്.
കോഴിക്കോട് നഗരത്തിലെ ട്രാഫിക് സംവിധാനം സംബന്ധിച്ച് ഒരു വിദ്യാർഥിനൽകിയ പരാതിയും രൂപരേഖയും പരിശോധിച്ചുവെന്നും പൊതുജനങ്ങളുടെ നിർദേശങ്ങൾ ശേഖരിച്ച് ട്രാഫിക് സംവിധാനത്തിൽ മാറ്റം കൊണ്ടുവരുമെന്നും ഡി.ജി.പി. അറിയിച്ചു.
നഗരത്തിലെ പ്രധാന റോഡുകൾ വൺവേ യാക്കുക, ജങ്‌ഷനുകൾ നിയന്ത്രിക്കുന്നതിൽ ശ്രദ്ധ പുലർത്തുക, അപകടം കുറയ്ക്കത്തക്ക നിബന്ധനകൾ നടപ്പാക്കുക തുടങ്ങിയ നിർദേശങ്ങളാണ് പരാതിയിലുള്ളത്. ഡ്രൈവർമാർ, അധ്യാപകർ, വിദ്യാർഥികൾ, രക്ഷിതാക്കൾ, റെസിഡൻറ്‌സ്‌ അസോസിയേഷനുകൾ തുടങ്ങി മുഴുവൻ സ്റ്റേക്ക് ഹോൾഡേഴ്‌സിനെയും വിളിച്ചുചേർത്ത് ട്രാഫിക്ക് പ്രശ്നങ്ങൾ സംബന്ധിച്ച് യോഗം സംഘടിപ്പിക്കും. പൊതുജനാഭിപ്രായരൂപവത്‌കരണത്തിന് ശേഷം നടപ്പാക്കാൻ കഴിയുന്ന പദ്ധതികൾ ഉടനെ ചെയ്യാനുള്ള നടപടി ഉണ്ടാകുമെന്നും ഡി.ജി.പി. പറഞ്ഞു. ഗതാഗതം സംബന്ധിച്ച് കൺസൾട്ടേഷൻ പ്രോഗ്രാമുകൾ സംഘടിപ്പിക്കും. റോഡ് നിയമങ്ങൾ കർശനമായി പാലിക്കുന്നുവെന്ന് ഉറപ്പുവരുത്തും. വാഹനപരിശോധന തുടരും.
ജില്ലയിലെ മുഴുവൻ പോലീസ് വാഹനങ്ങളിലും കൺട്രോൾ റൂം വാഹനങ്ങളിലും മുന്നിലും പിന്നിലും കാമറകൾ സ്ഥാപിക്കും. കൊച്ചി , തിരുവനന്തപുരം, തൃശ്ശൂർ, കൊല്ലം ജില്ലകളിലുള്ള സംവിധാനമാണ് കോഴിക്കോട്ടും നിലവിൽ വരുന്നത്. വാഹനാപകടങ്ങളും ഗതാഗതക്കുരുക്കും പരിഹരിക്കുന്നതിന് ലക്ഷ്യമിട്ട് നടപ്പാക്കുന്ന ചീറ്റ പട്രോൾ സംവിധാനം ജില്ലയിലും നടപ്പാക്കും. ട്രാഫിക് എൻഫോഴ്‌സ്‌മെന്റ് വിഭാഗത്തിനായിരിക്കും ഇതിന്റെ ചുമതല.
പൈതൃകതെരുവായ മിഠായിത്തെരുവിൽ ട്രാഫിക്ക് സംവിധാനത്തിൽ മാറ്റങ്ങൾ ആവശ്യപ്പെട്ട് വ്യാപാരികൾ നൽകിയ പരാതി പരിശോധിച്ചു. പഠിച്ച് പരിഹാരം കാണാൻ ബന്ധപ്പെട്ട ഉദ്യോഗസ്ഥർക്ക് നിർദേശം നൽകും. മിഠായിത്തെരുവിൽ ജനങ്ങൾ കൂടുതലായി എത്താൻ കഴിയുന്നതരത്തിൽ എന്തൊക്കെ ചെയ്യാൻ കഴിയുമെന്നകാര്യം പരിശോധിക്കും. ജനങ്ങളെത്തുന്നത് വ്യാപാരികൾക്കും ഗുണകരമാവും.
ജില്ലയിൽ ചില കേസുകളിൽ പ്രതികളെ ഇതുവരെ അറസ്റ്റുചെയ്തില്ലെന്ന പരാതി പരിശോധിച്ച് ആവശ്യമായ നടപടിയെടുക്കും. പോലീസ് ഡ്രൈവർ ടെസ്റ്റ് പാസായിട്ടും നിയമനം നിളുന്നതിൽ ഉദ്യോഗാർഥികൾ നൽകിയ പരാതിയിൽ ബന്ധപ്പെട്ടവർക്ക് തുടർനടപടിക്ക് നിർദേശം നൽകും.
കുന്ദമംഗലം കോ-ഓപ്പറേറ്റീവ് ബാങ്കിൽ നടന്ന കോടികളുടെ പണത്തട്ടിപ്പ് സംബന്ധിച്ചുള്ള പരാതി കോ-ഓപ്പറേറ്റീവ് രജിസ്ട്രാർക്ക് കൈമാറി. തട്ടിപ്പ് നടന്നതായി ഒരുകൂട്ടം ഇടപാടുകാർ ഡി.ജി.പി. യെ അറിയിക്കുകയായിരുന്നു.
പരാതി നല്കിയതിനെക്കുറിച്ച് അന്വേഷിക്കാനെത്തിയ എസ്.ഐ. കൈ പിടിച്ചുതിരിച്ച് കഠിനമായി വേദനിപ്പിച്ചുവെന്നും ശല്യക്കാരനായ വ്യവഹാരിയെന്ന് വിളിച്ച് ആക്ഷേപിച്ചുവെന്നും നടക്കാവ് സ്വദേശിയും അഭിഭാഷകനുമായ ശാലീൻ മാത്തൂർ പരാതി നല്കി. വീടിനുസമീപത്തെ ഹോട്ടലിൽനിന്ന് മലിനജലവും ഭക്ഷണാവശിഷ്ടങ്ങളും തന്റെ വീട്ടിനടുത്തേക്ക് ഒഴുക്കുന്നുവെന്നായിരുന്നു പരാതി. ഇത് പരിഹരിക്കാതെ, പരാതിക്കാരനായ തന്നെ ഉപദ്രവിക്കുകയായിരുന്നുവെന്ന് ശാലീൻ ഡി.ജി.പി.യെ ധരിപ്പിച്ചു. ഇതെക്കുറിച്ച് അന്വേഷണം നടത്തുമെന്ന് ഡി.ജി.പി. അറിയിച്ചു.
പെൻഷൻ വ്യാജരേഖ ചമച്ച് പണംതട്ടിയ പരാതിയിലും വാഹനാപകടത്തിൽ നഷ്ടപരിഹാരം ലഭിച്ചില്ലെന്ന പരാതിയിലും അന്വേഷണത്തിന് നിർദേശം നൽകിയതായും ഡി.ജി.പി. അറിയിച്ചു. 46 പരാതികളാണ് പരിഗണിച്ചത്. ഉത്തരമേഖലാ ഐ.ജി. അശോക് യാദവ്, ജില്ലാ പോലീസ് മേധാവി (സിറ്റി) എ.വി. ജോർജ് എന്നിവരും ജില്ലയിലെ ഡിവൈ.എസ്.പി.മാരും അദാലത്തിൽ പങ്കെടുത്തു.
Comments
error: Content is protected !!