കോഴിക്കോട് കാലുമാറി ശസ്ത്രക്രിയ നടത്തിയ സംഭവത്തില്‍ പൊലീസ് കേസെടുത്തു
കോഴിക്കോട്: കാലുമാറി ശസ്ത്രക്രിയ നടത്തിയ സംഭവത്തില്‍ പൊലീസ് കേസെടുത്തു. കോഴിക്കോട് നാഷണല്‍ ആശുപത്രിക്കെതിരായ പരാതിയില്‍ നടക്കാവ് പൊലീസാണ് കേസെടുത്തത്. അശ്രദ്ധമായി ചികിത്സ നടത്തിയതിനാണ് കേസ്. കൂടുതല്‍ വകുപ്പുകള്‍ ചേര്‍ക്കലും ആരെയെങ്കിലും പ്രതി ചേര്‍ക്കുന്നതും കൂടുതല്‍ അന്വേഷണത്തിന് ശേഷമാകുമെന്നും പൊലീസ് അറിയിച്ചു.
പരാതിയില്‍ അന്വേഷണം നടത്തി റിപ്പോര്‍ട്ട് നല്കാന് ആരോഗ്യ വകുപ്പ് മന്ത്രി വീണാ ജോര്‍ജ് ജില്ല മെഡിക്കല്‍ ഓഫീസര്‍ക്ക് നിര്‍ദേശം നല്‍കിയിട്ടുണ്ട്. ശസ്ത്രക്രിയക്ക് വിധേയയായ കക്കോടി മക്കട ‘നക്ഷത്ര’യില്‍ സജിന സുകുമാരന്റെ (60) പരാതിയിലാണ് നടപടി. നടക്കാവ് പൊലീസ് ആശുപത്രിയിലെത്തി രേഖകള്‍ ശേഖരിച്ചിട്ടുണ്ട്. സ്വകാര്യ ആശുപത്രി അധികൃതര്‍ അവര്‍ക്കനുകൂലമായി രേഖകളില്‍ തിരുത്തല്‍ നടത്തിയതായി മകള്‍ ഷിംന ആരോപിക്കുന്നു.
കഴിഞ്ഞ ചൊവ്വാഴ്ചയാണ് സജിന സുകുമാരന്‍ നാഷനല്‍ ആശുപത്രിയില്‍ ചികിത്സക്ക് വിധേയയായത്. ഇടതുകാലിന്റെ ഞരമ്ബിനേറ്റ ക്ഷതം പരിഹരിക്കാന്‍ വലതുകാലിന് ശസ്ത്രക്രിയ നടത്തി എന്നാണ് പരാതി. വലതുകാലിന് യാതൊരു പ്രയാസവും ഇല്ലായിരുന്നുവെന്നും ഈ കാലില്‍ ശസ്ത്രക്രിയ നടത്തിയത് ഡോക്ടര്‍ക്ക് സംഭവിച്ച പിഴവാണെന്ന് ബന്ധുക്കള്‍ പറയുന്നു.
അതേസമയം ഇരു കാലിനും ഉപ്പൂറ്റിക്ക് പരിക്കുള്ളതിനാലാണ് ആദ്യം വലതുകാലിന് ശസ്ത്രക്രിയ നടത്തിയത് എന്നാണ് ശസ്ത്രക്രിയ നടത്തിയ ഓര്‍ത്തോ സര്ജന് ഡോ. ബെഹിര്‍ഷാന്റെ വിശദീകരണം. എന്നാല്‍ ശസ്ത്രക്രിയക്കുള്ള എല്ലാ നടപടികളും പൂര്‍ത്തിയാക്കിയത് ഇടതുകാലിനായിരുന്നുവെന്നും വലതു കാലിന് സ്കാനിങ് പോലും നടത്തിയിരുന്നില്ലെന്നും രോഗി പറഞ്ഞു.