ധന്വന്തരി ഡയാലിസിസ് സെന്റര്‍ ഉദ്ഘാടനം സെപ്റ്റംബർ ഏഴിന്*  ആരോഗ്യമന്ത്രി കെ.കെ ശൈലജ ടീച്ചർ  സെന്റർ നാടിന് സമർപ്പിക്കും

 വടകര ജില്ലാ ആശുപത്രിയില്‍ ധന്വന്തരി ഡയാലിസിസ് സെന്റര്‍ കെട്ടിടം  സെപ്റ്റംബർ ഏഴിന് രാവിലെ 11ന്   ആരോഗ്യ സാമൂഹ്യനീതി വകുപ്പ് മന്ത്രി കെ.കെ. ശൈലജ ടീച്ചർ  ഉദ്ഘാടനം ചെയ്യും. കോഴിക്കോട് ജില്ലാ പഞ്ചായത്ത് പ്രസിഡണ്ടും ട്രസ്റ്റ് ചെയര്‍മാനുമായ ബാബു പറശ്ശേരി ചടങ്ങിൽ  അദ്ധ്യക്ഷത വഹിക്കും. സെന്ററിന് വേണ്ടി ജില്ലാ പഞ്ചായത്ത് ഒന്നരകോടി രൂപ ചെലവഴിച്ച്  മൂന്ന് നില കെട്ടിടത്തിന്റെ പ്രവൃത്തിയാണ് പൂര്‍ത്തീകരിച്ചത്.
 നിലവിൽ 59 രോഗികള്‍ക്ക് ഇവിടെ സൗജന്യമായി  ഡയാലിസിസ് ചെയ്തുവരുന്നു. ഡയാലിസിസ് ചെയ്യുന്നതിന് വേണ്ടി കൂടുതൽ പേർ അപേക്ഷ നൽകിയ സാഹചര്യത്തിലാണ്  240 രോഗികള്‍ക്ക് ഡയാലിസിസ് ചെയ്യാന്‍ 40 ബെഡുകള്‍ ഒരുക്കി  ഹോസ്പിറ്റലിന് സമീപം  കെട്ടിടം നിര്‍മ്മിച്ചത്. ഡയാലിസിസ് സെന്റർ പ്രവർത്തനം ആരംഭിക്കുന്നതോടെ നിലവിലുള്ള അപേക്ഷകരെ പരിഗണിക്കാനും ആകെ 299 പേര്‍ക്ക് ഡയാലിസിസ് സൗകര്യം നല്‍കാനും കഴിയും. 16 ജീവനക്കാര്‍ ഇവിടെ ജോലി ചെയ്യുന്നുണ്ട്.
ഹോസ്പിറ്റല്‍ മാനേജ്‌മെന്റ് കമ്മിറ്റിയുടെ സ്വതന്ത്ര പ്രവര്‍ത്തനത്തിന്റെ ഭാഗമായി വൃക്കരോഗികള്‍ക്ക് ഡയാലിസിസ് ചെയ്യുന്നതിന് 2013 ലാണ് ധന്വന്തരി ഡയാലിസിസ് നിധി ട്രസ്റ്റ് രൂപീകരിച്ച് പ്രവര്‍ത്തനമാരംഭിച്ചത്. ഇപ്പോള്‍ കോഴിക്കോട് ജില്ലാ പഞ്ചായത്ത് പ്രസിഡണ്ട് ബാബു പറശ്ശേരി ചെയര്‍മാനും, ആശുപത്രി സൂപ്രണ്ട് ഡോ: കെ.വി. അലി കണ്‍വീനറുമായാണ് ട്രസ്റ്റ് പ്രവര്‍ത്തിച്ച് വരുന്നത്.
  ചടങ്ങില്‍  കെ. മുരളീധരന്‍ എം.പി,   സി.കെ. നാണു എം.എല്‍.എ എന്നിവര്‍ മുഖ്യാതിഥികളായി പങ്കെടുക്കും. ജില്ലാ പഞ്ചായത്ത് വൈസ് പ്രസിഡണ്ട്  റീന മുണ്ടേങ്ങാട്ട്, വടകര മുനിസിപ്പല്‍ ചെയര്‍മാന്‍ കെ.ശ്രീധരന്‍, ജില്ലാ പഞ്ചായത്ത് സ്ഥിരം സമിതി അംഗങ്ങളായ  മുക്കം മുഹമ്മദ്, പി.കെ. സജിത, ആര്‍. ബലറാം മാസ്റ്റര്‍, ഡി.എം.ഒ ഡോ: വി. ജയശ്രീ, ഹോസ്പിറ്റല്‍ സൂപ്രണ്ട് ഡോ: കെ.വി. അലി തുടങ്ങിയവർ ചടങ്ങിൽ പങ്കെടുക്കും.
Comments

COMMENTS

error: Content is protected !!