കോഴിക്കോട് കെ.എസ്.ആർ.ടി.സി സമുച്ചയം തുറന്നു. യാത്രക്കാർ ഇരുട്ടിൽ തന്നെ
അനിശ്ചിതത്വം മാറി മാവൂർ റോഡിലെ കെഎസ്‌ആർടിസി ബസ് ടെർമിനലിലെ ഷോപ്പിങ് കോംപ്ലക്‌സ് തുറന്നു. ‘മാക് ട്വിൻ ടവർ’ എന്ന് പേരിട്ട വാണിജ്യകേന്ദ്രത്തിന്റെ താക്കോൽ ഗതാഗത മന്ത്രി ആന്റണി രാജു ആലിഫ് ബിൽഡേഴ്‌സ് ചെയർമാൻ കെ വി മൊയ്‌ദീൻ കോയക്ക് കൈമാറി. ഇതോടെ ആറ് വർഷമായി തുടരുന്ന കെടുകാര്യസ്ഥതയ്ക്ക് വിരാമമായി.
കെ.എസ്.ആർ.ടി.സി കെട്ടിടം നിർമ്മിച്ചത് തന്നെ അശാസ്ത്രീയമാണെന്ന പരാതിയുണ്ടായിരുന്നു. യാത്രക്കാർക്ക് ആവശ്യത്തിന് കാറ്റും വെളിച്ചവും കിട്ടാനുള്ള സൌകര്യം സ്റ്റാൻ്റിനകത്ത് ഇല്ല. ബസ്സുകൾ നേരാം വണ്ണം ട്രാക്കിലേക്ക് വെക്കാനും എടുക്കാനും ഉളള സൌകര്യം ഇല്ല. തൂണുകൾ ബസ്സിടിച്ച് അടർന്ന നിലയിലാണ്.
വസ്‌ത്രശാല, മൊബൈൽ ഷോപ്പുകൾ, ഭക്ഷണശാല എന്നിവയുണ്ടാകും. ഇരുചക്രവാഹനങ്ങൾക്കും കാറുകൾക്കും പാർക്ക് ചെയ്യാനുള്ള സൗകര്യവും ഒരുക്കും. രണ്ട് മാസത്തിനുള്ളിൽ മാളിന്റെ പ്രവർത്തനം പൂർണതോതിൽ സജ്ജമാക്കുകയാണ് ലക്ഷ്യം. 2009ലാണ് മാവൂർ റോഡിലെ കെഎസ്‌ആർടിസി സ്‌റ്റാൻഡ് പൊളിച്ച് ടെർമിനൽ നിർമാണം ആരംഭിക്കുന്നത്. 75 കോടി രൂപ ചെലവിലായിരുന്നു നിർമാണം. 2015ൽ പൂർത്തിയായി. 30 വർഷത്തേക്കാണ് കരാർ. നിക്ഷേപമായി 17 കോടി രൂപയും പ്രതിമാസം 43. 2 ലക്ഷം രൂപ വാടകയും നൽകും.