കോഴിക്കോട് കോഴി മുട്ടകളും , ഒരു ഗുഡ്സ് ഓട്ടോറിക്ഷയും കളവ് ചെയ്ത കേസിലെ പ്രതികൾ പിടിയിൽ

കോഴിക്കോട്: തമിഴ്നാട്ടിൽ നിന്നും ഗുഡ്സ് ഓട്ടോറിക്ഷയിൽ മൊത്തക്കച്ചവടത്തിന് കൊണ്ടുവന്ന 75000 രൂപ വിലവരുന്ന 15000 ത്തോളം കോഴി മുട്ടകളും , ഒരു ഗുഡ്സ് ഓട്ടോറിക്ഷയും കളവ് ചെയ്ത കേസിലെ പ്രതികൾ പിടിയിൽ. കോഴിക്കോട് വെസ്റ്റ്ഹിൽ തെക്കേ കോയിക്കൽ പീറ്റർ സൈമൺ എന്ന സനു (42) മങ്ങോട്ട് വയൽ ഇല്ലത്ത് കിഴക്കയിൽ മീത്തൽ അർജ്ജുൻ കെ വി (32) എന്നിവരെയാണ് നടക്കാവ് ഇൻസ്പെക്ടർ പി കെ ജിജീഷിന്‍റെ നേതൃത്വത്തിലുള്ള പൊലീസ് സംഘം അറസ്റ്റ് ചെയ്തത്.

 

പുലർച്ചെ മാർക്കറ്റിൽ എത്തിക്കേണ്ട കോഴിമുട്ടകളുമായി അർദ്ധരാത്രിയിൽ കോഴിക്കോട് നഗരത്തിൽ ഗുഡ്സ് ഓട്ടോയിൽ എത്തിയ ഡ്രൈവർ അറിയാതെയാണ് പ്രതികൾ മോഷണം നടത്തിയത്. മൊബൈൽ ഫോണുകളും മറ്റും ഉപയോഗിക്കാതെ വളരെ ആസൂത്രിതമായി കളവുകൾ നടപ്പിലാക്കിയ പ്രതികളെ നിരവധി സി സി ടിവി കൾ കേന്ദ്രീകരിച്ച് നടത്തിയ പരിശോധനയുടെയും, സൈബർ സെല്ലിന്‍റെയും സഹായത്തോടെയാണ് പൊലീസ് തന്ത്രപരമായി പിടികൂടിയത്.

കളവ് ചെയ്ത ഗുഡ്സ് ഓട്ടോറിക്ഷയും, മുട്ടകൾ വിൽപന നടത്തിയ ഷോപ്പുകളും, മുട്ടകളുടെ ട്രേയും കണ്ടെടുക്കുവാൻ സാധിച്ചിട്ടുണ്ട്. ഇതിലെ പ്രതിയായ പീറ്റർ സൈമൺ മുൻപും മോഷണ കേസിൽ പ്രതിയായ ആളാണ്. അറസ്റ്റ് ചെയ്ത കോടതിയിൽ ഹാജരാക്കിയ പ്രതികളെ 14 ദിവസത്തേക്ക് ജുഡീഷ്യൽ കസ്റ്റഡിയിൽ കോഴിക്കോട് ജില്ലാ ജയിലിൽ പാർപ്പിച്ചിട്ടുണ്ട്. നടക്കാവ് സബ് ഇൻസ്പെക്ടർമാരായ കൈലാസ് നാഥ് എസ് ബി, കിരൺ ശശിധർ, സീനിയർ സിവിൽ പൊലീസ് ഓഫീസർമാരായ എം വി.ശ്രീകാന്ത് , രാമകൃഷ്ണൻ കെ എ, എം കെ സജീവൻ, ഹരീഷ് കുമാർ സി, ലെനീഷ് പി എം എന്നിവർ അടങ്ങിയ സംഘമാണ് പ്രതികളെ പിടികൂടിയത്.

Comments

COMMENTS

error: Content is protected !!