കോഴിക്കോട് കോർപറേഷൻ ആവിക്കലിലേയും കോതിയിലേയും ശുചിമുറി മാലിന്യ സംസ്കരണപ്ലാന്റ് നിർമാണത്തിൽ നിന്ന് പിന്മാറുന്നു

കോഴിക്കോട് കോർപറേഷൻ ആവിക്കലിലേയും കോതിയിലേയും ശുചിമുറി മാലിന്യ സംസ്കരണപ്ലാന്റ് നിർമാണത്തിൽ നിന്ന് പിന്മാറുന്നു. കേന്ദ്രസർക്കാറിന്റെ അമൃത് പദ്ധതിയുടെ കാലാവധി മാർച്ച് 31 ന് അവസാനിക്കാനിരിക്കെ പ്ലാന്റ് നിർമാണവുമായി മുന്നോട്ട് പോയിട്ട് കാര്യമില്ലെന്ന് കോഴിക്കോട് കോർപറേഷൻ മേയർ ഡോ. ബീന ഫിലിപ്പ് പറഞ്ഞു. പ്ലാന്റ് നിർമാണത്തിനെതിരെ ഉയ‍ർന്ന നാട്ടുകാരുടെ ശക്തമായ പ്രതിഷേധത്തെത്തുടർന്നാണ് നീക്കം.

30 ശതമാനമെങ്കിലും പദ്ധതി തുടങ്ങാൻ കഴിഞ്ഞിരുന്നെങ്കിൽ അടുത്ത വർഷത്തേക്ക് ഇതിനായി നീക്കി വെച്ച തുക ഉപയോഗിക്കാൻ കഴിയുമായിരുന്നു. എന്നാൽ പദ്ധതി എവിടെയും എത്താത്ത സാഹചര്യത്തിലാണ് ഉപേക്ഷിക്കേണ്ട അവസ്ഥയുണ്ടായത്.

സംസ്ഥാന സർക്കാർ ഇനി പുതിയ പദ്ധതി പ്രഖ്യാപിച്ചാൽ മാത്രമേ പ്ലാന്റ് നിർമാണം നടത്തൂ. പദ്ധതി കാലാവധി തീരുന്നതിനൊപ്പം മാർച്ച് 31 ന് സാമ്പത്തിക വർഷം അവസാനിക്കുകയാണ്. ഇതുകൊണ്ട് കൂടിയാണ് പദ്ധതി ഉപേക്ഷിക്കുന്നതെന്നും കോഴിക്കോട് കോർപറേഷൻ മേയർ ഡോ. ബീന ഫിലിപ്പ് പറഞ്ഞു. അതേസമയം, സരോവരത്ത് പ്ലാന്റ് നിർമിക്കാനുള്ള പദ്ധതിയുമായി മുന്നോട്ട് പോകുമെന്നും മേയർ അറിയിച്ചു.  നിർമാണത്തിനെതിരെ ശക്തമായ ജനകീയ സമരമായിരുന്നു നടന്നത്. ജനവാസ മേഖലയിൽ പ്ലാന്റ് സ്ഥാപിക്കാൻ അനുവദിക്കില്ലെന്ന്  കാണിച്ച് സമരം ശക്തമായതോടെ പദ്ധതിയുടെ നിർമ്മാണം പൂർണമായും നിലച്ചിരുന്നു. 

Comments

COMMENTS

error: Content is protected !!