കോഴിക്കോട് കോർപ്പറേഷനിലെ കെട്ടിടാനുമതി ക്രമക്കേടുമായി ബന്ധപ്പെട്ട സസ്പെൻഷനിലായ ഉദ്യോഗസ്ഥരെ സർവ്വീസിൽ തിരിച്ചെടുത്തു

കോഴിക്കോട് കോർപ്പറേഷനിൽ കെട്ടിടാനുമതി ക്രമക്കേടുമായി ബന്ധപ്പെട്ട് സസ്പെൻഷനിലായ നാല് ഉദ്യോഗസ്ഥരെ സർവ്വീസിൽ തിരിച്ചെടുത്തു. വകുപ്പുതല അന്വേഷണം പൂർത്തിയായ സാഹചര്യത്തിലാണ് നടപടി. കോർപ്പറേഷനിലെ മൂന്ന് ഉദ്യോഗസ്ഥർ, എലത്തൂർ നഗരസഭയിലെ റവന്യൂ ഉൻസ്പെക്ടർ എന്നിവരുടെ സസ്പെൻഷനാണ് പിൻവലിച്ചത്. . എന്നാല്‍, കെട്ടിടാനുമതിക്കുപയോഗിക്കുന്ന സഞ്ജയ ആപ്ലിക്കേഷനിലെ പിഴവ് ചൂണ്ടിക്കാട്ടിയ ഉദ്യോഗസ്ഥന്‍റെ സസ്പെൻഷൻ പിൻവലിച്ചിട്ടില്ല. 

കോർപ്പറേഷനിലെ കെട്ടിടാനുമതി ക്രമക്കേടുമായി ബന്ധപ്പെട്ട് നാല് ഉദ്യോഗസ്ഥരെയാണ് ആദ്യം സസ്പെന്‍റ്  ചെയ്തത്. കെട്ടിടാനുമതിക്ക് തദ്ദേശ സ്ഥാപനങ്ങൾ ഉപയോഗിക്കുന്ന സഞ്ജയ ആപ്ലിക്കേഷനിലെ പിഴവുപയോഗിച്ചായിരുന്നു ക്രമക്കേട് നടന്നത്. ബേപ്പൂർ സോണൽ ഓഫീസർ  കെ കെ സുരേഷ്, റവന്യൂ സൂപ്രണ്ട് കൃഷ്ണമൂർത്തി, റവന്യൂ ഇൻസ്പെക്ടർ മുസ്തഫ എന്നിവരുടെയും എലത്തൂർ  റവന്യൂ ഇൻസ്പെക്ടർ പ്രീത എന്നിവരുടെ സസ്പെൻഷനാണ് പിൻവലിച്ച് സ്ഥലം മാറ്റി നിയമിച്ചത്. എന്നാൽ സഞ്ജയയിലെ പിഴവ് ആദ്യം കണ്ടെത്തി കോർപ്പറേഷൻ സെക്രട്ടറിക്ക് റിപ്പോർട്ട് നൽകിയ റവന്യൂ ഇൻസ്പെക്ടർ ശ്രീനിവാസന്‍റെ സസ്പെൻഷൻ പിൻവലിച്ചിട്ടില്ല. സഞ്ജയയിൽ പിഴവുണ്ടെന്ന ഈ ഉദ്യോഗസ്ഥൻ കഴിഞ്ഞ വർഷമവസാനം തന്നെ കണ്ടെത്തി റിപ്പോർട്ട് നൽകിയിരുന്നു.  ഇദ്ദേഹത്തിന്‍റെ ലോഗിൻ വിവരങ്ങളുപയോഗിച്ചാണ് ഡിജിറ്റൽ സിഗ്നേചർ പതിപ്പിച്ചത്. ഓഫീസ് സമയം കഴിഞ്ഞും തന്‍റെ വിവരങ്ങൾ ഉപയോഗിച്ച് കൃത്രിമം നടക്കുന്നുണ്ടെന്ന് നേരത്തെ തന്നെ ശ്രീനിവാസൻ നൽകിയ റിപ്പോർട്ടിലുണ്ടായിരുന്നു. 

എന്നാൽ ഇദ്ദേഹത്തിന്‍റെ ലാപ് ടോപ് വിവരങ്ങൾ, ഡിജിറ്റൽ സിഗ്നേച‍ർ നൽകിയതിന്‍റെ വിശദാംശങ്ങൾ എന്നിവയെക്കുറിച്ച് അന്വേഷണം പുരോഗമിക്കുന്നതിനാലാണ് സസ്പെൻഷൻ പിൻവലിക്കാത്തതെന്നാണ് നഗരസഭ വിശദീകരിക്കുന്നു. എന്നാൽ പ്രതികാരനടപടിയെന്നാണ് ജീവനക്കാരുടെ ആരോപണം. നാല് ഉദ്യോഗസ്ഥരുടെ സസ്പെൻഷൻ പിൻവലിച്ചെങ്കിലും ഇവർക്കെതിരെയുളള അന്വേഷണം തുടരുമെന്നും കോർപ്പറേഷൻ  സെക്രട്ടറിയുടെ ഉത്തരവിലുണ്ട്.  തുടക്കത്തിൽ ഫറോക് അസി. കമ്മീഷണർ അന്വേഷിച്ച കേസ് പിന്നീട് ജില്ലാ ക്രൈംബ്രാഞ്ചിന് വിടുകയായിരുന്നു. ഏഴ് പേരെ മാത്രമാണ് അന്വേഷണ സംഘത്തിന് ഇതുവരെ അറസ്റ്റ് ചെയ്യാനായത്. 

Comments

COMMENTS

error: Content is protected !!