കോഴിക്കോട് ജില്ലയിൽ രാത്രികാലങ്ങളിൽ പൂട്ടിയ കടകളിലും കച്ചവട സ്ഥാപനങ്ങളിലും മോഷണം നടത്തുന്ന ആൾ പിടിയിൽ
കോഴിക്കോട് ജില്ലയിൽ രാത്രി കാലങ്ങളിൽ പൂട്ടിയ കടകളും കച്ചവട സ്ഥാപനങ്ങളും ആയുധങ്ങൾ ഉപയോഗിച്ച് കുത്തി തുറന്ന് മോഷണം നടത്തുന്ന കുപ്രസിദ്ധ മോഷ്ടാവിനെ നടക്കാവ് പൊലീസ് പിടികൂടി. പാലക്കാട് പട്ടാമ്പി, ആമയൂർ വെളുത്തക്കതൊടി അബ്ബാസ് വി (34) യെ ആണ് നടക്കാവ് ഇൻസ്പെക്ടർ ജിജീഷ് പി കെയുടെ നേതൃത്വത്തിലുള്ള പൊലീസ് സംഘം പിടികൂടിയത്. കോഴിക്കോട് അശോകപുരത്തുള്ള നീഡ് ഗ്രോസർസ് എന്ന സൂപ്പർ മാർക്കറ്റിൽ നടത്തിയ മോഷണക്കേസിലാണ് ഇയാളെ പിടികൂടിയത്.
അർദ്ധരാത്രിയിൽ പൂട്ട് തകർത്ത് അകത്ത് കയറിയ പ്രതി മേശയിൽ സൂക്ഷിച്ച പണവും മൊബൈൽ ഫോണും ഷോപ്പിലെ സാധനങ്ങളും മോഷ്ടിക്കുകയായിരുന്നു. പലതവണ ജയിൽ ശിക്ഷ അനുഭവിച്ച പ്രതിക്ക് ചെമ്മങ്ങാട്, പന്നിയങ്കര പൊലീസ് സ്റ്റേഷനുകളിൽ സമാനമായ മോഷണ കേസുകള്‍ നിലവിലുണ്ട്. മോഷണം നടത്തി കിട്ടുന്ന പണം ആർഭാടമായി ജീവിക്കുന്നതിന് വേണ്ടിയാണ് ഇയാൾ ഉപയോഗിച്ചിരുന്നതെന്ന് പൊലീസ് പറഞ്ഞു.
മോഷണത്തിന് ശേഷം പാലക്കാട് ഭാഗത്തേക്ക് കെ എസ് ആർ ടി സി ബസ്സിൽ രക്ഷപ്പെടാൻ ശ്രമിച്ച പ്രതിയെ കെ എസ് ആർ ടി സി ബസ്സ് സ്റ്റാന്‍റിൽ വെച്ചാണ് പൊലീസ് അറസ്റ്റ് ചെയ്തത്. സബ് ഇൻസ്പെക്ടറായ കിരൺ ശശിധർ, സീനിയർ സിവിൽ പൊലീസ് ഓഫീസർമാരായ ശ്രീകാന്ത് എം വി, ഹരീഷ് കുമാർ സി, പ്രദീപ് കുമാർ എം, ലെനീഷ് പി എം എന്നിവരാണ് പ്രതിയെ പിടികൂടിയ പൊലീസ് സംഘത്തിലുണ്ടായിരുന്നത്.