കോഴിക്കോട് ജില്ലാ പഞ്ചായത്തിന്റെ സോളാർ പദ്ധതിക്ക് സംസ്ഥാന അംഗീകാരം കരസ്ഥമാക്കിയത് സംസ്ഥാന റിന്യൂവബിൾ എനർജി അവാർഡ്
കോഴിക്കോട് ജില്ലാ പഞ്ചായത്തിന്റെ റൂഫ് ടോപ്പ് സോളാർ പവർ പദ്ധതിക്ക് സംസ്ഥാന സർക്കാരിന്റെ അംഗീകാരം. 2019-2020, 2020-21 വർഷത്തേക്കുളള കേരളാ സ്റ്റേറ്റ് റിന്യൂവബിൾ എനർജി കമൻഡേഷൻ സർട്ടിഫിക്കറ്റിനാണ് ജില്ലാപഞ്ചായത്തിന്റെ സോളാർ പദ്ധതി അർഹമായത്. അനർട്ട് നൽകുന്ന പ്രശംസാപത്രം വൈദ്യുതി വകുപ്പ് മന്ത്രി കെ.കൃഷ്ണൻകുട്ടിയിൽ നിന്ന് ജില്ലാ പഞ്ചായത്ത് പ്രസിഡന്റ് ഷീജ ശശി, വൈസ് പ്രസിഡന്റ് എം.പി.ശിവാനന്ദൻ, പൊതുമരാമത്ത് സ്റ്റാന്റിംഗ് കമ്മിറ്റി ചെയർപേഴ്സൺ കെ.വി.റീന, ഫിനാൻസ് ഓഫീസർ എം.ടി.പ്രേമൻ എന്നിവർ ചേർന്ന് ഏറ്റുവാങ്ങി.
ജില്ലാ പഞ്ചായത്തിന് കീഴിലുളള സ്കൂളുകളിൽ ഊർജ്ജ ഉത്പ്പാദനത്തിനായി റൂഫ് ടോപ്പ് സോളാർ പവർ പ്ലാന്റുകൾ സ്ഥപിച്ച പദ്ധതിക്കാണ് തദ്ദേശ സ്വയം ഭരണ വിഭാഗത്തിൽ ജില്ലാ പഞ്ചായത്തിന് പ്രശംസാപത്രവും ഷീൽഡും ലഭിച്ചത്. സൗരോർജ്ജ സാധ്യതകൾ ഉപയോഗിച്ച് വൈദ്യുതി ഉത്പ്പാദനവും വിതരണവും നടത്തിയതിനാണ് ഈ നേട്ടം.
ജില്ലയിലെ 44 സ്കൂളുകളിൽ സൗരോർജ്ജ പാനലുകൾ സ്ഥാപിച്ച് പ്രവർത്തിപ്പിച്ചതു വഴി വൈദ്യുതി മിച്ചം വരികയും വൈദ്യുതി ബില്ലിൽ ഗണ്യമായ കുറവു വരുത്തുന്നതിനും കഴിഞ്ഞു. കൂടാതെ മിച്ചം വന്ന വൈദ്യുതി കെ.എസ്.ഇ.ബിക്ക് തന്നെ തിരിച്ചു നൽകി സാമ്പത്തിക നേട്ടം കൈവരിക്കുന്നതിനും ജില്ലാ പഞ്ചായത്തിന് കഴിഞ്ഞു. ജില്ലാ പഞ്ചായത്തിന് വിട്ടുകിട്ടിയ സ്ഥാപനങ്ങളിലേക്കും പദ്ധതി വിപുലീകരിക്കുന്നതിന് നടപടിയായിട്ടുണ്ട്.