കോഴിക്കോട് ട്രെയിൻ യാത്രക്കാരിയായ പതിനാറുകാരിയെ പ്രലോഭിപ്പിച്ച് വിവാഹ വാഗ്ദാനം നൽകി മുറിയിലെത്തിച്ച് പീഡിപ്പിച്ച നാലുപേർ അറസ്റ്റിൽ
കോഴിക്കോട്: ട്രെയിൻ യാത്രക്കാരിയായ പതിനാറുകാരിയെ പ്രലോഭിപ്പിച്ച് വിവാഹ വാഗ്ദാനം നൽകി മുറിയിലെത്തിച്ച് പീഡിപ്പിച്ച നാലുപേർ അറസ്റ്റിൽ. ഉത്തർപ്രദേശ് സ്വദേശിനിയായ പെൺകുട്ടിയാണ് പീഡനത്തിനിരയായത്.
ഇകറാർ ആലം (18), അജാജ് (25) എന്നിവരും ഇവർക്ക് മുറിയെടുക്കാൻ സഹായിച്ച ബന്ധുവായ ഷക്കീൽ ഷാ (42), ഇർഷാദ് (23) എന്നിവരുമാണ് അറസ്റ്റിലായത്.
വാരാണസിയിലെ വീട്ടിൽനിന്ന് ചെന്നൈയിലെ ബന്ധുവീട്ടിലേക്ക് യുവതി ട്രെയിനിൽ പോകവെ ഉത്തരേന്ത്യക്കാരായ യുവാക്കൾ ഒപ്പംകൂടുകയായിരുന്നു. പ്രലോഭിപ്പിച്ച് വിവാഹ വാഗ്ദാനമടക്കം നൽകിയതോടെ കുട്ടി ഇവർക്കൊപ്പം ട്രെയിനിൽ പാലക്കാട്ടെത്തി.
തുടർന്ന് അവിടെനിന്ന് ബസിൽ കോഴിക്കോട്ടെത്തിക്കുകയായിരുന്നു. പാളയത്ത് പ്രതികളിലൊരാൾക്ക് പരിചയമുള്ളയാളുടെ മുറിയിലെത്തിച്ചാണ് പീഡിപ്പിച്ചത്. തുടർന്ന് യുവതിയെ വെള്ളിയാഴ്ച പകൽ കോഴിക്കോട് റെയിൽവേ സ്റ്റേഷനിൽ ഉപേക്ഷിച്ച് സംഘം കടന്നുകളഞ്ഞു.
യുവതിയെ കണ്ട് സംശയം തോന്നിയ റെയിൽവേ സംരക്ഷണ സേന (ആർ.പി.എഫ്) വിവരങ്ങൾ തിരക്കിയപ്പോഴാണ് പീഡന വിവരം ഇവർ വെളിപ്പെടുത്തിയത്. പൊലീസ് അന്വേഷണത്തിലാണ് നാലുപേരെ കസ്റ്റഡിയിലെടുത്തതും അറസ്റ്റ് രേഖപ്പെടുത്തിയതും.