ജില്ലയിലെ പകുതി തദ്ദേശ സ്വയംഭരണ സ്ഥാപനങ്ങള്‍ ശുചിത്വ പദവിയിലേക്ക്

ജില്ലയിലെ അമ്പത് ശതമാനം തദ്ദേശ സ്വയംഭരണ സ്ഥാപനങ്ങള്‍ ആഗസ്റ്റ് മാസത്തില്‍ ശുചിത്വ പദവി പ്രഖ്യാപനം നടത്തുമെന്ന് ഹരിത കേരളം ജില്ലാ കോര്‍ഡിനേറ്റര്‍ അറിയിച്ചു. പതിനൊന്ന് മാനദണ്ഡങ്ങളെ അടിസ്ഥാനമാക്കി 60 ശതമാനം  കൂടുതല്‍ മാര്‍ക്ക് ലഭിക്കുന്ന തദ്ദേശ സ്വയംഭരണ സ്ഥാപനങ്ങളാണ് ശുചിത്വ പദവി പ്രഖ്യാപിക്കുന്നത്. സംസ്ഥാന സര്‍ക്കാറിന്റെ 12 ഇന കര്‍മ്മ പദ്ധതിയിലെ പ്രധാന ലക്ഷ്യമാണ് കേരളത്തിലെ 500 ഗ്രാമപഞ്ചായത്തുകളും 50 നഗരസഭകളും 2020 ആഗസ്റ്റില്‍ ശുചിത്വ പദവി പ്രഖ്യാപനം നടത്തുകയെന്നത്.
കാര്യക്ഷമമായി പ്രവര്‍ത്തിക്കുന്ന എം.സി.എഫ്, എം.സി.എഫില്‍ നിന്ന് പാഴ്വസ്തുക്കള്‍ എം.ആര്‍.എഫിലേക്കോ, മറ്റ് ഏജന്‍സിക്കോ കൈമാറുക, കാര്യക്ഷമമായി പ്രവര്‍ത്തിക്കുന്ന ഹരിതകര്‍മ്മ സേന, വീടുകളിലും സ്ഥാപനങ്ങളിലും ജൈവമാലിന്യ സംസ്‌കരണ ഉപാധികള്‍, പൊതുമാലിന്യ സംസ്‌ക്കരണ സംവിധാനങ്ങള്‍, മാലിന്യ മുക്തമായ പൊതു ഇടങ്ങള്‍, ചടങ്ങുകളില്‍ ഗ്രീന്‍ പ്രോട്ടോക്കോള്‍, പ്ലാസ്റ്റിക് നിരോധനം ഫലപ്രദമായി നടപ്പിലാക്കിയിരിക്കുക, ഖര ദ്രവമാലിന്യ സംസ്‌ക്കരണ നിയമം നടപ്പിലാക്കിയിരിക്കുക, ഉപയോഗത്തിനായി പൊതു ടോയ്‌ലറ്റുകള്‍ എന്നിവയാണ് മാനദണ്ഡങ്ങള്‍. ഇതു പ്രകാരം ഏറാമല ഗ്രാമ പഞ്ചായത്ത് ആഗസ്റ്റ് 11ന് ശുചിത്വ പദവി പ്രഖ്യാപനം നടത്തി. ആഗസ്റ്റ് 14ന് കൊയിലാണ്ടി നഗരസഭയും ഉള്ളിയേരി ഗ്രാമപഞ്ചായത്തും, ആഗസ്റ്റ് 15ന് കോഴിക്കോട് കോര്‍പ്പറേഷനും ചോറോട്, കുന്നുമ്മല്‍, മരുതോങ്കര, കടലുണ്ടി, നടുവണ്ണൂര്‍, ബാലുശ്ശേരി, ഗ്രാമപഞ്ചായത്തുകളും  ശുചിത്വ പദവി പ്രഖ്യാപനം നടത്തും. വടകര, മുക്കം നഗരസഭകളും 20 ഗ്രാമപഞ്ചായത്തുകളും ആഗസ്ത് 16നും 30നും ഇടയിലുള്ള തിയ്യതികളില്‍ ശുചിത്വ പദവി പ്രഖ്യാപനം നടത്തുമെന്നും ജില്ലാ കോര്‍ഡിനേറ്റര്‍ അറിയിച്ചു.
Comments

COMMENTS

error: Content is protected !!