DISTRICT NEWS

കോഴിക്കോട് നഗരപരിധിയിലെ വീട്ടിൽനിന്ന് സ്വർണവും പണവും കവർന്നു

കോഴിക്കോട്: നഗരപരിധിയിലെ വീട്ടിൽനിന്ന് സ്വർണവും പണവും കവർന്ന കേസിൽ അന്വേഷണം ഊർജിതം. വീടിന്‍റെ വാതിൽ പൊളിക്കാനുപയോഗിച്ച പിക്കാസ് പൊലീസ് കണ്ടെത്തി. ചാർട്ടേഡ് അക്കൗണ്ടന്‍റ് ചാലപ്പുറം ശ്രീരാമ മഠത്തിൽ വേണുഗോപാലൻ നമ്പൂതിരിയുടെ വീട്ടിലാണ് ശനിയാഴ്ച രാത്രി കവർച്ച നടന്നത്. വീട്ടിലെ അലമാരയിൽ സൂക്ഷിച്ച 12 പവൻ സ്വർണാഭരണവും ഒന്നര ലക്ഷം രൂപയുമാണ് കവർന്നത്.

ശനിയാഴ്ച രാത്രി ഒമ്പതുവരെ ഈ വീട്ടിൽ ആളുണ്ടായിരുന്നു. തുടർന്ന് വീട് പൂട്ടി തളിയിലെ വീട്ടിലേക്ക് ഉടമസ്ഥൻ പോയശേഷമാണ് കവർച്ച നടന്നത്. വീടിന്‍റെ മുൻവശത്തെ വാതിൽ പിക്കാസ് ഉപയോഗിച്ച് കുത്തിപ്പൊളിച്ചാണ് മോഷ്ടാവ് അകത്തുകടന്നത്. ഈ പിക്കാസാണ് പൊലീസ് സ്ഥലത്തുനിന്ന് കണ്ടെടുത്തത്. വീടിന്‍റെ ഉൾവശത്തെ മറ്റു വാതിലുകൾ പൂട്ടിയിരുന്നില്ല. സമീപത്തുതന്നെ വെച്ചിരുന്ന താക്കോൽ ഉപയോഗിച്ച് തുറന്നാണ് അലമാരയിൽ സൂക്ഷിച്ച പണവും സ്വർണവും മോഷ്ടാവ് കൈക്കലാക്കിയത്.

മറ്റൊരാൾ ആദായനികുതി അടക്കാൻ തന്ന പണമാണ് നഷ്ടമായതെന്ന് വേണുഗോപാലൻ നമ്പൂതിരി പറഞ്ഞു. രണ്ട് മാലയും മൂന്ന് മോതിരവുമടക്കമാണ് നഷ്ടപ്പെട്ടത്. മാലയിലെ രുദ്രാക്ഷവും കല്ലുകളും മോഷ്ടാവ് ഇവിടെ തന്നെ വെച്ചിട്ടുണ്ട്. വീടിന്‍റെ സമീപത്തൊന്നും സി.സി.ടി.വി കാമറകളില്ല. കസബ പൊലീസാണ് കേസെടുത്തത്. ഡോഗ് സ്ക്വാഡ്, വിരലടയാള വിദഗ്ധൻ പി. ശ്രീരാജ് എന്നിവർ സ്ഥലത്തെത്തി തെളിവുകൾ ശേഖരിച്ചു. മണംപിടിച്ച നായ് തൊട്ടടുത്തുള്ള അടച്ചിട്ട വീട്ടിലേക്കാണ് ഓടിക്കയറിയത്. ഈ പ്രദേശം നന്നായി അറിയാവുന്നയാളാണ് കവർച്ചക്ക് പിന്നിലെന്നാണ് പൊലീസ് സംശയിക്കുന്നത്.

Comments

Related Articles

Leave a Reply

Your email address will not be published. Required fields are marked *

Back to top button